തിരുവനന്തപുരം: സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഉടലെടുത്ത പോര് മൂര്‍ദ്ധന്യാവസ്ഥയിലായിരിക്കെ അസാധാരണമെന്നും അനാരോഗ്യകരമെന്നും വിലയിരുത്തി ഭരണഘടനാ വിദഗ്ധരും രാഷ്ട്രീയ നിരീക്ഷകരും. ഭരണഘടനാ പദവി എന്ന നിലയില്‍ സര്‍ക്കാരിനെ തിരുത്താന്‍ ഗവര്‍ണറും നിയമനിര്‍മാണ അധികാരം ഉപയോഗിച്ച് ഗവര്‍ണറെ തളയ്ക്കാന്‍ സര്‍ക്കാരും ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്.
നിയമസഭ പാസാക്കിയ ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകള്‍ അനുമതി കാത്ത് ഗവര്‍ണര്‍ക്ക് മുന്നിലിരിക്കുന്നതാണ് സര്‍ക്കാരിന്, പ്രത്യേകിച്ച് സി.പി.എമ്മിന് തലവേദന സൃഷ്ടിക്കുന്നത്. ലോകായുക്തയുടെ അധികാരം ഇല്ലാതാക്കാനുള്ള ബില്ലാണ് സഭ പാസാക്കിയത്. ഗവര്‍ണര്‍ ഇതില്‍ ഒപ്പുവെക്കില്ലെന്ന് ഉറപ്പായതോടെയാണ് ആരിഫ് മുഹമ്മദ് ഖാനുമായി തുറന്ന യുദ്ധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറെടുത്തത്.
ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് വാദം പൂര്‍ത്തിയായി, ലോകായുക്ത വിധി പറയാനിരിക്കെയായിരുന്നു നിയമഭേദഗതിയിലൂടെ ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കാനുള്ള ബില്ല് സഭയില്‍ അവതരിപ്പിച്ച് പാസാക്കിയത്. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതുവരെ പുതിയ നിയമം പ്രാബല്യത്തില്‍ വരില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കും സര്‍ക്കാരിനും തിരിച്ചയായാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. എന്നാല്‍ താന്‍ ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയാറല്ലെന്ന സൂചന നല്‍കി ഗവര്‍ണറും അങ്കത്തട്ടിലുണ്ട്. ഇന്ന് ഗവര്‍ണര്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി തനിക്കയച്ച കത്ത് പുറത്തുവിടുമെന്നാണ് ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. കത്തില്‍ എന്താണെന്ന് വ്യക്തമല്ലെങ്കിലും അനധികൃതമായ ആനുകൂല്യത്തിന് ശുപാര്‍ശ ചെയ്യുന്നതാണെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനം അടക്കം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം രംഗത്തുവരും. പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവര്‍ഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ടുപോലും മുഖ്യമന്ത്രിയെ സംശയമുനയില്‍ നിര്‍ത്തുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രി സ്വന്തം താല്‍പര്യങ്ങളോ, സി.പി.എം നേതാക്കളുടെ താല്‍പര്യങ്ങളോ സംരക്ഷിക്കാന്‍ ഗവര്‍ണറെ സമീപിച്ചുവെങ്കില്‍ അത് ഗുരുതരമായ രാഷ്ട്രീയവിവാദമായും മാറും. കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടെന്ന് ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ എന്റെ നാടാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നത്രേ പിണറായി ഗവര്‍ണറെ സമീപിച്ചത്.