X

വഖഫ് ഭൂമിക്ക് പകരം സ്ഥലം നല്‍കിയില്ല

കാസര്‍കോട്: ചട്ടഞ്ചാലിലെ ടാറ്റാ കോവിഡ് ആശുപത്രിക്ക് വിട്ടുകൊടുത്ത വഖഫ് ഭൂമിക്ക് പകരം നല്‍കുന്ന കാര്യത്തില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കമ്മിറ്റി (എംഐസി)യെ വീണ്ടും കബളിപ്പിച്ച് സര്‍ക്കാര്‍. പകരം ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്ന് വഖഫ് മന്ത്രി വി അബ്ദുറഹ്മാന്‍ പറഞ്ഞെങ്കിലും തീരുമാനമായില്ല. നിയമസഭയില്‍ കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന്റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി നല്‍കിയത്.

വഖഫ് ഭൂമി കൈമാറിയതിനു പിറ്റേന്നു തന്നെ, പകരം ഭൂമി നല്‍കാമെന്ന് കരാറുണ്ടാക്കി രണ്ടു വര്‍ഷമാവാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മന്ത്രിയുടെ നിലപാട്. വഖഫ് ഭൂമിയോട് ചേര്‍ന്നുള്ള റവന്യൂ ഭൂമി കാണിച്ചുതന്ന് ഇതു നിങ്ങള്‍ക്കുള്ളതാണെന്ന് അന്നത്തെ കലക്റ്റര്‍, തഹസില്‍ദാര്‍ തുടങ്ങിയ അധികൃതര്‍ നല്‍കിയ ഉറപ്പാണ് എങ്ങുമെത്താതെയായത്.

പൊതു ആവശ്യമെന്ന പേരില്‍ വഖഫ് ഭൂമി സ്വന്തമാക്കി രണ്ടു വര്‍ഷത്തോളമായിട്ടും പകരം ഭൂമിയുടെ കാര്യത്തില്‍ ഒരു തീരുമാനവുമെടുക്കാന്‍ സര്‍ക്കാറിനായില്ല. കരാര്‍ വ്യവസ്ഥ ലംഘിച്ചതിന് വഖഫ് ഭൂമി തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. തെക്കില്‍ വില്ലേജിലെ സര്‍വേ 276/1 എ, 277/1 എ എന്നീ നമ്പറുകളിലെ 4.12 ഏക്കര്‍ ഭൂമിയാണ് കോവിഡ് ആശുപത്രി നിര്‍മിക്കുന്നതിനായി ടാറ്റക്ക് വിട്ടു കൊടുത്തത്.
കേരള ലാന്‍ഡ് അസസ്‌മെന്റ് റൂള്‍സ് 24 പ്രകാരം പകരം ഭൂമി നല്‍കാമെന്ന കരാറിലാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കീഴിലെ ചട്ടഞ്ചാല്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഉടമസ്ഥതയിലുള്ള ഭൂമി നല്‍കിയത്. പകരം തെക്കില്‍ വില്ലേജിലെ 267/2 ബി, 1 ബി, 266/1, 276/1 എ,277/ 1 എന്നീ നമ്പറുകളിലായി സ്ഥിതി ചെയ്യുന്ന അത്രയും ഭൂമി നല്‍കുമെന്നാണ് അന്നത്തെ ജില്ലാ കലക്റ്റര്‍ ഡി.സജിത്ത് ബാബുവും മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡന്റ് കൂടിയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായുണ്ടാക്കിയ കരാര്‍.

വഖഫ് നിയമപ്രകാരം വഖഫ് സ്വത്തുക്കള്‍ വില്‍ക്കാനോ കൈമാറാനോ ദാനം ചെയ്യാനോ പണയപ്പെടുത്താനോ പാടില്ല. എന്നാല്‍ പൊതു ആവശ്യത്തിന് പകരം നല്‍കാമെന്ന വ്യവസ്ഥയില്‍ വഖഫ് ഭൂമി സര്‍ക്കാറിന് ഏറ്റെടുക്കാം. ഇത് വഖഫ് ബോര്‍ഡുമായി ആലോചിച്ച് വേണമെന്നാണ് നിയമം. ഈയൊരു ചട്ടത്തില്‍ പിടിച്ചാണ് അന്നത്തെ കലക്റ്റര്‍ എംഐസിയുടെ വഖഫ് ഭൂമി ടാറ്റക്ക് വേണ്ടി സ്വന്തമാക്കിയത്.

Test User: