X

കണ്ണൂര്‍ കൊട്ടിയൂരിൽ മയക്കുവെടി വെച്ച കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാന്‍മലയില്‍ കമ്പി വേലിയില്‍ കുടുങ്ങിയതിനെതുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. കടുവയുടെ വലത് വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ കാട്ടില്‍ പോയി ഇരപിടിക്കുകയെന്നതും വെല്ലുവിളിയാണ്. കാട്ടില്‍ തുറന്നുവിടാനുള്ള പൂര്‍ണ ആരോഗ്യം കടുവയ്ക്കില്ലെന്നും മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും കണ്ണൂര്‍ ഡിഎഫ്ഒ പി. കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.

ഇര തേടി ഭക്ഷണം കണ്ടെത്താൻ കടുവയ്ക്ക് ഉളിപ്പല്ല് അത്യാവശ്യമാണ്. എന്നാൽ പിടികൂടിയ കടുവക്ക് ഉളിപ്പല്ല് നഷ്ടമായതിനാൽ കടുവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുണ്ട്. അതിനാലാണ് കടുവയെ ഉടൻ വനത്തിലേക്ക് വിടില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്.

മണത്തല സെക്ഷൻ ഫോറസ്റ്റിന് കീഴിലുള്ള വനംവകുപ്പ് സംഘം സ്ഥലത്തെത്തിയാണ് കടുവയെ മയക്കുവെടിവച്ചത്. കടുവ രക്ഷപ്പെട്ട് ഓടാനുള്ള സാധ്യത മുൻ നിർത്തി ഇവിടേക്കുള്ള റോഡുകളെല്ലാം പൊലീസ് അടച്ചിരുന്നു. പ്രദേശത്ത് പൊലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ നാലിനാണ് വനത്തോട് ചേര്‍ന്നുള്ള ജനവാസ മേഖലയില്‍ ഏഴ് വയസുള്ള ആണ്‍ കടുവ വേലിയില്‍ കുടുങ്ങിയത്.പുലർച്ചെ നാല് മണിക്ക്  റബ്ബർ ടാപ്പിങ്ങിനായി പോയ തൊഴിലാളിയാണ് റോഡരികിൽ  സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കടുവയെ കണ്ടത്. മുൻ കാലുകളിലൊന്ന് കുരുങ്ങിയ നിലയിൽ അലറുകയായിരുന്നു കടുവ. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി ജനങ്ങളെ പരമാവധി മാറ്റി നിർത്തി രക്ഷ പ്രവർത്തനം ആരംഭിക്കുകയായിരുന്നു. രാവിലെ 11 മണിയോടെ വയനാട്ടിൽ നിന്നും  നിന്നെത്തിയ ഡോക്ടർമാരുടെ വിദഗ്ദ  മയക്കുവെടി വെച്ചു.  അര മണിക്കൂറോളം  കാത്തിരുന്നു. തുടര്‍ന്ന്  മയങ്ങി എന്ന് ഉറപ്പ് വരുത്തിയ ശേഷം കടുവയെ വലയിലാക്കി ലോറിയിൽ സൂക്ഷിച്ച കൂട്ടിലേക്ക് മാറ്റുകയായിരുന്നു.

webdesk14: