X

ഇരകള്‍ എപ്പോഴും മുസ്‌ലിം പെണ്‍കുട്ടികള്‍- ഡോ. രാംപുനിയാനി

ഡോ. രാംപുനിയാനി

ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ അസ്വസ്ഥമാക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറിയില്‍ പ്രവേശനം നിഷേധിക്കുന്നതായി മുസ്‌ലിം പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. ഹിജാബ് ധരിച്ച പെണ്‍കുട്ടികളുടെ മുന്നില്‍ സ്ഥാപനത്തിന്റെ ഗേറ്റുകള്‍ അടച്ചിടുന്നതും കണ്ടു. കൂടാതെ, കാവി തലപ്പാവും ഷാളും ധരിച്ച അക്രമിസംഘം ഏകാകിയായ പെണ്‍കുട്ടി മുസ്‌കാനെ തടയുകയും ‘ജയ് ശ്രീറാം’ എന്ന് ആക്രോശിക്കുകയും ചെയ്യുന്ന നിന്ദ്യമായ പ്രവൃത്തിയും കണ്ടു. മുസ്‌ലിം പെണ്‍കുട്ടികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയും, ഇടക്കാല ഉത്തരവില്‍ കോടതി കാവി ഷാളും ഹിജാബും തടയുകയും ചെയ്തിരിക്കുകയാണ്.

സംഭവത്തില്‍ പ്രതികരിച്ച്, പല സ്ത്രീ അവകാശ ഗ്രൂപ്പുകളും മറ്റു ഗ്രൂപ്പുകളും പെണ്‍കുട്ടികളുടെ ഹിജാബ് ധരിക്കാനുള്ള അവകാശം ഉയര്‍ത്തിപ്പിടിക്കുകയും വലതുപക്ഷത്തിന്റെ പ്രവൃത്തികളെ കഠിനമായി അപലപിക്കുകയും ചെയ്തു. ഹിജാബ് ധരിച്ച മുസ്‌ലിം പെണ്‍കുട്ടികളെ പിന്തുണച്ച് പ്രതിഷേധം ശക്തമാണ്. ഇത് വര്‍ഗീയ അന്തരീക്ഷം വീണ്ടും ഉണര്‍ത്തുകയും വിഘടന ശക്തികള്‍ക്ക് പിടിവള്ളി കൊടുക്കുകയും ചെയ്യുന്നതാണ്. ഹിജാബ് ധരിക്കുന്ന പെണ്‍കുട്ടികള്‍/സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ കമന്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

ഒരു വശത്ത്, ആക്രമണാത്മക വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് പിന്നിലെ ശക്തികള്‍ അവരുടെ അജണ്ടക്ക് ഉത്തേജനം ലഭിക്കുന്നതിനാല്‍ സന്തോഷിക്കുകയാണ്. മുസ്‌ലിം സമുദായത്തെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് എത്രത്തോളം പോകാനാകുമെന്ന് ഇത് കാണിക്കുന്നു. ഒരു തരത്തില്‍ സുള്ളി ഡീല്‍സ്, ബുള്ളി ബായ് തുടങ്ങിയ ഫ്‌ളോട്ടഡ് ആപ്പുകളും ധരം സന്‍സദുകളുടെ വാക്കുകളെ നിശബ്ദമായി പിന്തുണക്കുന്നവരും ഈ ധ്രുവീകരണ പ്രക്രിയക്ക് ഉത്തേജനം ലഭിക്കുന്നതിനാല്‍ നന്നായി ചിരിക്കുന്നുണ്ടാകണം. ധരം സന്‍സദില്‍ദ് പറഞ്ഞതിനെ അംഗീകരിക്കുന്നില്ലെന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വെറും കണ്ണടയ്ക്കലാണ്. മേഖലയിലെ സമാധാനം തകര്‍ക്കാന്‍ മുസ്‌കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നും രാഷ്ട്രീയ മുസ്‌ലിം മഞ്ചിനെ നയിക്കുന്ന ആര്‍.എസ്.എസിലെ ഇന്ദ്രേഷ് കുമാര്‍ വിമര്‍ശിച്ചു.

