കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണമെന്ന് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയത് അടുത്തിടെയാണ്. 76-ാമത് ആഗോള ആരോഗ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്.
കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് വന്നേക്കാമെന്നും സജ്ജരാകണമെന്നുമാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്. ഡിസീസ് എക്സ് എന്നു പേരിട്ടു വിളിക്കുന്ന ഈ അജ്ഞാതരോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. ഇപ്പോഴിതാ യു.കെയിൽനിന്നുള്ള ആരോഗ്യ വിധഗ്ധനും സമാനമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. യു.കെയിലെ വാക്സിൻ ടാസ്ക്ഫോഴ്സിന്റെ അധ്യക്ഷനായിരുന്ന കേറ്റ് ബിംഗാം ആണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
എന്താണ് ഡിസീസ് എക്സ്
ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ, ഡിസീസ് എക്സ് വൈകാതെ വരുമെന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം. ആഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ഡിസീസ് എക്സിന്റെ തീവ്രതയെക്കുറിച്ചു പറയുമ്പോഴും രോഗത്തെക്കുറിച്ചുള്ള വ്യക്തത ഇല്ലായ്മയാണ് പ്രധാന ആശങ്ക. 2018-ലാണ് ലോകാരോഗ്യ സംഘടന ആദ്യമായി ഡിസീസ് എക്സ് എന്ന പദം ഉപയോഗിക്കുന്നത്. ഒരു വർഷത്തിനു പിന്നാലെ കോവിഡ് 19 എന്ന വൈറസ് ഉടലെടുക്കുകയും ലോകമെമ്പാടും വ്യാപിക്കുകയും ചെയ്തു. അന്നും ഡിസീസ് എക്സ് എന്ന് മുന്നറിയിപ്പ് നൽകി ആഗോളതലത്തിൽ തീവ്രമായി വ്യാപിച്ചേക്കാവുന്ന വൈറസ് ഉടലെടുക്കാമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
വൈറൽ മഹാമാരികളെ സ്ഥിരീകരിക്കാനുള്ള കാലതാമസം കുറയ്ക്കുകയും വാക്സിനുകളും ഫലപ്രദമായ ചികിത്സയും ഉടനടി ലഭ്യമാക്കുകയുമാണ് ഡിസീസ് എക്സിന് പ്രാധാന്യം നൽകുന്നതിലൂടെ ലോകാരോഗ്യ സംഘടന ലക്ഷ്യമിടുന്നത്.