X

തീരദേശ ഹൈവെ പദ്ധതി അപ്രായോഗികമെന്ന് യു.ഡി.എഫ് സമിതി

തിരുവനന്തപുരം: തീരദേശ ഹൈവെ പദ്ധതി അപ്രായോഗികമെന്ന്, പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട്. ഡി.പി.ആറോ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളോ നടത്താതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരപ്രദേശത്ത് നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് എന്‍.എച്ച് 66 കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസം വികസനത്തിന്റെ പേരിലുള്ള തീരദേശ ഹൈവെ എന്നത് അനിവാര്യമായ പദ്ധതിയല്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ദേശീയ പാത യാഥാര്‍ത്ഥ്യമാകാതിരുന്ന കാലത്താണ് തീരദേശ ഹൈവെയും ഹില്‍ ഹൈവെയും പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാത തീരദേശ ഹൈവെയ്ക്ക് തുല്യമാണ്. അതിനാല്‍ പുതിയൊരു ഹൈവെയുടെ ആവശ്യമില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശത്തുകൂടി ഇനിയുമൊരു ഹൈവെ സാധ്യമല്ല.

താനൂരില്‍ ടിപ്പു സുല്‍ത്താന്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റര്‍ അകലത്തില്‍ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്. മലപ്പുറം ജില്ലയില്‍ ഉണ്ണിയാല്‍ മുതല്‍ ബുഹാള്‍ വരെ 12 കിലോമീറ്റര്‍ തീരദേശ ഹൈവേയ്ക്കായി 9.46 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് വകയിരുത്തിയത് വെറും 41.54 കോടി രൂപയാണ്. അതായത് വീടും സ്ഥലവും ഉള്‍പ്പെടെ നഷ്ട പരിഹാരം 1.75 ലക്ഷം രൂപ മാത്രം. എന്നിട്ടും ദേശീയ പാതയ്ക്ക് കിട്ടിയതു പോലെ കോമ്പന്‍സേഷന്‍ കിട്ടുമെന്ന പ്രലോഭനമാണ് തീരദേശ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.

തീര സംരക്ഷണമാണ് അടിയന്തിരമായി മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇന്ധനത്തിന്റെ വില വര്‍ധനവ് ഉള്‍പ്പെടെയുള്ളവ പരിഹരിക്കണം. നിലവിലുള്ള നാഷണല്‍ ഹൈവെയുമായുള്ള കണക്ടിവിറ്റിയാണ് തീരദേശത്ത് വേണ്ടത്. മൂന്നു പതിറ്റാണ്ടായി കോടികള്‍ ചെലവഴിച്ചിട്ടും പൂര്‍ത്തിയാകാത്ത ദേശീയ ജലപാത പൂര്‍ത്തിയാക്കിയാല്‍ ചരക്ക് നീക്കം ഉള്‍പ്പെടെ ചിലവ് കുറഞ്ഞ രീതിയില്‍ നടത്താം.

തീരദേശ ഹൈവെയ്ക്കല്ല, തീരപ്രദേശത്തെ പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. കടല്‍ ഭിത്തി കെട്ടാത്തതിനെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം കേരളത്തില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മതിയായ പഠനം നടത്താതെ തീരദേശ ഹൈവെയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് സമിതി കുറ്റപ്പെടുത്തി.

ടി.എന്‍ പ്രതാപന്‍, എം. വിന്‍സെന്റ് എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, മോന്‍സ് ജോസഫ് എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, ജി. ദേവരാജന്‍, അഡ്വ. രാജന്‍ ബാബു, സലിം പി. തോമസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ റിപ്പോര്‍ട്ട് യു.ഡി.എഫ് നേതൃത്വത്തിന് ഇന്നലെ കൈമാറി. സിറ്റിംഗ് നടത്തി പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും വിശാദാംശങ്ങള്‍ തേടിയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്.

webdesk13: