മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ഉടന്‍ തന്നെ ലോകകപ്പ് ട്രോഫി ഉയര്‍ത്തുമെന്ന് മുതിര്‍ന്ന ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. 2021 ലെ ട്വന്റി20 ലോകകപ്പ് വിജയിക്കുകയെന്നതു വലിയ കാര്യമാണ്. ഏതൊരു ക്യാപ്റ്റനും അത് ആഗ്രഹിക്കും. അത് കോഹ്‌ലിയെ വലിയ താരമാക്കില്ല. ഇപ്പോള്‍ തന്നെ അദ്ദേഹം വലിയ താരമാണ്. എന്നാല്‍ ലോകകപ്പ് നേടിയ ക്യാപ്റ്റനെന്ന കാര്യം കൂടി കോഹ്‌ലിയുടെ മഹത്വത്തിന്റെ ഭാഗമാകും. ഒരു ട്രോഫിയും സ്വന്തമാക്കാതെ കോഹ്‌ലി കരിയര്‍ അവസാനിപ്പിക്കുമെന്ന് എനിക്കു തോന്നുന്നില്ല.
എന്തായാലും അടുത്തു തന്നെ കോഹ്‌ലി ലോകകപ്പ് ട്രോഫി ഉയര്‍ത്തും. ഒരുപക്ഷേ അത് ട്വന്റി20 ലോകകപ്പ് ആയിരിക്കാം. അല്ലെങ്കില്‍ മറ്റേതെങ്കിലും വിജയം ആകാം- ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഹര്‍ഭജന്‍ പറഞ്ഞു. റെക്കോര്‍ഡുകള്‍ തകര്‍ത്തു മുന്നേറുന്ന കോഹ്‌ലി നിലവിലെ ക്രിക്കറ്റ് താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായാണു വിലയിരുത്തുന്നത്. 32 വയസ്സുകാരനായ കോഹ്‌ലി രാജ്യാന്തര ക്രിക്കറ്റില്‍ 70 സെഞ്ചുറികള്‍ ഇതിനകം പൂര്‍ത്തിയാക്കി.
അതേസമയം ഐസിസി ടൂര്‍ണമെന്റുകളിലെ ഒരു ട്രോഫി എന്നത് ഇപ്പോഴും കോഹ്‌ലിയുടെ സ്വപ്നമായി അവശേഷിക്കുകയാണ്. 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും പാക്കിസ്ഥാനോടു പരാജയപ്പെടുകയായിരുന്നു. 2019 ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലെത്തിയ ഇന്ത്യ ന്യൂസീലന്‍ഡിനോടു തോറ്റു പുറത്തായി.