കണ്ണൂര്‍: ഇസ്രാഈലില്‍ കാണാതായ കണ്ണൂര്‍ ഇരിട്ടി സ്വദേശി കര്‍ഷകന്‍ ബിജു കുര്യന്റെ വിസ റദ്ദാക്കണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെടും. ഇതിനായി ഇസ്രാഈലിലെ ഇന്ത്യന്‍ എംബസിക്ക് അടുത്ത ദിവസം കത്ത് നല്‍കും. വിസ റദ്ദാക്കി കര്‍ഷകനെ നാട്ടിലേക്ക് തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ടായിരിക്കും കത്ത് സമര്‍പ്പിക്കുക.
അത്യാധുനിക കൃഷിരീതിയെ കുറിച്ചുള്ള പഠനത്തിനായാണ് കേരളത്തില്‍ നിന്ന് കര്‍ഷക സംഘത്തോടൊപ്പം ബിജു ഇസ്രാഈലിലെത്തിയത്. എന്നാല്‍ കഴിഞ്ഞ 17ന് രാത്രിയിലാണ് ഇയാളെ കാണാതായത്. പിന്നീട് പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതോടെ അധികൃതര്‍ ഇന്ത്യന്‍ എംബസിയെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബിജു ഒഴികെയുള്ള കര്‍ഷക സംഘം കഴിഞ്ഞ ദിവസമാണ് നാട്ടില്‍ തിരിച്ചെത്തിയത്.
പഠനയാത്രയുടെ തുടക്കത്തില്‍ തന്നെ ബിജു സംഘത്തിലെ മറ്റ് അംഗങ്ങളോട് അകലം പാലിച്ചിരുന്നുവത്രേ. വളരെ ആസൂത്രിതമായാണ് ബിജു മുങ്ങിയതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കഴിഞ്ഞ ഡിസംബര്‍ 20നാണ് പായം കൃഷിഭവനില്‍ ബിജുവിന്റെ അപേക്ഷ ഓണ്‍ലൈനായി ലഭിച്ചത്. പായം കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലപരിശോധന നടത്തിയാണ് ബിജുവിനെ തിരഞ്ഞെടുത്തത്. ആധുനിക കൃഷി രീതികള്‍ നേരിട്ട് കണ്ട് പഠിക്കാന്‍ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി അശോകിന്റെ നേതൃത്വത്തില്‍ 27 കര്‍ഷകരാണ് 12 ന് ഇസ്രാഈലിലേക്ക് പോയത്.
തിരച്ചിലിനിടെ ബിജു കുര്യന്‍ വീട്ടിലേക്ക് വിളിച്ച് താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ബിജു കുര്യനില്ലാതെ കര്‍ഷക സംഘം മടങ്ങിയത്.ഇസ്രാഈലിലേക്കുള്ള എയര്‍ ടിക്കറ്റിനുള്ള പണം ബിജു കുര്യന്‍ നല്‍കിയിരുന്നെങ്കിലും വിസ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമുള്ളതാണ്. ഇതിന് മേയ് 8 വരെ കാലാവധിയുണ്ട്.