കൊച്ചി: കേരളത്തെ സമ്പൂര്‍ണ മാലിന്യവിമുക്ത സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണവകുപ്പും ശുചിത്വ മിഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഗ്ലോബല്‍ എക്‌സ്‌പോ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തി.
മാലിന്യസംസ്‌കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ മനസ്സിലാക്കി നടപ്പാക്കാന്‍ എക്‌സ്‌പോ സഹായമാകും. ആധുനിക സാങ്കേതികവിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദല്‍ ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന നൂറിലേറെ സ്റ്റാളുകള്‍ എക്‌സ്‌പോയില്‍ ഉണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള വിദഗ്ധര്‍, അക്കാദമിക് സ്ഥാപനങ്ങളിലെ പ്രതിനിധികള്‍, വിഷയമേഖലയിലെ സംഘടനകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് പാനല്‍ ചര്‍ച്ചകള്‍, സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, ബിസിനസ് ടു ബിസിനസ് മീറ്റ്, നോളജ് ഹബ്ബ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
126 വിദഗ്ധരാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുക. മികച്ച ആശയങ്ങളും നൂതന സാങ്കേതികവിദ്യകളും അവതരിപ്പിക്കാന്‍ നവസംരംഭകര്‍, ഗവേഷകര്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ക്ക് അവസരമൊരുക്കുന്ന ഇന്നവേറ്റേഴ്‌സ് ഫോറവും ഉണ്ടാകും.മൂന്നുവര്‍ഷത്തിനുള്ളില്‍ മാലിന്യമുക്ത കേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ മേഖലയില്‍ നൂതനസംരംഭങ്ങള്‍ മുഖേന 75,000 തൊഴിലവസരങ്ങളും സൃഷ്ടിക്കും.