X
    Categories: indiaNews

വാക്‌സിന്‍ കെട്ടിക്കിടക്കുന്നു; ആളെ തേടി ആശുപത്രികള്‍

മുംബൈ: വലിയ അളവില്‍ കോവിഡ് വാക്‌സിനുകള്‍ വാങ്ങിക്കൂട്ടിയ മുംബൈയിലെ സ്വകാര്യ ആശുപത്രികള്‍ ഇത് വിറ്റഴിക്കാന്‍ പെടാപാട് പെടുന്നു. മൊത്തമായും വാക്‌സിനുകള്‍ ഏറ്റെടുക്കാന്‍ തയാറുള്ളവര്‍ക്ക് 10-30 ശതമാനം കിഴിവാണ് ആശുപത്രികള്‍ മുന്നോട്ടു വെക്കുന്നത്.

വില്‍ക്കാതെ കിടക്കുന്ന വാക്‌സിനുകള്‍ തിരിച്ചെടുക്കാനായി ചില ആശുപത്രികള്‍ നിര്‍മാതാക്കളെ തന്നെ സമീപിച്ചിരിക്കുകയാണ്. ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് മുംബൈയിലെ ആശുപത്രികളില്‍ ആകെ സ്റ്റോക്കിന്റെ 85 ശതമാനവും വിറ്റഴിക്കപ്പെടാനായിട്ടില്ല.
മെയ്-ജൂണ്‍ മാസങ്ങളില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിനുകള്‍ ലഭിക്കാത്തതായിരുന്നു പ്രശ്‌നമെങ്കില്‍ ഒക്ടോബര്‍ അവസാനത്തോടെ 47 ലക്ഷം ഡോസ് വാക്‌സിനുകളാണ് ആശുപത്രികളില്‍ കിടക്കുന്നത്. മൂന്ന് ലക്ഷം ഡോസ് വാക്‌സിനുകള്‍ മാത്രമാണ് മുംബൈ ആശുപത്രികള്‍ ഇതുവരെ നല്‍കിയത്. മുംബൈ മലഡിലെ സഞ്ജീവനി ആശുപത്രിയില്‍ 44 ലക്ഷം രൂപയുടെ കോവിഡ് വാക്‌സിനുകളാണ് ഉപയോഗിക്കാതെ കിടക്കുന്നത്. ഇത് 30 ശതമാനം വിലക്കുറവില്‍ നല്‍കാമെന്നാണ് ആശുപത്രി പറയുന്നത്.

ദിനേന 1000 പേര്‍ കോവിഡ് വാക്‌സിനുകള്‍ക്കായി എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 20-25 പേര്‍ മാത്രമാണ് വാക്‌സിനേഷനായി സ്വകാര്യ ആശുപത്രികളില്‍ എത്തുന്നത്. മുംബൈയിലെ തന്നെ ഒസ്‌കര്‍ ആശുപത്രിയില്‍ 25,000 ഡോസ് വാക്‌സിനുകളാണ് കെട്ടിക്കിടക്കുന്നത്.

കോവിഷീല്‍ഡ്, കോവാക്‌സിന്‍, സ്പുട്‌നിക് വാക്‌സിനുകളുണ്ടെങ്കിലും ആരും വാങ്ങാനില്ലെന്ന് ആശുപത്രി എം.ഡി ഡോ.പവാര്‍ പറയുന്നു. ബൂസ്റ്റര്‍ ഡോസിന് സര്‍ക്കാര്‍ അനുമതി നല്‍കുമെന്നാണ്ഇവരുടെ പ്രതീക്ഷ.

 

Test User: