ഫാസിസ ഭരണം തലക്കുമുകളിലെത്തിയിരിക്കുന്ന സാഹചര്യത്തില്‍ നീതിന്യായ കോടതികളാണ് പലപ്പോഴും രക്ഷക്കെത്താറ്. ഹൈക്കോടതികള്‍ മുതല്‍ സുപ്രീംകോടതി വരെ ഇക്കാര്യത്തില്‍ പല നിര്‍ണായക തീരുമാനങ്ങളെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയ്യിടെയായി ചില കോടതികളെങ്കിലും ഇതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നുവെന്ന് സംശയിക്കേണ്ട അവസ്ഥയാണ് വന്നുപെട്ടിരിക്കുന്നത്. ഇത്തരത്തില്‍ സംശയിക്കേണ്ട പല വിധിപ്രസ്താവങ്ങള്‍ നമുക്കു മുമ്പിലുണ്ട്.
എന്നാലിപ്പോള്‍ മറ്റൊരു വഴിക്ക് കോടതികള്‍ തിരിയുന്നുണ്ടോ എന്ന് സംശയിക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. ഒരു പ്രതിക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് അലഹബാദ് ഹൈക്കോടതി ചില വിചിത്രമായ വ്യവസ്ഥകള്‍ ചുമത്തിയതാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. ബറേലിയിലെ ഗോശാലയില്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കാനും അവിടെ ഒരു മാസം പശുക്കളെ സേവിക്കാനുമാണ് പ്രതിയോട് ആവശ്യപ്പെട്ടത്.
കുറ്റാരോപിതരോട് മരങ്ങള്‍ നട്ടുപിടിപ്പിക്കുകയോ സാമൂഹിക സേവനം ചെയ്യുകയോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുകയോ പോലുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ കോടതികള്‍ ആവശ്യപ്പെടുന്ന സമാനമായ ഉത്തരവുകള്‍ മുമ്പും കണ്ടിട്ടുണ്ട്. ഇത്തരം ഉത്തരവുകളില്‍ പലതും കുറ്റം തെളിയിക്കുന്നതിന്മുമ്പ് ശിക്ഷിക്കുന്നതിന് തുല്യമാണ്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ പ്രതി നിരപരാധിയാണെന്ന് അനുമാനിക്കുന്ന തത്വത്തിന് വിരുദ്ധമാണിത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ഒരാള്‍ കുറ്റവാളിയാണോ അല്ലെയോ എന്ന് കണ്ടെത്താനാകൂ. ഇത്തരം നിരവധി ഉത്തരവുകള്‍ സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും റദ്ദാക്കിയിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്.
പീഡനക്കേസില്‍ പ്രതിയായ അലക്കുകാരന് തന്റെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറ് മാസത്തേക്ക് സൗജന്യമായി കഴുകി ഇസ്തിരിയിടണമെന്ന വ്യവസ്ഥയില്‍ ബീഹാറിലെ ഒരു പ്രാദേശിക കോടതി 2021 സെപ്തംബറില്‍ ജാമ്യം നല്‍കിയിരുന്നു. കുറ്റാരോപിതനായ ഒരാള്‍ക്ക് ജാമ്യ വ്യവസ്ഥയായി അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ ഇതേ ജഡ്ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. 2020 ജൂലൈയില്‍ 15 ലധികം ജാമ്യ ഉത്തരവുകളില്‍, മധ്യപ്രദേശ് ഹൈക്കോടതിയുടെ ബെഞ്ച് പ്രതികളോട് അവരുടെ വസതികള്‍ക്ക് സമീപമുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ക്ക് ‘ശാരീരികവും സാമ്പത്തികവുമായ സഹായം’ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു സന്ദര്‍ഭത്തില്‍ സ്ത്രീയെ ശല്യം ചെയ്ത വ്യക്തിക്ക് മധ്യപ്രദേശ് ഹൈക്കോടതി ജാമ്യം അനുവദിച്ചത് സ്ത്രീയോട് രാഖി കെട്ടാന്‍ ആവശ്യപ്പെടുകയും അവളെ സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതിനെതുടര്‍ന്നാണ്. ലൈംഗിക പീഡനക്കേസുകള്‍ കോടതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണിത്.
സാമൂഹ്യ സേവനം ചെയ്യുകയോ പണം സംഭാവന ചെയ്യുകയോ പോലുള്ള ഇത്തരം വ്യവസ്ഥകളില്‍ പലതും ഒരു വ്യക്തി ശിക്ഷിക്കപ്പെടാത്ത കുറ്റത്തിന് ശിക്ഷിക്കുന്നതിന് തുല്യമായിരിക്കും. വിചാരണ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ മാത്രമേ ജാമ്യം നല്‍കാവൂ എന്നും പ്രതിയുടെ ഹാജര്‍ ഉറപ്പാക്കുന്ന ജാമ്യത്തിന്റെ ഉദ്ദേശ്യം ‘ശിക്ഷാവിധിയോ പ്രതിരോധമോ’ ആകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി പല കേസുകളിലും അഭിപ്രായപ്പെട്ടതാണ്. മധ്യപ്രദേശിലെയും കേരളത്തിലെയും പ്രാദേശിക കോടതികള്‍ പ്രതികളോട് ജാമ്യത്തിനുള്ള വ്യവസ്ഥയായി കൊറോണ ദുരിതാശ്വാസത്തിനായി രൂപീകരിച്ച പ്രധാനന്ത്രിയുടെ ഫണ്ടിലേക്ക് പണം നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
ഖാപ് പഞ്ചായത്തുകള്‍ നല്‍കുന്ന ശിക്ഷപോലെയാകരുത് കോടതികളില്‍ നിന്നുണ്ടാവേണ്ടത്. വിചാരണ നടക്കാതെ ജയിലറകളില്‍ കഴിയുന്ന നിരവധി പേരാണ് രാജ്യത്തെ വിവിധ ജയിലുകളില്‍ കഴിയുന്നത്. ഇവരുടെ വിചാരണ വേഗം പൂര്‍ത്തിയാക്കാനാണ് കോടതികള്‍ പരിശ്രമിക്കേണ്ടത്. ആധുനിക കാലഘട്ടത്തില്‍ അതിനുള്ള സൗകര്യമാണ് സര്‍ക്കാറുകള്‍ ഒരുക്കേണ്ടത്. വൈകി ലഭിക്കുന്ന നീതി നിഷേധത്തിന് തുല്യമാണെന്ന വാക്യമാണ് എപ്പോഴും ഓര്‍മയിലുണ്ടാവേണ്ടത്. ജാമ്യ വ്യവസ്ഥയില്‍ ഇത്തരം ശിക്ഷകള്‍ ഉള്‍പ്പെടുത്തുന്നത് പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല.