ന്യൂഡല്‍ഹി: ഇന്ത്യയില്‍ കള്ളനോട്ട് ഉന്മൂലനം ചെയ്യുമെന്നും കള്ളപ്പണം തടയുമെന്നും അവകാശപ്പെട്ട് മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നോട്ട് നിരോധനം നടപ്പാക്കിയ വര്‍ഷമായിരുന്നു 2016. എന്നാല്‍ അതിനുശേഷം പ്രചാരണത്തിലുള്ള കള്ളപ്പണത്തിന്റെ മൂല്യത്തില്‍ അഭൂതപൂര്‍വമായ വര്‍ധനവാണ് ഉണ്ടായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി പിടിച്ചെടുത്ത വ്യാജ കറന്‍സികളുടെ മൂല്യവും അതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണവും വെളിപ്പെടുത്തണമെന്ന് പി.വി അബ്ദുള്‍ വഹാബ് എംപി രാജ്യസഭയില്‍ ആവശ്യപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടെ രേഖാമൂലമുള്ള മറുപടിയില്‍, 2016-2020 വര്‍ഷക്കാലത്ത് കള്ളനോട്ടുകള്‍ സംബന്ധിച്ച രജിസ്റ്റര്‍ ചെയ്യപ്പെട്ട 4284 കേസുകളിലായി 180 കോടി രൂപ മൂല്യമുള്ള കള്ളനോട്ട് പിടിച്ചതായി വ്യക്തമാക്കി. പിടികൂടിയ വ്യാജ കറന്‍സിയുടെ മൂല്യം കഴിഞ്ഞ 5 വര്‍ഷങ്ങളിലായി 480 മടങ്ങ് വര്‍ധിച്ചു എന്നതാണ് വിരോധാഭാസം.
എന്നാല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. 2016ല്‍ 16 കോടിയുടെ കറന്‍സികളുമായി 1172 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോ ള്‍ 2020ല്‍ 93 കോടിയുടെ കള്ളനോട്ട് പിടിച്ചെടുത്തത് 385 കേസുകളിലാണ്. കള്ളനോട്ടുകളുടെ പ്രചാരണം തടയുന്നതിനായി യുഎപിഎ നിയമത്തില്‍ വ്യാജ കറന്‍സി വ്യവസ്ഥ ഉള്‍പ്പെടുത്തല്‍, ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ട് കോര്‍ഡിനേഷന്‍ ഗ്രൂപ്പ് സ്ഥാപിക്കല്‍, എന്‍ഐഎയുടെ കീഴില്‍ ടെറര്‍ ഫണ്ടിംഗ് ആന്‍ഡ് കറന്‍സി സെല്‍ എന്നിവ സ്ഥാപിക്കല്‍, വ്യാജ കറന്‍സി നോട്ടിന്റെ പ്രചാരം തടയാന്‍ ബംഗ്ലാദേശ് സര്‍ക്കാരുമായി ഒരു ധാരണാപത്രം ഒപ്പിടല്‍ തുടങ്ങിയ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.