X

ഉയ്ഗൂര്‍ വേട്ടയും യു.എന്‍ റിപ്പോര്‍ട്ടും

ഖാദര്‍ പാലാഴി

ചൈന ഉയ്ഗൂര്‍ മുസ്‌ലിംകളെ കൊടും പീഡനത്തിന് ഇരയാക്കുന്നുവെന്ന് പറയുന്നത് കമ്യൂണിസ്റ്റ് വിരോധികള്‍ പ്രചരിപ്പിക്കുന്ന പെരുംകള്ളമാണെന്ന് വിശ്വസിക്കുന്ന നിഷ്‌ക്കുകള്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. അവര്‍ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ (UNHCHR) മിഷേല്‍ ബാഷ്‌ലെറ്റ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച ഉയ്ഗൂര്‍ അന്വേഷണ റിപ്പോര്‍ട്ട് നിര്‍ബന്ധമായും വായിക്കണം. വായിക്കുന്നതിന് മുമ്പ് ആരാണ് മിഷേല്‍ ബാഷ്‌ലെറ്റ് എന്നും അന്വേഷിക്കണം. രണ്ട് തവണ ചിലിയുടെ ഇടതുപക്ഷക്കാരിയായ പ്രസിഡണ്ടായിരുന്നു ബാഷ്‌ലെറ്റ് . ചിലിയില്‍ മെഡിസിന് പഠിക്കുമ്പോള്‍ തന്നെ അവര്‍ 1970 ല്‍ സല്‍വദോര്‍ അലെന്‍ഡെയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1973 സെപ്റ്റംബര്‍ 11ന് അലെന്‍ഡോ സര്‍ക്കാറിനെ ജനറല്‍ അഗസ്‌റ്റോ പിനോഷെ അട്ടിമറിച്ചപ്പോള്‍ അലെന്‍ഡെ പക്ഷക്കാരാണെന്ന് പറഞ്ഞ് ബാഷ് ലെറ്റിനേയും മാതാപിതാക്കളെയും ഭരണകൂടം തടവിലിട്ടു. പിതാവ് ഡിറ്റന്‍ഷന്‍ ക്യാമ്പില്‍ മരിച്ചു. മോചിതരായപ്പോള്‍ ബാഷ്‌ലെറ്റും അമ്മയും ആദ്യം ആസട്രേലിയയിലേക്കും പിന്നീട് ജര്‍മനിയിലേക്കും പോയി.

1982ല്‍ ചിലിയില്‍ തിരിച്ചെത്തിയ അവര്‍ രാഷ്ട്രീയ വിരോധത്താല്‍ പീഡിപ്പിക്കപ്പെട്ടവരുടെ മക്കളെ സഹായിക്കുന്നതിനുള്ള സന്നദ്ധ സംഘടനയുണ്ടാക്കി. അപ്പോഴും ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്ന അവര്‍ 1997ല്‍ ചിലി ആരോഗ്യ മന്ത്രിയും 2000 ല്‍ പ്രതിരോധ മന്ത്രിയുമായി . 2006 2010 ലും 2014-2018 ലുമാണ് ചിലി പ്രസിഡണ്ടായത്. പദവി ഒഴിഞ്ഞ ശേഷം 2018 ല്‍ തന്നെയാണ് മിഷേല്‍ ബാഷ്‌ലെറ്റ് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഹൈക്കമ്മീഷണര്‍ പദവിയിലെത്തുന്നത്.

ഏകാധിപതിയുടെ ക്രൂരതകള്‍ സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങേണ്ടിവന്ന അവര്‍ ആ വര്‍ഷം തന്നെ സിന്‍ജിയാംഗിലെ 11.6 ദശലക്ഷം വരുന്ന ഉയ്ഗൂര്‍ കിര്‍ഗിസ് കസാഖ് വംശജരായ മുസ്‌ലിംകള്‍ക്ക് നേരെ ചൈന നടത്തുന്ന അതിക്രൂരമായ അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന് ഉത്തരവിട്ടു. മാത്രമല്ല ചൈനയില്‍ നേരിട്ടെത്തി അധികാരികളോട് സംസാരിക്കുകയും ചെയ്തു. ഇതിന് പുറമെ ഇന്ത്യയില്‍ CAA – NRC വന്നപ്പോള്‍ അവര്‍ സുപ്രീം കോടതിയില്‍ കേസുമായെത്തി. സഖ്യസേന തരിപ്പണമാക്കിയ യെമനിലെ മനുഷ്യരുടെ യാതനകളില്‍ ഇടപെട്ടു. ഫലസ്തീനില്‍ കുരുന്നുകളെ കൊന്നൊടുക്കുന്ന ഇസ്രാഈലിനെ ചോദ്യം ചെയ്തു, യുക്രെയിനിലെ നിരപരാധികളുടെ രക്ഷക്കെത്തി.

നാല് വര്‍ഷത്തെ ഉയ്ഗൂര്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വരാന്‍ വൈകിയപ്പോള്‍ അവര്‍ ആക്ഷേപം നേരിട്ടെങ്കിലും പദവിയില്‍ നിന്ന് വിരമിക്കുന്ന ദിവസമായ 2022 ആഗസ്റ്റ് 31ന് 45 പേജുള്ള സംക്ഷിപ്ത റിപ്പോര്‍ട്ട് പുറത്ത് വിട്ട് അവര്‍ വാക്ക് പാലിച്ചു. അങ്ങനെ ഒരാള്‍ ഇടതുപക്ഷമാകുന്നതും കമ്യൂണിസ്റ്റാവുന്നതും രണ്ടും രണ്ടാണെന്ന് ലോകത്തിന് കാണിച്ചു കൊടുത്തു. കൂറ്റന്‍ ക്യാമ്പുകളില്‍ അടച്ചിട്ടും അടച്ചിടാതെയും ചൈന ഉയ്ഗൂര്‍ ജനതയെ ഷണ്ഡീകരിക്കുന്നതിന്റെ ഭീഭത്സമായ ചിത്രങ്ങള്‍ യു.എന്‍ റിപ്പോര്‍ട്ടിലുണ്ട്. പെറ്റു പെരുകാതിരിക്കാന്‍ ഗര്‍ഭഛിദ്രം നടത്തുക, പുരുഷന്‍മാരെ വന്ധീകരിക്കുക, ജനസംഖ്യാ മേധാവിത്തത്തിന് മറ്റ് പ്രദേശങ്ങളില്‍ നിന്ന് ഹാന്‍ വംശജരെ സിംജിയാംഗില്‍ കുടിയിരുത്തുക, ഹിജാബും താടി വളര്‍ത്തലും വിലക്കുക, മക്കള്‍ക്ക് മുസ്‌ലിം സാംസ്‌കാരിക പൈതൃകമുള്ള പേരുകള്‍ പാടില്ലെന്ന് ശഠിക്കുക, ടര്‍ക്കിഷ് ഭാഷയോട് സാമ്യമുള്ള ഉയ്ഗൂര്‍ ഭാഷ ടെക്സ്റ്റ് ബുക്കുകളില്‍ മാത്രമല്ല നിത്യവ്യവഹാരത്തിനും ശിക്ഷാര്‍ഹമാക്കുക തുടങ്ങിയ എത്രയെത്ര പീഡനങ്ങള്‍. ഇതിനേക്കാള്‍ ഭയാനകമായിട്ടുള്ളത് ഇവരുടെ ബയോമെട്രിക് ഡാറ്റകളത്രയും ശേഖരിച്ച് ഇവരെ നിത്യ നിരീക്ഷണം നടത്തുന്നുവെന്നതാണ്.

പത്ത് ലക്ഷത്തോളം പേരെ പാര്‍പ്പിച്ച ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലെ പീഡനങ്ങളുടെ അട്ടഹാസങ്ങള്‍ ഇതിന് പുറമെയാണ്. കസേരയില്‍ കെട്ടിയിട്ട് അടിക്കുക, മുഖത്തേക്ക് വെള്ളം ചീറ്റിക്കൊണ്ടിരിക്കെ ചോദ്യം ചെയ്യുക, ഉറക്കവും ഭക്ഷണവും നിഷേധിക്കുക, രോഗമെന്തെന്ന് പറയാതെ മരുന്ന് തീറ്റിക്കുക, ഇഞ്ചക്ഷന്‍ വെക്കുക, ഏകാന്ത തടവിലിടുക, സാങ്കല്‍പ്പിക കസേരയില്‍ ഇരുത്തിപ്പിക്കുക എന്നിങ്ങനെയുള്ള ശിക്ഷകള്‍ അവിടത്തെ ദിനചര്യകളാണത്രെ. ഇതിന്റെ മേല്‍നോട്ടക്കാര്‍ക്ക് മുഷിപ്പ് തോന്നുമ്പോള്‍ തടവുകാരികളെ ബലാല്‍സംഗം ചെയ്തും വസ്ത്രമഴിപ്പിച്ച് അപമാനിച്ചും ആവേശഭരിതരാവുന്നതും പതിവാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെ തടവിലിട്ട അഞ്ച് ലക്ഷത്തോളമാളുകളെ സിംഗിയാംഗിലെ പരുത്തി കൃഷിക്കായി നിര്‍ബന്ധ ജോലി ചെയ്യിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. യു.എന്‍ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് 2021 ഏപ്രിലില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ജൂണില്‍ ആംനസ്റ്റി ഇന്റര്‍നാഷണലും അവിടത്തെ കൊടും പീഡനങ്ങളുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. യൂറോപ്യന്‍ പാര്‍ലിമെന്റും ബ്രിട്ടീഷ് കനേഡിയന്‍ നെതര്‍ലാന്റ്‌സ് ലിത്വാനിയന്‍ പാര്‍ലിമെന്റുകളും അവിടെ ജിനോസൈസിന് തുല്യമായ പീഡനങ്ങള്‍ നടക്കുന്നതായി ആരോപിച്ചിരുന്നു. യു.എസ് കോണ്‍ഗ്രസും ഇതേ വികാരം പങ്കുവെച്ചു. എന്നാല്‍ അന്ന് പറഞ്ഞ അതേ ന്യായങ്ങള്‍ തന്നെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോഴും ചൈന പറയുന്നത്. ചൈനീസ് വിരുദ്ധത മൂത്തവരുടെ വെറും ജല്‍പനങ്ങളെന്ന്.

ഉയ്ഗൂരില്‍ ആകെ നടക്കുന്നത് തീവ്രവാദത്തിലേക്ക് വഴിതെറ്റിയവരെ ഡീറാഡിക്കലൈസ് ചെയ്യിക്കാനുള്ള വൊക്കേഷണല്‍ സെന്ററുകളാണെന്നും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനയും ഉയ്ഗൂര്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നുണ്ടെന്നും യു.എന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നയുടന്‍ ചൈന പ്രസിദ്ധീകരിച്ച 131 പേജുള്ള കൗണ്ടര്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. എന്നാല്‍ കുറ്റവാളികളെ മാത്രമല്ല ഒരു ജനതയെ ഒന്നാകെയാണ് ചൈന ശിക്ഷിച്ചു കൊണ്ടിരിക്കുന്നതെന്ന് ഏല്ലാവരും ഏകസ്വരത്തില്‍ കുറ്റപ്പെടുത്തുന്നു.യു.എന്‍ റിപ്പോര്‍ട്ടില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പിലുള്ളവരെ വിട്ടയക്കാനും കാണാതായവര്‍ എവിടെയെന്നറിയിക്കാനും സദാ നിരീക്ഷണങ്ങള്‍ മനുഷ്യരുടെ ജന്മാവകാശങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ചൈനയോടാവശ്യപ്പെട്ടിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ഇടപെടലും തേടിയിട്ടുണ്ട്. എന്നാല്‍ എല്ലാ ഉയ്ഗൂര്‍ റിപ്പോര്‍ട്ടുകളും അവഗണിച്ച പോലെ യു.എന്‍ റിപ്പോര്‍ട്ടും ചൈന കുട്ടയിലിടാതിരിക്കില്ല. വീറ്റോ പവറുള്ള രാജ്യമാണ്. രക്ഷാ സമിതിയില്‍ ചൈനക്കെതിരെ ഒരു പ്രമേയവും പാസാകില്ല. അന്താരാഷ്ട്ര കോടതി ചാര്‍ട്ടില്‍ ഒപ്പു വെക്കാത്തതിനാല്‍ ആ പേടിയുമില്ല. പക്ഷേ ഒന്നുണ്ട്. 47 രാഷ്ട്ര പ്രതിനിധികളടങ്ങിയ യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ട് അന്താരാഷ്ട്ര വേദികളില്‍ മുഴങ്ങിക്കൊണ്ടിരിക്കും. എന്തൊക്കെ പറഞ്ഞാലും എല്ലാം ലോകം കാണുന്നുണ്ട് എന്നറിയുന്ന ചൈന ഉയ്ഗൂറുകാരോട് ഇത്തിരി മാന്യതയും മര്യാദയും കാണിക്കേണ്ടി വരും, തീര്‍ച്ച.

Test User: