ഷാര്‍ജ: വിവര്‍ത്തനം ഫോട്ടോകോപ്പിയല്ലെന്നും, ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ അജയ് പി.മങ്ങാട്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ബുക് ഫോറത്തില്‍ ‘പരിഭാഷയും അിന്റെ സാധ്യതകളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്. ഒരു ജാതിയിലുള്ളവര്‍ അതില്‍ തന്നെ നില്‍ക്കുകയും ഇടപഴകല്‍ നടത്താതിരിക്കുകയും ചെയ്യുമ്പോഴുള്ള ഷെയര്‍ ചെയ്യാത്ത അവസ്ഥ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഭാഷാന്തരത്തിന് പറ്റുന്നതല്ല പല രചനകളും എന്നത് തിയറി മാത്രമാണ്. ബഷീറിന്റെ കൃതികള്‍ വിവര്‍ത്തനത്തിന് പറ്റാത്തതാണെന്ന് നിരന്തരം പറഞ്ഞ ആളുകളുണ്ട്. എന്നാല്‍, മലയാളിയല്ലാത്ത ആര്‍.ഇ ആഷര്‍ ആണ് ഇംഗ്‌ളീഷിലേക്കത് ഭാഷാന്തരപ്പെടുത്തിയത്. നമ്മള്‍ ചെയ്യാതിരുന്നത് ആഷര്‍ ചെയ്തു കാണിച്ചു തന്നു.
പരിഭാഷയിലൂടെ മറ്റൊരു വായനാനുഭവം സമ്മാനിക്കപ്പെടണം. പരിഭാഷ പകര്‍ത്തിയെഴുത്തല്ലാതിരിക്കുന്നതിലൂടെയാണത് സാധിക്കുക. പരിഭാഷ സംസ്‌കാരങ്ങളെ കടന്നു പോകുന്ന പാലമായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പരിഭാഷകള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും സാഹിത്യ ചരിത്രത്തില്‍ നിന്നും എടുത്തുദ്ധരിക്കാനാകും. വളരെ പ്രശസ്തനായ, നൊബേലിന് പല തവണ സാധ്യതാ പട്ടികയിലിടം പിടിച്ച ഇസ്മായില്‍ കാദറെ എന്ന അല്‍ബേനിയന്‍ സാഹിത്യകാരന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ച പുസ്തകം ഷേക്‌സ്പിയറിന്റെ ‘മാക്‌ബെത്’ ആണ്. 14 വയസുള്ളപ്പോഴാണ് ഇസ്മായില്‍ കാദറെ അതിന്റെ അല്‍ബേനിയന്‍ വിവര്‍ത്തന കൃതി വായിച്ചത്. താന്‍ മുതിര്‍ന്നിട്ടും മാക്‌ബെത്ത് ഇംഗ്‌ളീഷ് മൂല കൃതി വായിച്ചില്ലെന്നും തന്റെ എല്ലാ പുസ്തകങ്ങളിലും മാക്‌ബെത്തിന്റെ ഇംപാക്റ്റുണ്ടെന്നും അദ്ദേഹം പറയുമ്പോള്‍, ആ സ്വാധീനം മനസ്സിലാക്കാനാകും.
ഇംഗ്‌ളീഷില്‍ നിന്നും ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്ത മാക്‌ബെത്തിന്റെ അല്‍ബേനിയന്‍ പരിഭാഷ വായിച്ച കാദറെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ടു. എത്ര ഭാഷകള്‍ സഞ്ചരിച്ചാണ് ആ കൃതി കാദറെയിലെത്തിയതെന്ന് നോക്കൂ. പരിഭാഷയുടെ അനുഭവ തലമാണിത്. മലയാളി ചുറ്റുപാടില്‍ നിന്നും മാറി മറ്റൊരിടത്ത് പോയി പഠിച്ച്, ജീവിതാനുഭവങ്ങളുണ്ടായി തിരിച്ചെത്തിയ കുമാരാനാശാന്‍ ‘നളിനി’യും ‘ലീല’യും എഴുതിയപ്പോള്‍ വ്യത്യസ്ത രീതി കൊണ്ട് ഭാവന അതിര്‍ത്തികള്‍ കടന്നത് നാം അനുഭവിച്ചു. തന്റെ തന്നെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ ഡോ. കാതറീന്‍ തങ്കം ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ അവരെടുത്ത അധ്വാനമുണ്ടതില്‍. തന്റെ പുസ്തകം അവരുടെ കൂടി പുസ്തകമായി മാറിയ അനുഭവമാണ് അതെന്നാണ് തനിക്ക് അടിവരയിടാനുള്ളതെന്നും അജയ് വ്യക്തമാക്കി.
അജ് പി.മങ്ങാട്ടിന്റെ 25 പതിപ്പുകളിറങ്ങിയ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’, ‘മൂന്നു കല്ലുകള്‍’ തുടങ്ങിയ കൃതികളെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിച്ചു. റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റര്‍ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു. വായനക്കാര്‍ക്ക് ഗ്രന്ഥകാരന്‍ പുസ്തകങ്ങള്‍ ഒപ്പിട്ടു നല്‍കി.