X

പിണറായി രാജാവ് കേരളം ഭരിക്കുന്ന കാലം

റസാഖ് ആദൃശ്ശേരി

തന്റെ സഞ്ചാരപഥത്തില്‍നിന്നും ജനങ്ങളെ ലാത്തിയും തോക്കും ഉപയോഗിച്ചും കമ്പിവേലി കെട്ടിയും ആട്ടിയോടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ആരാണ്? തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പടത്തലവനാണോ? അല്ലേയല്ലയെന്നാണ് എല്ലാവരുടെയും ഉത്തരം. പിന്നെയാരാണ്? സി.പി.എമ്മില്‍ വിഭാഗീയത രൂക്ഷമായിരുന്ന കാലത്ത് വി.എസ് അച്യുതാനന്ദന്‍ പിണറായിയെ ‘ഡാങ്കേയിസ്റ്റ്’ എന്നു വിളിച്ചിട്ടുണ്ട്. മുമ്പ് വി.എസിനും കൂട്ടുകാര്‍ക്കും കിട്ടിയ ശാപത്തിന്റെ ഓര്‍മയിലാണ് അദ്ദേഹം പിണറായിയെ അങ്ങനെ ശകാരിച്ചത്.

1964 ഏപ്രില്‍ 11ന് വി.എസ് അടക്കമുള്ളവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍നിന്നു ഇറങ്ങിപ്പോകുമ്പോള്‍ അന്ന് പാര്‍ട്ടി ചെയര്‍മാനായിരുന്ന ഡാങ്കേ പറഞ്ഞത് ‘പോകുന്നവര്‍ പോകട്ടെ, ആ ശല്യം ഇതോടെ തീരുമല്ലോ’ എന്നായിരുന്നു. സി.പി.എം നേതാവായിരുന്ന പി. രാമമൂര്‍ത്തി തന്റെ ആത്മകഥയില്‍ ഈ ശാപം ഓര്‍ക്കുന്നുണ്ട്.

അന്ന്, വി.എസിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി ശല്യമായിരുന്നുവെങ്കില്‍, പിന്നീട് വി.എസിനെ ഒതുക്കി പിണറായി വിജയന്‍ പാര്‍ട്ടിയെയും ഭരണത്തെയും പിടിച്ചെടുത്തു. ഇന്ന്, സി.പി.എമ്മിനകത്തും ഇടതുമുന്നണിയിലും മന്ത്രിസഭയിലും അദ്ദേഹം പരമാധികാരിയാണ്. പക്ഷേ, ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം ജനങ്ങള്‍ക്ക് ശല്യമായിമാറിയിരിക്കുന്നു. അദ്ദേഹം സഞ്ചരിക്കുമ്പോള്‍ വഴിയില്‍ കാണുന്നവരെ മുഴുവനും പൊലീസ് ആട്ടിയോടിക്കുന്നു. സാധാരണ ജനങ്ങളെവരെ കരുതല്‍ തടങ്കലില്‍വെക്കുന്നു. ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുന്നത്.

ആരെയാണ് മുഖ്യമന്ത്രി ഇങ്ങനെ ഭയക്കുന്നത്? ഒരു ഭീരുവിനെ പോലെ അദ്ദേഹം എന്തിനാണ് ജനങ്ങളില്‍നിന്നും ഓടിയൊളിക്കുന്നത്? ചായ കുടിക്കാന്‍ പോലും മുഖ്യമന്ത്രി പുറത്തിറങ്ങുമ്പോള്‍ നാല്‍പതോളം വാഹനങ്ങളും എണ്‍പതോളം പൊലീസുകാരും അകമ്പടി സേവിക്കുന്നു. സഖാക്കള്‍ ‘ഇരട്ട ചങ്കന്‍’ എന്നു വിളിച്ചിരുന്ന, ആര്‍.എസ്.എസുകാരന്റെ ഊരിപിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന പിണറായി തന്നെയാണിത്.