പൊതുസ്ഥലത്തെ നമസ്‌കാരത്തെ എതിര്‍ക്കുന്ന അന്തരീക്ഷവും നാം കണ്ടതാണ്. വംശഹത്യയുടെ കാര്യത്തില്‍ 10 ല്‍ ഇന്ത്യ എട്ടാം സ്ഥാനത്താണെന്ന് വംശഹത്യ വിദഗ്ധന്‍ ഗ്രിഗറി സ്റ്റാന്റണ്‍ മുന്നറിയിപ്പ് നല്‍കുന്ന തരത്തിലേക്ക് ഭീതിജനകമായ അന്തരീക്ഷം നീങ്ങുന്നു. ഇത് പ്രത്യേകിച്ചും വടക്കുകിഴക്കന്‍ മേഖലയില്‍ സി.എ.എ, എന്‍.ആര്‍.സി നിയമനിര്‍മ്മാണം നടപ്പാക്കാന്‍ ശക്തമായ നീക്കത്തിനു ശേഷം, മുസ്‌ലിംകളുടെ അവകാശം നിഷേധിക്കപ്പെടാനുള്ള സാധ്യത വന്‍തോതില്‍ വര്‍ധിക്കുന്നു. ഡല്‍ഹി കലാപത്തിന്റെയും സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തില്‍ മുസ്‌ലിം യുവാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണവും അപലപനീയമാണ്.
നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുസ്‌ലിം വര്‍ഗീയതയില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും ഹിന്ദു വലതുപക്ഷത്തിന് തക്കതായ പ്രകോപനം ലഭിക്കുന്നു. ഹിജാബ് പ്രശ്‌നം വളര്‍ത്തുന്നതില്‍ മുസ്‌ലിം വര്‍ഗീയസംഘടനകള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? നേരത്തെ പ്രൊഫസര്‍ ജോസഫിനെതിരായ ആക്രമണത്തില്‍ ബന്ധമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥി മുന്നണിയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഉദയം നാം ഓര്‍ക്കേണ്ടതുണ്ട്. ഹിജാബ് ജന്മാവകാശമാണ് എന്ന മുദ്രാവാക്യം ഒരു വശത്ത് ഉയരുന്നു, മറുവശത്ത് രാജ്യത്ത് ശരിഅത്ത് ഭരണം അനുവദിക്കില്ലെന്നും.

ലോകമെമ്പാടും ഹിജാബിനെ ചുറ്റിപ്പറ്റി നിരവധി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഫ്രാന്‍സ് പൊതുസ്ഥലങ്ങളില്‍ നിരോധിച്ചപ്പോള്‍, പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും (അന്നത്തെ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി) തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. കൊസോവോ (2008 മുതല്‍), അസര്‍ബൈജാന്‍ (2010), ടുണീഷ്യ 1981 (2011ല്‍ ഭാഗികമായി പിന്‍വലിച്ചു), തുര്‍ക്കി തുടങ്ങി പല മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും പൊതുസ്ഥലങ്ങളില്‍ ഹിജാബ് നിരോധിച്ചിട്ടുണ്ട്. സഊദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രമോ ശരീരം മുഴുവന്‍ മൂടുന്ന അബായയോ നിര്‍ബന്ധമല്ലെന്ന് പ്രഖ്യാപിച്ചു. ഇന്തോനേഷ്യ, മലേഷ്യ, ബ്രൂണെ, മാലിദ്വീപ്, സൊമാലിയ എന്നിവിടങ്ങളില്‍ ഇത് നിര്‍ബന്ധമല്ല. ഇറാന്‍, അഫ്ഗാനിസ്ഥാന്‍, ഇന്തോനേഷ്യയിലെ ആഷെ പ്രവിശ്യ എന്നിവിടങ്ങളില്‍ ഇത് നിയമപ്രകാരം നിര്‍ബന്ധമാണ്.

ഇന്ത്യന്‍ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമായിരുന്നു. നേരത്തെ ഇത് പ്രചാരത്തിലുണ്ടായിരുന്നെങ്കിലും, ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്തതിന് ശേഷമാണ് ബുര്‍ഖയും ഹിജാബും കൂടുതല്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ആഗോളതലത്തില്‍ ഗള്‍ഫ് മേഖലയിലെ എണ്ണ സമ്പത്ത് നിയന്ത്രിക്കാനും ‘ഇസ്‌ലാമിക ഭീകരത’ എന്ന പ്രചാരണം കൊണ്ടുവരാനുമുള്ള അമേരിക്കയുടെ അജണ്ട എല്ലായിടത്തും മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുന്നതോടൊപ്പം ഇന്ത്യയിലെ മുസ്‌ലിംകളുടെയും അരക്ഷിതാവസ്ഥ വര്‍ധിപ്പിക്കുകയും ചെയ്തു. ബുര്‍ഖ/ഹിജാബ് എന്നിവയുടെ വര്‍ധിച്ചുവരുന്ന ഉപയോഗത്തിന് മറ്റൊരു ഘടകം ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ഇന്ത്യയിലെ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥ വര്‍ധിച്ചപ്പോള്‍, ഈ രീതികള്‍ ക്രമേണ വര്‍ധിച്ചു. നിലവില്‍, പല മുസ്‌ലിം മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കള്‍ക്ക് ചെറുപ്പം മുതലേ ഹിജാബ്/ബുര്‍ഖ ധരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു.
ഇത് ഇപ്പോള്‍ പലരുടെയും തിരഞ്ഞെടുപ്പിന്റെ കാര്യമാണ്, അത് ബഹുമാനിക്കപ്പെടേണ്ടതാണ്. തീര്‍ച്ചയായും, സ്ത്രീകളുടെ ശരീരത്തിന്റെ പുരുഷാധിപത്യ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കുള്ള ഈ തിരഞ്ഞെടുപ്പുകളുടെ സാംസ്‌കാരിക ഘടന. രൂപ് കന്‍വര്‍ സതിക്ക് (ഭര്‍ത്താവിന്റെ ശവകുടീരത്തിലേക്ക് ചാടുന്ന സ്ത്രീ) ‘സതി ചെയ്യുന്നത് ഹിന്ദു സ്ത്രീകളുടെ അവകാശമാണ്’ എന്ന മുദ്രാവാക്യവുമായി അന്നത്തെ ബി. ജെ.പി വൈസ് പ്രസിഡന്റ് വിജയ രാജെ സിന്ധ്യ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയതും സമാനമായ രീതിയില്‍ കാണേണ്ടതാണ്.

ഇന്നത്തെ സാഹചര്യത്തില്‍, ഇനിയും ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നത് മുസ്‌ലിം പെണ്‍കുട്ടികളുടെ നല്ല വിദ്യാഭ്യാസം നേടാനുള്ള ശ്രമങ്ങളെ ദുര്‍ബലമാക്കും. വിദ്യാഭ്യാസത്തിലൂടെയുള്ള ശാക്തീകരണത്തെ ഇപ്പോഴത്തെ പ്രശ്‌നം അവരെ പിന്നോട്ടടിക്കും. വര്‍ധിച്ചുവരുന്ന അരക്ഷിതാവസ്ഥ മുസ്‌ലിം സമൂഹത്തിന്റെ പ്രതികരണത്തെ ഉണര്‍ത്തുന്നു. അതാകട്ടെ, മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസത്തില്‍ ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്നതിനെ പിന്നോട്ടടിക്കും. ഹിന്ദു വലതുപക്ഷങ്ങള്‍ ഇതിനകം തന്നെ ശക്തമാണ്, മുസ്‌ലിം വലതുപക്ഷം ഹിന്ദു വലതുപക്ഷത്തെ പ്രകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പങ്ക് വഹിക്കുന്നു. ഇരകള്‍ എപ്പോഴും മുസ്‌ലിം പെണ്‍കുട്ടികളും മുസ്‌ലിം സമൂഹവും ആയിരിക്കും.

Test User: