X

യു.ഡി.എഫ് സില്‍വര്‍ലൈന്‍ വിരുദ്ധ മനുഷ്യച്ചങ്ങല തീര്‍ക്കും

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ യു.ഡി.എഫ് ഉന്നതാധികാര സമിതി തീരുമാനിച്ചു. പദ്ധതിക്കെതിരെ ജനരോഷം ശക്തമായിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ടുപോകുന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാടില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഓഗസ്റ്റിനുള്ളില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ഓഗസ്റ്റ് 15ന് യു.ഡി.എഫ് സില്‍വര്‍ലൈന്‍ വിരുദ്ധ മനുഷ്യച്ചങ്ങല തീര്‍ക്കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ സില്‍വര്‍ലൈന്‍ കടന്നുപോകുന്ന പാതകളില്‍ ജനങ്ങളെ അണിനിരത്തിയാണ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

ഇതിന് മുന്നോടിയായി നാലു മേഖലാ പ്രചരണ ജാഥകളും സംഘടിപ്പിക്കും. മെയ് 13, 14, 15, 16 തീയതികളിലായാണ് ജാഥ. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യത്തെ മേഖലാ ജാഥ. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ രണ്ടാമത്തെയും എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ മൂന്നാമത്തെയും പ്രചരണ ജാഥ നടക്കും. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നാലാമെത്തെ ജാഥ. ഓരോ ജാഥകളും പതിനാറുവരെ കേന്ദ്രങ്ങളില്‍ പ്രചരണം നടത്തും. പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക, സാമ്പത്തിക ആഘാതം ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജാഥകള്‍. കെ റെയിലിനെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച 100 ജനകീയ സദസുകളില്‍ 32 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ളവ മെയ് മാസത്തില്‍ പൂര്‍ത്തിയാക്കും.

സാമൂഹിക ആഘാത പഠനം എതിരായാലും പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ധാര്‍ഷ്ട്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയ ശേഷവും ഇത് സങ്കീര്‍ണമായ പദ്ധതിയാണെന്നാണ് റെയില്‍വേ മന്ത്രി വ്യക്തമാക്കിയത്. എന്നിട്ടും സര്‍വേ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. കെ റെയില്‍ ഉദ്യോഗസ്ഥരും പൊലീസും ജനങ്ങളെ മര്‍ദ്ദിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ചയാകുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.

സി.പി.എമ്മിന്റെ ദേശീയ നേതൃത്വത്തിന് സില്‍വര്‍ ലൈന്‍ പദ്ധതിയോട് യോജിപ്പില്ല. സിങ്കൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമോയെന്ന് അവര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി പിണറായിയുടെ ആഗ്രഹം മാത്രമാണെന്നാണ് സീതാറാം യെച്ചൂരി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നത്. പദ്ധതിയെക്കുറിച്ച് പഠനം നടത്തിയ ശാസ്ത്ര സാഹിത്യ പരിഷത്ത് ഉള്‍പ്പെടെ ഇടതു ചിന്താഗതിയുള്ള ബഹുഭൂരിപക്ഷവും ഈ പദ്ധതി കേരളത്തിന് അനുഗുണമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും മുഖ്യമന്ത്രി പദ്ധതിയുമായി മുന്നോട്ടുപോകുന്നത് കമ്മീഷനില്‍ കണ്ണുവെച്ചാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ വാര്‍ഷിക ദിനത്തില്‍
യു.ഡി.എഫ് വിനാശ വികസന
വാര്‍ഷികം ആചരിക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനമായ മെയ് 20ന് യു.ഡി.എഫ് വിനാശ വികസന വാര്‍ഷികാചരണം നടത്തും. ഇതിന്റെ ഭാഗമായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും വൈകുന്നേരം നാലുമുതല്‍ ആറുവരെ സായാഹ്ന സത്യഗ്രഹം നടത്തും. കെ റെയില്‍ ജനദ്രോഹ പദ്ധതി, വിലക്കയറ്റം, വ്യാപക അക്രമം, മദ്യ-മയക്കുമരുന്ന് വ്യാപനം എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് സമരം.

Test User: