പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യവും എന്‍ഡിഎയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. 126 സീറ്റുകളില്‍ എന്‍ഡിഎ ആണ് മുന്നിട്ടു നില്‍ക്കുന്നത്. 104 സീറ്റുകളിലാണ് നിലവില്‍ മഹാസഖ്യത്തിന് ലീഡുള്ളത്. 13 സീറ്റുകളില്‍ മറ്റുള്ളവര്‍ മുന്നേറുകയാണ്. ഇതില്‍ ഏഴ് സീറ്റുകളില്‍ എല്‍ജെപിയാണ് മുന്നിലുള്ളത്.
അതേസമയം വോട്ടിങ് മെഷീന്‍ അട്ടിമറിയെക്കുറിച്ചുള്ള സൂചനകള്‍ ബിഹാര്‍ തെരഞ്ഞെടുപ്പിലും ചര്‍ച്ചയാവുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ മഹാസഖ്യം ബഹുദൂരം മുന്നിലായിരുന്നു. 79 സീറ്റുകളില്‍ മഹാസഖ്യം ലീഡ് ചെയ്തപ്പോള്‍ 33 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎക്ക് ലീഡ് ചെയ്യാനായത്. എന്നാല്‍ വോട്ടിങ് മെഷീനുകള്‍ എണ്ണിത്തുടങ്ങിയതോടെ എന്‍ഡിഎ സഖ്യം മുന്നേറുകയായിരുന്നു.
അതേസമയം എന്‍ഡിഎ സഖ്യത്തില്‍ മുഖ്യമന്ത്രി നീതീഷ് കുമാറിന്റെ ജെഡിയുവിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക് വലിയ മുന്നേറ്റമുണ്ട്. ഭരണവിരുദ്ധ വികാരം മുഴുവന്‍ നിതീഷിന്റെ തലയില്‍ കെട്ടിവെച്ച് ബിജെപി നേട്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല ജെഡിയുവിന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി പദം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്കും ഇത് കാരണമാവും.