ഇന്ത്യയിലെ വോട്ടിങ് പ്രോത്സാഹിപ്പിക്കാന്‍ യുഎസ് നല്‍കിയിരുന്ന 21 മില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്തലാക്കിയതായി അമേരിക്ക. ട്രംപിന്റെ രണ്ടാം സര്‍ക്കാരില്‍ പുതുതായി രൂപവത്കരിച്ച കാര്യക്ഷമതാവകുപ്പ് (ഡോജ്) യുടെതാണ് നടപടി.
ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് തീരുമാനം അറിയിച്ചത്.
യുഎസിലെ നികുതിദായകരുടെ പണം താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യക്കുപുറമെ, നേപ്പാള്‍, കംബോഡിയ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സഹായവും നിര്‍ത്തലാക്കിയതായി അറിയിച്ചിട്ടുണ്ട്.
സര്‍ക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അമേരിക്കക്കാരുടെ നികുതി പണം വിദേശ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് നടപടിയെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.