X
    Categories: indiaNews

ഗൗരി ലങ്കേഷ് വധം: വിചാരണ ജൂലൈ നാലിന്‌

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസിന്റെ വിചാരണ ജൂലൈ നാലിന് തുടങ്ങും. ജൂലൈ മുതല്‍ എല്ലാ മാസവും രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായി കേസില്‍ വാദം കേള്‍ക്കുമെന്ന് ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ ആന്റ് സെഷന്‍സ് ജഡ്ജ് വ്യക്തമാക്കി. തീവ്രഹിന്ദുത്വ ഗ്രൂപ്പ് അംഗങ്ങളായ 17 പേരെയാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘം പ്രതിചേര്‍ത്തിട്ടുള്ളത്.

2017 സെപ്തംബര്‍ അഞ്ചിനാണ് മുതിര്‍ന്ന കന്നഡ മാധ്യമ പ്രവര്‍ത്തകയും ലങ്കേഷ് പത്രിക പത്രാധിപരുമായിരുന്ന ഗൗരി ലങ്കേഷിനെ വീട്ടുപടിക്കല്‍ അജ്ഞാതര്‍ വെടിവച്ചുകൊന്നത്. കേസ് പരിഗണിക്കുന്ന കോടതിയില്‍ പുതിയ ജഡ്ജി ചുമതലയേറ്റതിനു പിന്നാലെയാണ് വിചാരണ നടപടികളിലേക്ക് കടക്കുന്നത്. വിചാരണ വേളയില്‍ മുഴുവന്‍ പ്രതികളുടേയും നേരിട്ടുള്ള സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ സുരക്ഷ കണക്കിലെടുത്ത് പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാല്‍ മതിയെന്ന് വ്യക്തമാക്കിയ കോടതി, പ്രതിഭാഗത്തിന്റെ ആവശ്യം തള്ളി. അറസ്റ്റിലായവരില്‍ ആറുപേര്‍ മറ്റു കേസുകളിലും പ്രതികളായി മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണുള്ളത്. ശേഷിച്ചവര്‍ ബംഗളുരു പരപ്പന അഗ്രഹാര ജയിലിലും.

വിചാരണ ദിവസങ്ങളില്‍ പ്രതികളുടെ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള സാന്നിധ്യം ഉറപ്പാക്കണമെന്ന് രണ്ടു ജയില്‍ അധികൃതര്‍ക്കും നിര്‍ദേശം നല്‍കുന്നതായി കോടതി പറഞ്ഞു. ആദ്യം സാക്ഷികളെ വിസ്തരിക്കണമെന്ന സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഡി ബാലന്റെ ആവശ്യവും കോടതി നിരസിച്ചു. ജുലൈ നാല് മുതല്‍ എട്ടു വരെയായിരിക്കും കേസ് പരിഗണിക്കുക. തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും രണ്ടാമത്തെ ആഴ്ചയില്‍ തുടര്‍ച്ചയായി വാദം കേള്‍ക്കും. നിര്‍ദേശത്തോട് ഇരു വിഭാഗവും സമ്മതം അറിയിച്ചതായി കോടതി പറഞ്ഞു.2021 ഒക്ടോബറിലാണ് കേസില്‍ എസ്.ഐ.ടി കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം അന്തിമ ഘട്ടത്തില്‍ എത്തിയെങ്കിലും കോവിഡ് വ്യാപനവും നിയന്ത്രണങ്ങളും കാരണം കുറ്റപത്രം സമര്‍പ്പിക്കുന്നത് രണ്ടുവര്‍ഷത്തോളം വൈകാന്‍ ഇടയാക്കിയിരുന്നു. ഐ.പി.സി 302 (കൊലപാതകം), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) അടക്കമുള്ള വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നരേന്ദ്ര ദാബോല്‍ക്കര്‍, എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്‍സാരെ വധക്കേസുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അതേ സംഘം തന്നെയാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Chandrika Web: