ന്യൂഡല്‍ഹി: രൂക്ഷമായ വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും രാജ്യം വീര്‍പ്പു മുട്ടുമ്പോള്‍ രൂപയുടെ മൂല്യം പിന്നെയും പിന്നെയും താഴേക്ക് തന്നെ. ഡോളറിനെതിരെ 80 രൂപ എന്ന നിരക്കും കടന്ന് പതനം തുടരുകയാണ്. കഴിഞ്ഞ ദിവസം തന്നെ 80 രൂപയെന്ന റെക്കോര്‍ഡ് നിരക്ക് ഭേദിച്ചിരുന്നെങ്കിലും പിന്നീട് നേരിയ തോതില്‍ മെച്ചപ്പെട്ട് 89ലേക്ക് തിരിച്ചു കയറിയിരുന്നു. ഇന്നലെ 79.89ല്‍ വ്യാപാരം ആരംഭിച്ച രൂപ 13 പൈസയുടെ തകര്‍ച്ച രേഖപ്പെടുത്തി 80.05ലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് രൂപ ഇത്രയും വലിയ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നത്.
എന്താണ് രൂപയുടെ മൂല്യം
ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ എത്ര രൂപ പകരം നല്‍കണം എന്നതാണ് മൂല്യം നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനം. ഇന്നലത്തെ കണക്കനുസരിച്ച് 80 രൂപയും 05 പൈസയും നല്‍കിയാല്‍ മാത്രമേ ഒരു ഡോളര്‍ ലഭിക്കൂ. അല്ലെങ്കില്‍ അത്രയും രൂപയുണ്ടെങ്കിലേ ഒരു ഡോളറിന് തുല്യമാകൂ. ഇതാണ് മൂല്യം.
ബാധിക്കുന്നത് എങ്ങനെ?
രൂപയുടെ മൂല്യമിടിവ് സാധാരണക്കാരന്റെ ബജറ്റിനെയാണ് ഏറ്റവും കൂടുതല്‍ നേരിട്ട് ബാധിക്കുക. മൂല്യമിടിവിന് ആനുപാതികമായി വിപണിയിലെ ഓരോ ഉത്പന്നങ്ങളിലും പ്രകടമാകുന്ന വിലക്കയറ്റം തന്നെയാണ് ആദ്യത്തെ പ്രതിഫലനം. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രൂക്ഷമായ വിലക്കയറ്റമാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്.
രാജ്യാന്തര വിനിമയം
രൂപയുടെ രാജ്യാന്തര വിനിമയത്തെ മൂല്യമിടിവ് ഗുരുതരമായി ബാധിക്കും. പ്രവാസി ഇന്ത്യക്കാരെ സംബന്ധിച്ച് അല്‍പം ആശ്വാസം പകരുന്നതാണിത്. ഇന്ത്യയിലേക്ക് അയക്കുന്ന വിദേശ കറന്‍സികള്‍ക്ക് നേരത്തെ ലഭിച്ചിരുന്നതിനനേക്കാള്‍ മൂല്യം ലഭിക്കും എന്നതാണ് കാരണം. കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്കും ഗുണകരമാണ്.