കളളനെ പിടിക്കാന്‍ സാധിക്കില്ലെന്നും അയാള്‍ പോയി കാണുമെന്നും റിജോ പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ ജിജി ജോണ്‍സണ്‍. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദിവസം റിജോയുടെ വീട്ടില്‍ കുടുംബ സമ്മേളനം നടത്തിയിരുന്നതായും അവര്‍ പറഞ്ഞു. ഈ സമയം ബാങ്ക് കൊളളയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും കളളനെ പിടിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് പ്രതി പറഞ്ഞതായും ജിജി പറഞ്ഞു.
ചാലക്കുടിയിലെ ബാങ്കില്‍ കവര്‍ച്ച നടത്തി പണം മോഷ്ടിച്ച റിജോയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികം റിജോയ്ക്ക് കടമുണ്ടായിരുന്നു. കവര്‍ച്ചയ്ക്കു പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തിരുന്നു.
ബാക്കി പണം സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നു. കുവൈറ്റിലെ നഴ്‌സായ ഭാര്യ അവധിക്ക് നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് കവര്‍ച്ച നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
അതേസമയം പ്രതി രണ്ടാം ശ്രമത്തിലാണ് ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. നേരത്തെ പ്രതി ആദ്യ ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് ജീപ്പ് കണ്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവര്‍ച്ചയ്ക്കു ശേഷം പ്രതി വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയിരുന്നു. വാഹനത്തിന് ചെറിയ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പ്രതി മാറ്റാതിരുന്ന ഷൂവാണ് പൊലീസിന് പ്രതിയിലേക്കെത്താനുള്ള വഴിത്തിരിവായത്. പ്രതി സംഭവസമയം ഫോണ്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.
പ്രതി കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു. പ്രതി കടം വാങ്ങിയ ആള്‍ക്ക് നല്‍കിയ പണം അയാള്‍ പൊലീസിന് കൈമാറി.