X

യുഡിവൈഎഫ്‌ നിയമസഭാ മാർച്ച് നേതാക്കളുടെ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച്ച വിധി പറയും

കോഴിക്കോട് : ക്രിമിനൽ പോലീസ് – സംഘപരിവാർ – മാഫിയാ കൂട്ട്കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യുഡിവൈഎഫ്‌ സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്ന് റിമാൻഡിലായ നേതാക്കളുടെ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സി.ജെ.എം കോടതി തിങ്കളാഴ്ച്ച വിധി പറയും.

സ്വർണ്ണ കടത്ത് – കൊലപാതക – തട്ടികൊണ്ട് പോകൽ സംഘങ്ങൾക്ക് കുട പിടിക്കുന്നവരുടെ കൂടാരമായി കേരള പോലീസ് മാറി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട പൊലീസിനെ കയറൂരി വിട്ടതിൽ ആഭ്യന്തര വകുപ്പിൻ്റെ തലപ്പത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ് ഒന്നാം പ്രതി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് നടത്തിയ സമാധാനപരമായ നിയമസഭാ മാർച്ചിനെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ഗ്രനേഡും ഉപയോഗിച്ച് നേരിട്ടത്.

വനിതാ പ്രവർത്തകർ ഉൾപ്പടെ നിരവധി പേർക്കാണ് പരുക്കേറ്റത്. തുടർന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തഹ് ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ആർ.എസ്.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉല്ലാസ് കോവൂർ, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസുഫലി മടവൂർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി ഉൾപ്പടെ 37 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.

ഇവരുടെ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച്ച വാദം പൂർത്തിയായെങ്കിലും അവധി ദിവസങ്ങളായതിനാൽ തിങ്കളാഴ്ച്ചയാണ് വിധി പറയുന്നത് .

webdesk17: