X

രാജസ്ഥാന്റെ നായകനായി വീണ്ടും ഗെഹ്‌ലോട്ട്; ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാഷ്ട്രീയ തന്ത്രങ്ങളിലെ അഗ്രഗണ്യന്‍ അശോക് ഗെഹ്‌ലോട്ട് ഒരിക്കല്‍ കൂടി രാജസ്ഥാന്റെ തലപ്പത്ത്. കോണ്‍ഗ്രസിലെ ജനകീയ നേതാവ് അശോക് ഗലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. നാല്‍പ്പത്തിയൊന്നുകാരനായ സച്ചിന്‍ പൈലറ്റ് ആണ് ഉപമുഖ്യമന്ത്രി. അതേസമയം രാജസ്ഥാന്‍ പിസിസി അധ്യക്ഷസ്ഥാനത്ത് സച്ചിന്‍ പൈലറ്റ് തുടരും.

രാഹുൽ ഗാന്ധിയുടെ വസതിയിൽ ഇന്നലെയും ഇന്നും വിവിധ ഘട്ടങ്ങളിലായി നടന്ന ചര്‍ച്ചകൾക്കൊടുവിലാണ് രാജസ്ഥാനിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള പ്രതിസന്ധി പരിഹരിച്ചത്. അശോക് ഗലോട്ട് മുഖ്യമന്ത്രിയാകണം എന്ന ആവശ്യം ഭൂരിഭാഗം എംഎൽഎമാരും ദേശീയ നേതൃത്വത്തെ അറിയിച്ചു. രാജസ്ഥാന്‍ ഗാന്ധിയെന്ന് ജനം വിളിക്കുന്ന ഗെഹ്‌ലോട്ട് മൂന്നാം തവണയാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ഗെഹ്‌ലോട്ട് ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയില്‍ പെടുന്നത്. ആദ്യകാലങ്ങളില്‍ ഗില്ലി ബില്ലി എന്ന പേരിലാണ് അദ്ദേഹം കോണ്‍ഗ്രസിനകത്ത് അറിയപ്പെട്ടിരുന്നത്. ഗെഹ്‌ലോട്ടിന്റെ പിതാവ് രാജ്യത്തുടനീളം സഞ്ചരിക്കുന്ന പ്രശസ്തനായ മാന്ത്രികനായിരുന്നു. രാഷ്ട്രീയത്തില്‍ അല്ലായിരുന്നെങ്കില്‍ താനും പിതാവിന്റെ വഴി പിന്തുടരുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഗെഹ്‌ലോട്ടിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായിരുന്നു. രാജസ്ഥാനിലും ഡല്‍ഹിയിലും ചെറിയ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്ന ഗെഹ്‌ലോട്ടിന് രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിനുശേഷമാണ് ഇന്ദിര മന്തിസഭയില്‍ സ്ഥാനം ലഭിക്കുന്നത്. പിന്നീട് ഗെഹ്‌ലോട്ട് രാജീവ് ഗാന്ധിയുടെ വിശ്വസ്തനായി മാറി. ഈ ബന്ധം സോണിയയിലേക്കും രാഹുലിലേക്കും കൂടി വളര്‍ന്നു. രാജസ്ഥാന്‍ എന്‍.എസ്.യു.ഐ പ്രസിഡണ്ട്, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍, പി.സി.സി ജനറല്‍ സെക്രട്ടറി എന്നിങ്ങനെ പോകുന്നു ഗെഹ്‌ലോട്ടിന്റെ രാഷ്ട്രീയ വളര്‍ച്ച. 1980 ല്‍ ആദ്യമായി പാര്‍ലമെന്റില്‍ എത്തിയ ഗെഹ്‌ലോട്ട് അഞ്ചു തവണ എം.പി യായി. 1982-1993 കാലയളവില്‍ കേന്ദ്രമന്ത്രിയുമായി. 1999 മുതല്‍ തുടച്ചയായി സര്‍ദര്‍പുരയില്‍ നിന്നും നിയമസഭയിലെത്തിയ ഗെഹ്‌ലോട്ട് 1999ലും 2008ലും മുഖ്യമന്ത്രിയായി. ഗെഹ്‌ലോട്ട് ജനങ്ങള്‍ക്കിടയിലെ സ്വാധീനവും ജീവിത രീതിയിലെ ലാളിത്യവും കൊണ്ടാണ് രാജസ്ഥാന്‍ ഗാന്ധി എന്ന് വിളിക്കപ്പെട്ടത്. ഇപ്പോള്‍ എ.ഐ.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവുമാണ്. ഡല്‍ഹിയുടെ ചുമതലയുണ്ട്. പാര്‍ട്ടിയുടെ തന്ത്രരൂപീകരണത്തില്‍ ഗെഹ്‌ലോട്ടിന് സുപ്രധാന പങ്കുണ്ടായിരുന്നു.

chandrika: