X

നിര്‍ഭാഗ്യവാനായ സഫര്‍

1862 നവംബര്‍ ഏഴിനാണ് മുഗള്‍ ചക്രവര്‍ത്തി ബഹദൂര്‍ ഷാ സഫറിന്റെ നിര്യാണം. കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ 159ാം ചരമവാര്‍ഷികമായിരുന്നു. ഡല്‍ഹിയില്‍നിന്ന് നാടുകടത്തപ്പെട്ട് ബര്‍മയിലെ ബ്രിട്ടീഷ് ജയിലിലാണ് വയോധികനായ അദ്ദേഹം മതിയായ ചികില്‍സയോ പരിചരണമോ ലഭിക്കാതെ മരണമടഞ്ഞത്.

പരാജയം ഏറെക്കുറേ ഉറപ്പാണെന്നറിഞ്ഞിട്ടും ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത് കുറഞ്ഞ കാലത്തേക്കെങ്കിലും അധിനിവേശ ഭരണത്തെ വെല്ലുവിളിച്ച മുഗള്‍ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ സംഘടിത ചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ് ഒന്നാം സ്വാതന്ത്ര്യസമരമെന്ന് ദേശീയവാദികളും ശിപായി ലഹളയെന്ന് ബ്രിട്ടീഷ് അനുകൂലികളും വിശേഷിപ്പിക്കുന്ന 1857ലെ സംഭവങ്ങള്‍ക്കുള്ളത്. ലാസ്റ്റ് മുഗള്‍ എന്ന പുസ്തകത്തില്‍ വില്യംഡാര്‍ലിംപിള്‍ മീററ്റിലെ പട്ടാള ബാരക്കില്‍ കലാപം നടത്തി ഡല്‍ഹിയിലെത്തിയ പോരാളികള്‍ ബഹദൂര്‍ ഷാ സഫറിനോട് പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുന്ന സന്ദര്‍ഭമുണ്ട്. 1857 മെയ് പതിനൊന്നിന് ഡല്‍ഹിയിലെത്തിയ പോരാളികള്‍ (അതിലേറെയും ഹിന്ദുമത വിശ്വാസികള്‍) ഡല്‍ഹി ജുമാമസ്ജിദില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ധര്‍മസമരത്തിന്റെ പതാകയുയര്‍ത്തിയെന്നാണ് ഡാര്‍ലിംപിള്‍ എഴുതിയത്. ബ്രിട്ടീഷ് അധിനിവേശകര്‍ക്കെതിരെ ഹിന്ദുക്കളും മുസ്‌ലിംകളുമടങ്ങുന്ന പ്രക്ഷോഭകാരികള്‍ നായകനായി ഉയര്‍ത്തിക്കാട്ടിയത് ബഹദൂര്‍ ഷാ സഫറിനെയായിരുന്നു. ആദ്യം മടികാണിച്ചെങ്കിലും പിന്നീട് അദ്ദേഹം നേതൃസ്ഥാനം ഏറ്റെടുത്തു. മുഗള്‍ സാമ്രാജ്യത്തിന്റെ ആണിക്കല്ലിളക്കിയ തീരുമാനമായിരുന്നു അത്. ഇന്ന് ദേശീയതയുടെ ചിഹ്നങ്ങളായി പ്രതിഷ്ഠിക്കപ്പെടുന്ന പല രാജവംശങ്ങളും രാജാക്കന്‍മാരും ബ്രിട്ടീഷ് പക്ഷപാതികളായി അധിനിവേശത്തെ അംഗീകരിച്ച് മുന്നോട്ട്‌പോയപ്പോള്‍ അവസാന ശ്വാസംവരെ പൊരുതിയൊടുങ്ങിയ ചരിത്രമാണ് മുഗളര്‍ക്കുള്ളത്. അതിനവര്‍ നല്‍കിയ വില വലുതായിരുന്നു. ഇത്രയും സൂചിപ്പിച്ചത് ബഹാദുര്‍ ഷാ സഫറിന്റെ ഓര്‍മ്മകളോട് ഭരണകൂടം പുലര്‍ത്തിപ്പോരുന്ന നിസംഗതയെപറ്റി സൂചിപ്പിക്കാനാണ്. മുഗള്‍ ചരിത്രത്തെ ദേശവിരുദ്ധരാക്കാന്‍ പാടുപെടുന്ന സംഘ്പരിവാര്‍ ഭരണകൂടം ഇതല്ലാതെ മറ്റെന്ത് സമീപനം സ്വീകരിക്കാനാണ് എന്ന് ആലോചിക്കുന്നുണ്ടാവും. പക്ഷേ സംഘ്പരിവാര്‍ ചരിത്ര വായന മാത്രമല്ല, ദേശീയ ചരിത്രകാരന്‍മാരും മതിയായ പരിഗണന നല്‍കിയില്ല എന്നതാണ് വസ്തുത.

1857 നവംബര്‍ 21ന് ഡല്‍ഹിയിലെ ഹുമയൂണ്‍ മഖ്ബറിയില്‍നിന്ന് ബഹദൂര്‍ഷാ സഫറിനെ ക്യാപ്റ്റന്‍ ഹഡ്‌സന്റെ നേതൃത്വത്തിലുള്ള സേന അറസ്റ്റ് ചെയ്തപ്പോള്‍ കൂടെയുണ്ടായിരുന്ന മക്കളെയും കൊച്ചുമക്കളെയും സഫറിനെ സാക്ഷിയാക്കി വെടിവെച്ച് കൊല്ലുകയായിരുന്നു. അങ്ങനെ കൊല്ലപ്പെട്ടവരാണ് മിര്‍സ മുഗളും മിര്‍സാ ഖിള്‌റ് സുല്‍ത്താനുമൊക്കെ. ബര്‍മയിലെ (മ്യാന്‍മര്‍) ഏകാന്ത തടവില്‍ കഴിയുമ്പോള്‍ കവികൂടിയായിരുന്ന ബഹദൂര്‍ ഷാ സഫര്‍ കോറിയിട്ട വരികള്‍ ഇങ്ങനെയാണ്: ‘എത്ര നിര്‍ഭാഗ്യവാനാണ് സഫര്‍; തന്റെ പ്രിയപ്പെട്ട നാട്ടില്‍ അവസാനം മറമാടപ്പെടാന്‍ ഒരു പിടിമണ്ണ് പോലും ലഭിച്ചില്ലല്ലോ’. ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ കരുതിക്കൂട്ടിയുള്ള മറവിളിയിലൂടെ മായ്ച്ചുകളയാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള നല്ല പരിചയാണ് ഓര്‍മ്മപുതുക്കലുകള്‍.

Test User: