ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ കമ്മിഷന്‍ പ്രിലിമിനറി എലിജിബിലിറ്റി ടെസ്റ്റിനെത്തിയവര്‍ യാത്രാ സൗകര്യങ്ങളില്ലാതെ വലഞ്ഞു. രണ്ട് ദിവസത്തെ പരീക്ഷക്ക് സംസ്ഥാനത്ത് 35 ലക്ഷത്തിലധികം ഉദ്യോഗാര്‍ത്ഥികളാണ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തെ ഗ്രൂപ്പ് സി സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ പങ്കെടുക്കാന്‍ ഉേദ്യാഗാര്‍ത്ഥിയെ പ്രാപ്തനാക്കുന്ന യോഗ്യതാ പരീക്ഷയാണിത്.
പരീക്ഷാ കേന്ദ്രങ്ങളിലേക്കും തിരിച്ചും യാത്രാ സൗകര്യങ്ങള്‍ ലഭിക്കാത്തതിനാല്‍ പരീക്ഷാര്‍ത്ഥികള്‍ ദുരിതത്തിലായി. പ്രധാന ബസ് ഡിപ്പോകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും നിന്നുതിരിയാന്‍ സ്ഥലമില്ലാത്ത അവസ്ഥയായിരുന്നു. ഇതോടെ പലരും വളരെയധികം ബുദ്ധിമുട്ടിയാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്. സമയത്ത് എത്തിപ്പെടാനാകാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവരും നിരവധി. വിദൂര കേന്ദ്രങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതും ഇവിടങ്ങളിലേക്ക് യാത്രാ സൗകര്യം ഒരുക്കാത്തതും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ കുറ്റപ്പെടുത്തി. ‘എന്തുകൊണ്ടാണ് ഇത്രയും ദൂരത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചത്? അങ്ങനെയാണെങ്കില്‍, എന്തുകൊണ്ട് മതിയായ ക്രമീകരണങ്ങള്‍ ചെയ്തില്ല. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇതിന് മറുപടി പറയണം- അമേത്തിയില്‍ നിന്ന് ലക്‌നൗവില്‍ പരീക്ഷ എഴുതാനെ ത്തിയ രവികുമാര്‍ മൗര്യ പ്രതികരിച്ചു. സര്‍ക്കാര്‍ അനാസ്ഥക്കെതിരെ പ്രതിപക്ഷവും വിമര്‍ശനവുമായി രംഗത്തെത്തി.