തിരുവനന്തപുരം: കേരളത്തിന് പാരിസ്ഥിതികവും സാമൂഹ്യവും സാമ്പത്തികവുമായ ആഘാതം സൃഷ്ടിക്കുന്ന കെറെയില്‍പദ്ധതി (സില്‍വര്‍ലൈന്‍)ക്കെതിരായ യു.ഡി.എഫിന്റെ ജനകീയ മാര്‍ച്ചും ധര്‍ണയും കേരളത്തിലുടനീളം നടന്നു.തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് നടന്നത്.
ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലക്ടറേറ്റിനു മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിച്ചു. സെക്രട്ടറിയേറ്റിന് മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യ്തു.കോഴിക്കോട് പി.കെ കുഞ്ഞാലിക്കുട്ടിയും കോട്ടയം കലക്ടറേറ്റിന് മുന്നില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പത്തനംതിട്ട പി.ജെ ജോസഫും ഉദ്ഘാടനം ചെയ്യും. ആലപ്പുഴ യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസനും കൊല്ലത്ത് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസും തൃശ്ശൂരില്‍ ഫോര്‍വേഡ് ബ്ലോക്ക് ദേശീയ ജനറല്‍സെക്രട്ടറി ജി. ദേവരാജനും മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും കണ്ണൂരില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദീഖ് എം.എല്‍.എയും കാസര്‍കോട്് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാമും ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യ്തു. യു.ഡി.എഫ് കക്ഷി നേതാക്കളായ അനൂപ് ജേക്കബ് എറണാകുളത്തും സി.എം.പി ജനറല്‍ സെക്രട്ടറി സി.പി ജോണ്‍ സെക്രട്ടറിയേറ്റിന് മുന്നിലും നാഷണല്‍ ജനതാദള്‍ പ്രസിഡന്റ് ജോണ്‍ ജോണ്‍ തിരുവനന്തപുരത്തും മാണി സി കാപ്പന്‍ കോട്ടയത്തും അഡ്വ. രാജന്‍ബാബു ആലപ്പുഴയിലും പങ്കെടുത്തു.
ചെറിയ പദ്ധതികള്‍ക്ക് പോലും പാരിസ്ഥിതിക പഠനം വേണമെന്നിരിക്കെ കേരളത്തില്‍ ഇതുപോലൊരു പദ്ധതി നടക്കുമ്പോള്‍ പഠനം വേണ്ടെന്ന് തീരുമാനിച്ചത് ആരാണെന്ന് വിഡി സതീശന്‍ ചോദിച്ചു. കെഎസ്ആര്‍ടിസിയില്‍ 18 മാസമായി ശമ്പളം ലഭിക്കുന്നില്ല. രണ്ട് ലക്ഷം കോടി ചെലവാക്കി ആര്‍ക്കുവേണ്ടിയാണ് കെ റെയില്‍ കൊണ്ടുവരുന്നത്. വരും തലമുറകളുടെ മുകളില്‍ പദ്ധതിയുടെ കടം കെട്ടിവയ്ക്കാന്‍ ആണോ വിഡി സതീശന്‍ കുറ്റപ്പെടുത്തി
അതേസമയം കെ റെയലിന്‍ എതിരെയുള്ള സമരം ജനവികാരം ആയി മാറിയതായി കെ സുധാകരന്‍ പറഞ്ഞു. കര്‍ഷകരുടെ മണ്ണിലാണ് പിണറായി വിജയന്‍ കല്ലിടുന്നത് എന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. എന്നാല്‍ തിരുവനന്തപുരത്തു നിന്നും ഹൈസ്പീഡ് ട്രെയിനില്‍ കാസര്‍കോട്ടെത്തി ആളുകള്‍ എന്തുചെയ്യാനാണ് എന്ന് കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പദ്ധതി കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ തകര്‍ക്കുമെന്നും കേരളത്തെ രണ്ടായി വിഭജിക്കുമെന്നും നാടിന്റെ നാശത്തിനു വഴിവെക്കുന്ന പദ്ധതിക്ക് സര്‍ക്കാറിന് എന്തിന് ഇത്ര നിര്‍ബന്ധം എന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.