കോഴിക്കോട്: എല്‍.എസ്.എസ്-യു.എസ്.എസ് നോട്ടിഫിക്കേഷനുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പ് തുടരുന്നു. സാധാരണ ഡിസംബര്‍ മാസത്തിലാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാറുളളത്. തൊട്ടടുത്ത ഫെബ്രുവരിയിലോ മാര്‍ച്ചിലോ പരീക്ഷകളും നടത്തും.
കോവിഡ് കാരണം 2020-21ലെ പരീക്ഷ 2021 ഏപ്രില്‍ മാസം നടത്താന്‍ തീരുമാനിച്ചിരുന്നത് പിന്നീട് നീട്ടിവെച്ചിരുന്നു. പിന്നീട് 2021 ഡിസംബര്‍ മാസത്തിലാണ് പരീക്ഷ നടത്തിയത്. അപ്പോഴും ഇതിന്റെ നോട്ടിഫിക്കേഷന്‍ 2020 ഡിസംബര്‍ മാസം തന്നെ പുറപ്പെടുവിച്ചിരുന്നതാണ്.
കോവിഡ് ആണ് പരീക്ഷ സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമെന്നായിരുന്നു വിദ്യാഭ്യാസ വകുപ്പ് പൊതുവായി പറഞ്ഞിരുന്നത്. എന്നാല്‍ കോവിഡ് സാഹചര്യം മാറിയിട്ടും എന്ത് കൊണ്ടാണ് അകാരണമായ വൈകല്‍ എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്. പരീക്ഷാഭവന്റെ സൈറ്റിലൂടെയാണ് സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ എല്‍.പി സ്‌കൂളിലെ നാലാം ക്ലാസുകാര്‍ അടുത്തുള്ള യു.പി സ്‌കൂളിലേക്ക് ടിസി വാങ്ങി പോകും.
അതുപോലെ യു.എസ്. എസ് എഴുതേണ്ട ഏഴാം ക്ലാസുകാര്‍ ഹൈസ്‌കൂളിലേക്കും ടിസി വാങ്ങും. അതോടെ സൈറ്റില്‍ നിന്ന് എല്‍.എസ്.എസ്/യു.എസ്. എസ് പോര്‍ട്ടലിലേക്കുള്ള വിവരക്കൈമാറ്റ ലിങ്ക് നഷ്ടപ്പെടും. അങ്ങനെ സ്‌കൂളില്‍ നിന്ന് കുട്ടികളുടെ അപേക്ഷ അയക്കല്‍ നടക്കാതെ വരും. എന്നാല്‍ ഇതിന്റെ ഗൗരവം ഒന്നുമുള്‍കൊളളാതെ നോട്ടിഫിക്കേഷന്‍ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ എന്നാണ് പരാതി ഉയരുന്നത്.