ഡോ. ഗോപിനാഥ് രവീന്ദ്രനെ കണ്ണൂര്‍ വിസിയായി പുനര്‍നിയമിച്ചത് റദ്ദാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു ഇന്ന് തന്നെ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമലംഘനം നടത്തി, പ്രായപരിധി കഴിഞ്ഞ ഒരു വ്യക്തിയെ പുനര്‍നിയമിച്ചു.
സുപ്രീം കോടതി അത് റദ്ദാക്കിയിരിക്കുകയാണ്. അതോടൊപ്പം സംസ്ഥാന സര്‍ക്കാര്‍ അനാവശ്യമായ ഇടപെടല്‍ നടത്തിയെന്ന ഗുരുതരമായ കണ്ടെത്തലും വിധിയിലുണ്ട്. സര്‍വകലാശാലകളുടെ സ്വയം ഭരണാവകാശത്തിന്മേല്‍ വൈസ് ചാന്‍സലര്‍മാരെ തിരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റി ആക്ടും യുജിസി മാനദണ്ഡങ്ങളും പ്രോ ചാന്‍സിലര്‍ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി തന്നെ ലംഘിച്ചുവെന്ന് വി ഡി സതീശന്‍ ആരോപിച്ചു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും ഒരുമിച്ച് നടത്തിയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നായിരുന്നു പ്രതിപക്ഷം മുമ്പ് പറഞ്ഞത്. അത് തന്നെയാണ് ഇപ്പോള്‍ സുപ്രീം കോടതിയും പറഞ്ഞിരിക്കുന്നത്.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല, ആളുകളെ കബളിപ്പിക്കുകയാണ്. സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമ്പോള്‍ ഗവര്‍ണര്‍ തര്‍ക്കവുമായി വരുന്നു. അല്ലാത്ത സമയങ്ങളില്‍ പരസ്പരം മധുര പലഹാരങ്ങള്‍ കൊടുത്തുവിടുകയും മന്ത്രിമാര്‍ ഘോഷയാത്രയായി ഗവര്‍ണറെ കാണാന്‍ വരികയും ഒക്കെ ചെയ്യുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു
സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസ് എന്നിവര്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയത്. നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി. ഹൈക്കോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും സുപ്രീം കോടതി പറഞ്ഞു.
വി സി നിയമനത്തില്‍ അധികാരപരിധിയില്‍ ബാഹ്യശക്തികള്‍ ഇടപെട്ടു എന്ന നിരീക്ഷണമാണ് കോടതി നടത്തിയത്. സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ നേരത്തെ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചിന്റേതാണ് വിധി. ജസ്റ്റിസ് ജെ ബി പര്‍ദിവാലയാണ് വിധി പ്രസ്താവിച്ചത്.