കര്‍ണാടകയില്‍ മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന 2,000 കിലോ തക്കാളിയുമായി വന്ന വാഹനം അജ്ഞാതര്‍ കൊള്ളയടിച്ചു. ചിക്കജലയ്ക്ക് സമീപം ആര്‍എംസി യാര്‍ഡ് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജൂലൈ എട്ടിനായിരുന്നു സംഭവം. ബെംഗളൂരു പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ ടൗണില്‍ നിന്ന് കോലാറിലെ മാര്‍ക്കറ്റിലേക്ക് തക്കാളി കൊണ്ടുപോവുകയായിരുന്നു കര്‍ഷകന്‍.
കാറില്‍ തക്കാളി വാഹനം പിന്തുടരുകയും ഒടുവില്‍ അത് തടഞ്ഞ് കര്‍ഷകനെയും ഡ്രൈവറെയും ആക്രമിച്ചു. ഇവരോട് പണം ആവശ്യപ്പെടുകയും ഓണ്‍ലൈനായി തുക കൈമാരാന്‍ ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ ഡ്രൈവറെയും കര്‍ഷകനെയും റോഡില്‍ നിര്‍ത്തി തക്കാളി വണ്ടിയുമായി ആക്രമികള്‍ കടന്നുകളയുകയായിരുന്നു. അക്രമികളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ആര്‍എംസി യാര്‍ഡ് പൊലീസ് അറിയിച്ചു.
നിലവില്‍ കര്‍ണാടകയില്‍ തക്കാളിയുടെ വില കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെയായി വര്‍ധിച്ചിരിക്കുകയാണ്. ഇതോടെ മോഷണ ഭീതിയിലാണ് കര്‍ഷകര്‍. വിളവെടുക്കുന്ന ഇടങ്ങളില്‍ കാവലേര്‍പ്പെടുത്തിയും സുരക്ഷിതമായ സംഭരണശാലകള്‍ കണ്ടെത്താനുള്ള തിരക്കിലാണ് കര്‍ഷകരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, രാജ്യമെങ്ങും തക്കാളിയുടെ വില കുതിച്ചുയരുകയാണ്. ഉത്തരാഖണ്ഡിലെ ഗംഗോത്രോ ധാമില്‍ കിലോഗ്രാമിന് 250 രൂപയ്ക്കാണ് ഇപ്പോള്‍ തക്കാളി വില്‍ക്കുന്നത്. ഉത്തരകാശിയില്‍ വിവിധ സ്ഥലങ്ങളില്‍ 180 മുതല്‍ 200 രൂപ വരെയാണ് തക്കാളിക്ക് വില. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളില്‍ 200 മുതല്‍ 250 രൂപവരെയും വിലയുണ്ട്. ഡല്‍ഹിയില്‍ കിലോയ്ക്ക് 140 രൂപയാണ് തക്കാളിയുടെ വില. ചെന്നൈയിലും 100 മുതല്‍ 130 രൂപ വരെ ഒരു കിലോ തക്കാളിക്ക് വിലയുണ്ട്.