കാലം അദ്ദേഹത്തെ മുഖ്യമന്ത്രി പദത്തിലെത്തിച്ചപ്പോള്‍ പിന്നിട്ട പാതകള്‍ എല്ലാം മറക്കുകയാണ് പിണറായി. പാവങ്ങളുടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് അമിത നികുതി ഏര്‍പ്പെടുത്തി ജനങ്ങളെ പിഴിയുന്നത്. ഇതിനെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസിനെ ഉപയോഗിച്ച് തല്ലിചതക്കുന്നത്. കഴിഞ്ഞ 11നു കളമശ്ശേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പൊലീസ് അതിക്രൂരമായി മര്‍ദിച്ചു. കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ പിതാവിനെ പോലും തടഞ്ഞുവെച്ചത് മുഖ്യമന്ത്രിക്ക് സഞ്ചാരം ഒരുക്കാന്‍ വേണ്ടിയാണ്. കാന്‍സര്‍ ചികില്‍സക്ക് പുറപ്പെട്ട വീട്ടമ്മയെയും പൊലീസ് ആക്രമിച്ചു. കറുത്ത വസ്ത്രം ധരിച്ചു പുറത്തിറങ്ങാന്‍പോലും കഴിയാത്ത അവസ്ഥ.

മുഖ്യമന്ത്രിയുടെ അകമ്പടി കാറുകളുടെ ഇടയില്‍ പെട്ടുപോയ പാലാ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ചോദിച്ച ചോദ്യം മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ സാധാരണക്കാര്‍ക്ക് റോഡിലൂടെ നടന്നുപോകണ്ടേയെന്നാണ്. പ്രതിഷേധവും കരിങ്കൊടിയും ഭയന്ന് മുഖ്യമന്ത്രിയുടെ യാത്ര ചിലപ്പോള്‍ ഹെലികോപ്ടറിലാക്കുന്നു. ഇങ്ങനെ ജനങ്ങളില്‍ നിന്നും ഓടിയൊളിക്കുന്ന പിണറായി വിജയന്‍ ‘ഇരട്ട ചങ്കന്‍’ അല്ലയെന്നു ഉറപ്പ്.

മുമ്പ് അദ്ദേഹത്തെ ‘സ്റ്റാലിനിസ്റ്റ്’ എന്ന വിളിച്ചവരുണ്ടായിരുന്നു. പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ ആധിപത്യം സ്ഥാപിക്കാന്‍ പലരെയും അദ്ദേഹം വെട്ടിനിരത്തിയിട്ടുണ്ട്. പാര്‍ട്ടിയില്‍ അങ്ങനെ ഒന്നുമല്ലാതായിതീര്‍ന്നവര്‍ അനവധിയുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍, തന്റെ സ്ഥാനം അലംഘനീയവും ഭീതിജനകവുമാക്കിയത് ടി.പി ചന്ദ്രശേഖരന്റെ ചോരപുരണ്ട കൈകള്‍ കൊണ്ടായിരുന്നു. 2016ല്‍ കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്‍ കിരീടാരോഹണച്ചടങ്ങ് നടത്തിയത് നിരായുധരും രോഗികളുമായിരുന്ന എട്ട് മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നുകൊണ്ടായിരുന്നു.

കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ ചുമത്തി ജയിലിലടക്കുകയും വിമര്‍ശിച്ചവരെ, അവര്‍ ചായ കുടിക്കാന്‍ പോയവരല്ലെന്നു പരിഹസിക്കുകയും ചെയ്തയാളാണ് മുഖ്യമന്ത്രി. പിണറായി വിജയനിലെ ‘സ്റ്റാലിനിസ്റ്റ് സ്വഭാവം’ ഇവിടെ വെളിപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലെയും മുന്നണിയിലെയും വിമര്‍ശകര്‍ വാ അടച്ചു. മുഖ്യമന്ത്രിയെ വിമര്‍ശിച്ചാല്‍ തങ്ങളെയും കാത്തിരിക്കുന്നത് ഏറ്റുമുട്ടല്‍ മരണമാകുമോ കാരാഗ്രഹവാസമോ ആയിരിക്കുമെന്ന ചിന്ത അവരെ നടുക്കി. അങ്ങനെയാണ് ഒരു കാലത്ത് പുലിയായിരുന്ന സി.പി.ഐ നേതാവ് കാനം രാജേന്ദ്രന്‍ എലിയായി മാറിയത്. പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രം എന്നറിയപ്പെട്ടിരുന്ന ഡോ. തോമസ് ഐസക്ക്, കവി മന്ത്രിയായിരുന്ന ജി. സുധാകരന്‍, ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ തുടങ്ങിയ പ്രമുഖര്‍ ഒതുങ്ങി പോയത്. കണ്ണൂരിലെ ജയരാജന്മാര്‍ കിട്ടിയത് കൊണ്ടു തൃപ്തിപ്പെട്ടുകഴിയുന്നത്. അവസാനം എല്ലാം പിണറായി കൈയിലൊതുക്കിയിരിക്കുന്നു. ചോദ്യം ചെയ്യപ്പെടാന്‍ കഴിയാത്ത ഏകാധിപതിയായി അദ്ദേഹം മാറിയിരിക്കുന്നു.

പിണറായിയുടെ ഉഗ്രകോപത്തിനിരയായി എല്ലാം നഷ്ട്ടപെട്ടവര്‍ ഇനിയും ആരെക്കെയുണ്ടാവുമെന്നു കുറേ കഴിയുമ്പോള്‍ കാലം പറഞ്ഞുതരും. സ്റ്റാലിന്റെ ക്രൂരതകള്‍ ലോകം അറിഞ്ഞത് അദ്ദേഹത്തിന്റെ മരണശേഷമായിരുന്നല്ലോ. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയും അതുവഴി സോവിയറ്റ് നാടിന്റെ അധിപതിയുമായിരുന്നു സ്റ്റാലിന്‍. കേരളത്തില്‍ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയും അതുവഴി കേരളത്തിന്റെ ഭരണാധിപതിയും ആയ ആളാണ് പിണറായി വിജയന്‍. 1953 മാര്‍ച്ച് 6 ന് സ്റ്റാലിന്‍ മരണപ്പെടുന്നു. തുടര്‍ന്ന് നികിതാ ക്രൂഷ്‌ചേവ് അധികാരമേല്‍ക്കുന്നു.

1956 ഫെബ്രുവരി 25 നു അര്‍ധരാത്രി പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് മുമ്പാകെ ക്രൂഷ്‌ചേവ് സ്റ്റാലിനെ തള്ളിപ്പറയുന്നു. സ്റ്റാലിന്റെ ഭരണകാലത്തുണ്ടായ ക്രൂരതകള്‍ ഓരോന്നോരാന്നായി എണ്ണി പറയുന്നു. പതിനേഴാം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത 139 കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ 98 പേരും സ്റ്റാലിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അറസ്റ്റിലാവുകയും അവിടെവെച്ച് കൊല്ലപ്പെടുകയും ചെയ്‌തെന്ന് ക്രൂഷ്‌ചേവ് പറഞ്ഞു. ക്രൂഷ്‌ചേവിന്റെ വാക്കുകള്‍ കേട്ട് ചിലര്‍ക്ക് ഹൃദയാഘാതമുണ്ടായി എന്നും സമ്മേളനത്തിന്‌ശേഷം ചിലര്‍ ആത്മഹത്യ ചെയ്തു എന്നും കഥകള്‍ പരന്നിരുന്നു. യോഗത്തില്‍ ക്രൂഷ്‌ചേവ് ലോകത്തുള്ള മുഴുവന്‍ കമ്യൂണിസ്റ്റുകാരോടുമായി ആഹ്വാനം ചെയ്തു. ‘കഴിഞ്ഞ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യക്തി പൂജക്കെതിരെ കേന്ദ്ര കമ്മിറ്റി യുദ്ധം പ്രഖ്യാപിക്കുകയാണ്. സഖാക്കളേ, നാം എന്നേക്കുമായി വ്യക്തിപൂജ അവസാനിപ്പിക്കണം’. ക്രൂഷ്‌ചേവിന്റെ ഈ ആഹ്വാനം കമ്യൂണിസ്റ്റ് ചരിത്രത്തിലുണ്ടെങ്കിലും അത് സ്വീകരിക്കാന്‍ കേരളത്തിലെ ഇപ്പോഴത്തെ സഖാക്കള്‍ തയ്യാറായില്ല. മുമ്പ് വി. എസ് അച്യുതാനന്ദന് മാധ്യമങ്ങളും മറ്റും പ്രത്യേക പരിവേഷം ചാര്‍ത്തികൊടുത്തപ്പോള്‍ പാര്‍ട്ടി അതിനെ തള്ളിപ്പറഞ്ഞു.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെയും സഖാക്കള്‍ വ്യക്തിപൂജ കൊണ്ട് അലങ്കരിച്ചപ്പോള്‍ അതും വലിയ വിഷയമായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ കാലത്ത് അതെല്ലാം വിസ്മൃതിയിലായിരിക്കുന്നു. എല്ലാ വിമര്‍ശനങ്ങളെയും സ്വാതന്ത്ര്യത്തിന്റെ ശബ്ദങ്ങളെയും ഞെരിച്ചമര്‍ത്തിക്കൊണ്ട്, സ്തുതിപാഠകരുടെ സംഘത്തെ പിണറായി വളര്‍ത്തിയെടുത്തു. അവര്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി പുകഴ്ത്തി വാനോളമുയര്‍ത്തി. അവര്‍ ‘ഇരട്ട ചങ്കന്‍, ക്യാപ്റ്റന്‍’ തുടങ്ങിയ ഓമനപ്പേരുകള്‍ ചാര്‍ത്തി കൊടുത്തു. പിന്നീട് വന്‍തോതിലുള്ള പണ സമാഹരണത്തിനും ശത്രു നിഗ്രഹത്തിനും നേതൃത്വം കൊടുക്കുന്ന മാഫിയാ സംഘതലവനായി പിണറായി മാറി. ക്രമേണ ആദര്‍ശശുദ്ധിയുടെയും തത്ത്വാധിഷ്ഠിത നിലപാടിന്റെയും പ്രതീകമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം എന്നു സ്വപ്‌നത്തില്‍ പോലും കാണാന്‍ കഴിയാത്ത വിധം ചളികുണ്ടില്‍ സി.പി.എം എത്തി പ്പെട്ടു.

കമ്യൂണിസ്റ്റ് മൂല്യങ്ങളും ജീവിത ശൈലികളും നിരാകരിച്ച് ആര്‍ഭാടവും ധൂര്‍ത്തും നേതാക്കളുടെയും അണികളുടെയും മുഖമുദ്രയായി മാറി. മാഫിയാ സംഘമായി പാര്‍ട്ടി മാറിയിരിക്കുന്നു. അതിന്റെ തലവന്‍ പിണറായി വിജയനും. ക്വട്ടേഷന്‍ സംഘങ്ങളെ തീറ്റിപോറ്റുന്ന പാര്‍ട്ടിയാണിന്ന് സി.പി.എം. പാര്‍ട്ടിയില്‍നിന്ന് വേണ്ടത്ര കിട്ടാതാവുമ്പോള്‍ ഉറക്കെ കൂലി ചോദിക്കുന്ന പാര്‍ട്ടിയംഗങ്ങള്‍ ഏറി വരുന്നു. എടയന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ വിളിച്ചു പറയല്‍ അത്തരത്തിലുള്ള ഒന്നാണ്. ‘പാര്‍ട്ടിക്ക് വേണ്ടി ഞാന്‍ കൊലപാതകം നടത്തിയിട്ടുണ്ട്. ഞങ്ങളെക്കൊണ്ടത് ചെയ്യിച്ചത് എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. ആഹ്വാനം നല്‍കിയവര്‍ക്ക് ജോലി, കൊല നടത്തിയ ഞങ്ങള്‍ക്ക് പട്ടിണി’. ആകാശ് തില്ലങ്കേരി ഇങ്ങനെ വിളിച്ചുപറയുമ്പോള്‍ സി.പി.എം അതിനെ എങ്ങനെ തള്ളി പറഞ്ഞാലും കുറെയേറെ സത്യങ്ങള്‍ അതിലുണ്ടെന്നു അരി ആഹാരം കഴിക്കുന്ന ആര്‍ക്കും മനസ്സിലാവും.

