X
    Categories: indiaNews

മുന്നറിയിപ്പ് ഫലം കണ്ടു; തട്ടിയെടുത്ത ചരക്കുകപ്പൽ ഉപേക്ഷിച്ച് കടൽകൊള്ളക്കാർ, എല്ലാ ജീവനക്കാരും സുരക്ഷിതര്‍

അറബിക്കടലില്‍ സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ‘എംവി ലില നോര്‍ഫോള്‍ക്’ എന്ന ചരക്കുകപ്പല്‍ മോചിപ്പിച്ച് ഇന്ത്യന്‍ നാവികസേന. കപ്പലില്‍ കടന്ന ഇന്ത്യന്‍ കമാന്‍ഡോകള്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചുപോയി. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള 21 ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈയില്‍ ആണ് കമാന്‍ഡോകള്‍ തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. വൈകിട്ട് 3.30ഓടെ കപ്പല്‍ തടഞ്ഞ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി.

കപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേനാ കമാന്‍ഡോകള്‍ കപ്പിനുള്ളില്‍ കടന്നിരുന്നു. ഇന്ത്യന്‍ നാവികസേനയുടെ എലൈറ്റ് കമാന്‍ഡോകളായ ‘മാര്‍കോസ്’ ആണ് ഓപ്പറേഷന്‍ നടത്തിയത്. കപ്പലിന്റെ മുകളിലെ ഡെക്കില്‍ പരിശോധന പൂര്‍ത്തിയാക്കിയ മറീന്‍ കമാന്‍ഡോകള്‍ രണ്ടാമത്തെ ഡെക്കില്‍ കടന്നതായി നാവികസേന സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കപ്പല്‍ മോചിപ്പിച്ചതായി അറിയിപ്പ് വന്നത്. നാവികസേനാ ആസ്ഥാനത്തുനിന്നാണ് നടപടികള്‍ ഏകോപിപ്പിച്ചത്.

യുദ്ധക്കപ്പലില്‍നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്ററിലൂടെ, തട്ടിയെടുത്ത കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഇന്ത്യന്‍ നാവികസേന മുന്നറിയിപ്പു നല്‍കിയിരുന്നു. ഇന്ത്യന്‍ കമാന്‍ഡോകള്‍ നിലപാടു കടുപ്പിച്ചതോടെ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.

സൊമാലിയന്‍ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയന്‍ കപ്പലാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയ കപ്പലിനായി തിരച്ചില്‍ തുടങ്ങിയതായി ഇന്ത്യന്‍ നാവികസേന അറിയിച്ചിരുന്നു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു. ലൈബീരിയന്‍ പതാക ഘടിപ്പിച്ച ‘എംവി ലില നോര്‍ഫോള്‍ക്ക്’ എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

webdesk14: