കോഴിക്കോട്: ഗതാഗതം തടസ്സപ്പെടുത്തിയതിന്റെ പേരില്‍ ചുമത്തിയ പിഴ ചലാന്‍ രജിസ്ട്രേഷന്‍ സീരിസ് നമ്പര്‍ മാറി അയച്ചു നല്‍കി കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസ്. ലോറിക്കുള്ള ചലാനാണ് ബൈക്ക് ഉടമയ്ക്ക് അയച്ചത്. സില്‍ക്ക് സ്ട്രീറ്റിന് സമീപം കോഴിക്കോട് ബീച്ചില്‍ അനധികൃത പാര്‍ക്കിങ് നടത്തി എന്ന് കാണിച്ചാണ് പിഴ ചുമത്തിയത്.
കെ.എല്‍. 78 സി 675 നമ്പര്‍ ലോറിക്ക് ചുമത്തിയ പിഴയ്ക്കുള്ള ചെലാനാണ് കെ.എല്‍. 76 സി 675 നമ്പര്‍ ബൈക്കിന്റെ ഉടമയായ ഉണ്ണികുളം വടക്കേവീട്ടില്‍ രാഹുലിന് അയച്ചത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാഹുലിന്റെ ഫോണിലേക്ക് പൊതുസ്ഥലത്ത് ഗതാഗതം തടസ്സപ്പെടുത്തിയതെന്ന് കാണിച്ച് 250 രൂപ പിഴയടയ്ക്കണമെന്ന കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസിന്റെ സന്ദേശം എത്തിയത്.
എന്നാല്‍ ഈ അടുത്തൊന്നും ബീച്ചില്‍ പോവാതിരുന്ന രാഹുല്‍ സന്ദേശത്തോടൊപ്പമുള്ള ലിങ്കില്‍ കയറി ചലാന്‍ പരിശോധിച്ചപ്പോഴാണ് അതില്‍ ബൈക്കിന് പകരം ലോറിയുടെ ഫോട്ടോ കണ്ടത്. ഇതോടെ രജിസ്ട്രേഷന്‍ സീരിസ് നമ്പര്‍ മാറിവന്നതാണെന്ന് മനസ്സിലാക്കിയ രാഹുല്‍ കോഴിക്കോട് സിറ്റി ട്രാഫിക് പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. എന്നാല്‍ നേരില്‍ ഹാജരാവാനായിരുന്നു സ്റ്റേഷനില്‍നിന്നുള്ള നിര്‍ദേശം.