ആകാശ് തില്ലങ്കേരിയാണ് ഷുഹൈബിനെ കൊന്നതെന്നു എം.വി ജയരാജന്‍ പറയുന്നു. അപ്പോള്‍ പാര്‍ട്ടിക്ക് ഇതില്‍ ഒരു പങ്കും ഇല്ലെ? പിന്നെയെന്തിനാണ് ഈ കേസിലെ പ്രതി ആകാശിനെ രക്ഷിക്കാന്‍ പൊതു ഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കിയത്? ശുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കുന്നതിനെ എന്തിനാണ് സി.പി.എം എതിര്‍ക്കുന്നത്? ഈ രീതിയില്‍ ക്വട്ടേഷന്‍ സംഘങ്ങളും മാഫിയയും ആയിതീര്‍ന്ന സി.പി. എമ്മും അതിനു നേതൃത്വം കൊടുക്കുന്ന പിണറായി വിജയനും കേരളത്തിന്റെ ആശങ്കയും ആധിയുമായി മാറുകയാണ്. ഭരണഘടനാനുസൃത ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്നത് സി.പി.എമ്മാണെന്നുള്ളതാണ് ഈ ആധിക്ക് കാരണം.

മൂന്നരക്കോടി മലയാളികളുടെ സ്വപ്‌നങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ചിറക് മുളക്കാനാകാത്ത സ്ഥിതിവിശേഷമാണ് കേരളത്തിലുള്ളത്. ക്വട്ടേഷന്‍ സംഘങ്ങളുടെയും സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെയുമൊക്കെ തുറന്നു പറച്ചിലോടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു. സി.പി.എം ലക്ഷണമൊത്ത ‘രാഷ്ട്രീയ മാഫിയ’ ആയിരിക്കുന്നു. കമ്യൂണിസ്റ്റ് രാഷ്ട്രീയാദര്‍ശങ്ങള്‍ ഉപയോഗിച്ച് പാര്‍ട്ടി വളര്‍ത്തുകയും കമ്യൂണിസ്റ്റ് തത്വങ്ങള്‍ക്ക് വിരുദ്ധമായി ജനാധിപത്യ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ അധികാരത്തില്‍ വരുകയും ചെയ്തവര്‍, പതുക്കെപ്പതുക്കെ അധോലോക ക്രിമിനല്‍ സാമ്പത്തിക സാമ്രാജ്യവും പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നു വിളിപ്പേരുള്ള ക്രിമിനലുകളുടെ വലിയൊരു മാഫിയ ശൃംഖലയുമായി വളരുകയായിരുന്നു. ആ ശൃംഖലയിലെ കണ്ണികളാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍, സ്വപ്‌ന സുരേഷ് തുടങ്ങിയവരൊക്കെ. ക്രിമിനല്‍ മാഫിയ മനസ്സിന്റെ ഉടമകളായത്‌കൊണ്ടാണ് നിര്‍ധനരായവര്‍ക്ക് വീട്‌വെച്ചു കൊടുക്കാന്‍ യു.എ.ഇയിലെ റെഡ് ക്രസന്റ് നല്‍കിയ തുകയില്‍ നിന്നും അടിച്ചു മാറ്റുന്നത്. യോഗ്യതയില്ലാഞ്ഞിട്ടും വലിയ ശമ്പളത്തില്‍ സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രി ജോലി നല്‍കാന്‍ കൂട്ടുനിന്നത്. സ്വപ്‌നയെ ഉപയോഗിച്ച് നടന്ന പല തട്ടിപ്പുകള്‍ക്കും നേരെ കണ്ണടക്കുന്നത്.

 

webdesk13: