വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെണ്‍കുട്ടികളുടെ അമ്മ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഇത് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കാനിരിക്കെയാണ് സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. ഹരജി പരിഗണിക്കുന്നതിന് മുമ്പ് സിബിഐ റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
അന്വേഷണത്തില്‍ കോടതിയുടെ മേല്‍നോട്ടം വേണമെന്നും കുട്ടികളുടെ അമ്മ ആവശ്യപ്പെടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെണ്‍കുട്ടികളുടെ മരണത്തില്‍ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്നുമാണ് പെണ്‍കുട്ടികളുടെ അമ്മയുടെ ആവശ്യം.
2017 ജനുവരി 13നാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ വാളയാര്‍ അട്ടപ്പള്ളത്തെ ഷെഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഒന്‍പത് വയസ്സുള്ള സഹോദരിയേയും സമാന നിലയില്‍ കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 10ന് കേസ് പരിഗണിച്ച കോടതി തുടരന്വേഷണത്തിന് സിബിഐയോട് നിര്‍ദ്ദേശിക്കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ നിഗമനം ശരിവെയ്ക്കുന്ന രീതിയില്‍ ആത്മഹത്യയാണെന്നായിരുന്നു സിബിഐയുടേയും കുറ്റപത്രം.