X
    Categories: indiaNews

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണം’; പര്‍വതനേനി ഹരീഷ്

ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പുനഃസംഘടിപ്പിക്കണമെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ്. കാലങ്ങളായി ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും 1965നു ശേഷം യാതൊരു മാറ്റവും വന്നിട്ടില്ലെന്നും ഹരീഷ് വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ലക്ഷ്യമിടുന്ന രക്ഷാസമിതി ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ പലപ്പോഴും മരവിച്ച അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ മാറ്റം വരാന്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം പ്രധാനമെന്നും ഹരീഷ് ചൂണ്ടിക്കാട്ടി. ന്യൂയോര്‍ക്കില്‍ പൊതുസഭയുടെ പ്ലീനറി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഗോള രാഷ്ട്രീയം ഏറെ മാറ്റങ്ങള്‍ക്ക് വിധേയമായ പശ്ചാത്തലത്തില്‍ യു.എന്നിന്റെ രക്ഷാസമിതി പുനഃസംഘടിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. പ്രത്യേക പ്രാധാന്യം നല്‍കേണ്ട വിഷയമാണിത്. പതിറ്റാണ്ടുകളായി ഇതിനായി ആവശ്യമുയരുന്നുണ്ട്. എന്നാല്‍ 1965ല്‍ താല്‍ക്കാലിക അംഗങ്ങളുടെ എണ്ണം കൂട്ടിയതല്ലാതെ ഇതില്‍ മാറ്റങ്ങളൊന്നും വന്നിട്ടില്ല. ഗ്ലോബല്‍ സൗത്തില്‍നിന്നുള്ള അംഗമെന്ന നിലയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം സമിതിക്ക് മാത്രമല്ല, യു.എന്നിനാകെ ഗുണപ്രദമാകും. ഇന്ത്യക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകും. കഴിഞ്ഞ വര്‍ഷം ജി20 ആധ്യക്ഷം വഹിച്ച ഇന്ത്യ ആഫ്രിക്കന്‍ യൂണിയനെ കൂട്ടായ്മയിലെ അംഗമാക്കി. വലിയ മാറ്റം സാധ്യമാണെന്ന് ഇതിലൂടെ കാണാനാവും.

അടുത്ത വര്‍ഷം യു.എന്‍ സ്ഥാപിതമായി 80 വര്‍ഷം പൂര്‍ത്തിയാക്കും. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും ലക്ഷ്യമിടുന്ന രക്ഷാസമിതി ഇന്നത്തെ ഭൗമരാഷ്ട്രീയ സാഹചര്യത്തില്‍ പലപ്പോഴും മരവിച്ച അവസ്ഥയിലാണ്. 1945ലെ സ്ഥിതിയല്ല ഇന്നത്തേത്. ഭാവിയുടെ ആവശ്യത്തെ മനസ്സിലാക്കി വേണം നാം മുന്നോട്ടുപോകാന്‍. സഹകരണവും എല്ലാവരെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സമീപനമാണ് ഇന്ത്യയുടെ വിദേശനയത്തിലുള്ളത്. ഇന്ത്യയെ സ്ഥിരാംഗമാക്കുന്നതിലൂടെ രക്ഷാകൗണ്‍സിലിന് ഇനിയുമേറെ മുന്നേറാനാകും. ഭൂരിക്ഷാഭിപ്രായം മാനിച്ച് ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കണം” -ഹരീഷ് പറഞ്ഞു.

 

webdesk17: