X

സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലയുടെ വിധി

എറണാകുളം: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയാണ് പെരിയ ഇരട്ടക്കൊലയുടെ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സിപിഎം തീവ്രവാദസ്വഭാവമുള്ള സംഘടനയാണെന്നും അദ്ദേഹം പറഞ്ഞു. കാസറഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഭാവി പരിപാടികള്‍ കുടുംബവുമായി ആലോചിച്ച് സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൃത്യത്തില്‍ പങ്കില്ല എന്ന സിപിഎമ്മിന്റെ വാദം അവരുടെ പതിവുപല്ലവിയാണ്. അവരുടെ സ്ഥിരം രീതിയാണത്. വെറുതെ വിട്ടതിനെതിരെ അപ്പീല്‍ പോകും. ക്രൂര കൊലപാതകമാണ് നടത്തിയത്. സന്നദ്ധ പ്രവര്‍ത്തനം വഴി സമൂഹത്തില്‍ സ്വാധീനം ലഭിച്ചുവരുന്ന ചെറുപ്പക്കാരെയാണ് കൊലപ്പെടുത്തിയതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കൊലപാതകികള്‍ക്ക് വേണ്ടി ചെലവഴിച്ച ുക സര്‍ക്കാര്‍ ഖജനാവിലേക്ക് തിരിച്ചു കൊടുക്കണമെന്ന് കെ.സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്ള തിരിച്ചടിയാണ് വിധിയെന്ന് ഷാഫി പറമ്പില്‍ എംപിയും വധശിക്ഷക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയും പറഞ്ഞു. വധശിക്ഷയാണ് പ്രതീക്ഷിച്ചിരുന്നതെന്ന് കാസറഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇരട്ട ജീവപര്യന്തത്തില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും സംതൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk18: