കർണാടകയിലെ ഷിരൂരിൽ ഗംഗാവലി നദിയില്‍ കണ്ടെത്തിയ ട്രക്ക് അർജുന്‍റേത് തന്നെയെന്ന് സ്ഥിരീകരിച്ച് ദൗത്യ സംഘം. നദിയില്‍ പുതഞ്ഞ അര്‍ജുന്‍റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്.നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്. പുഴയ്ക്കടിയിലെ ട്രക്കിന്‍റെ കിടപ്പും സ്ഥാനവും ഐബോഡ് ഡ്രോൺ പരിശോധനയില്‍ വ്യക്തമാകും. എന്നാല്‍, മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയില്‍ കഴിഞ്ഞേക്കില്ലെന്നാണ് നാവികസേന അറിയിക്കുന്നത്.
ഇതിനിടെ മണ്ണിടിച്ചിലുണ്ടായ പ്രദേശത്തിന് സമീപത്ത് നിന്ന് തടിക്കഷണങ്ങൾ കണ്ടെത്തി. മത്സ്യതൊഴിലാളികൾക്കാണ് തടിക്കഷണങ്ങൾ ലഭിച്ചത്. ലോറിയിലെ തടിയാണോയെന്ന് കർണാടക പൊലീസ് സ്ഥിരീകരിക്കണമെന്ന് ലോറിയുടമ മുബീൻ പറഞ്ഞു. അത്തരത്തിലുള്ള തടിമരം തങ്ങളുടേത് തന്നെയാണെന്നും പുറമേ നിന്നൊന്നും വരാനില്ലെന്നും ലോറിയുടമ മനാഫും പ്രതികരിച്ചു.