അഞ്ചു വര്‍ഷമായി യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് അപക്ഷേ നല്‍കി കാത്തിരിക്കുന്ന രാജ്യമാണ് ബോസ്‌നിയ. നടപടി ക്രമങ്ങളുടെ നൂലാമാലകളില്‍ കുരുങ്ങി അംഗത്വം നീണ്ടുപോകുകയാണ്. 2016 ഫെബ്രുവരി 15ന് അപേക്ഷ നല്‍കിയതു മുതല്‍ യൂറോപ്യന്‍ യൂണിയന്റെ ചോദ്യങ്ങള്‍ക്കെല്ലാം ബോസ്‌നിയന്‍ അധികാരികള്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. അംഗത്വത്തിന് യോഗ്യതയുണ്ടായിട്ടും എന്തുകൊണ്ടാണ് യൂറോപ്യന്‍ യൂണിയന്‍ വാതില്‍ തുറക്കാത്തതെന്ന സംശയത്തിനുള്ള ഉത്തരം പലരുടെയും മനസ്സുകളില്‍ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരാഴ്ച മുമ്പ് ഹങ്കറിയുടെ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനും അദ്ദേഹത്തിന്റെ വക്താവും നടത്തിയ വിദ്വേഷ പ്രേരിത പ്രസ്താവനകളില്‍ അക്കാര്യം മറനീക്കുകയും ചെയ്തു.
ഇരുപത് ലക്ഷം മുസ്‌ലികളുമായി ബോസ്‌നിയക്ക് യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകാന്‍ സാധിക്കില്ലെന്നാണ് ഓര്‍ബന്‍ പറഞ്ഞത്. ബോസ്‌നിയന്‍ പ്രവേശനം യൂറോപ്യന്‍ യൂണിയന്റെ സുരക്ഷക്ക് അപകടം ചെയ്യുമെന്ന് ബുഡാപെസ്റ്റില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ അദ്ദേഹം തുറന്നടിക്കുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്റെ പൊതുവികാരമായി ഇതിനെ കാണാന്‍ പറ്റില്ലെങ്കിലും ഒരു ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിരീക്ഷണം അപക്വവും വിഷലിപ്തവുമാണെന്ന കാര്യത്തില്‍ സംശയമില്ല. തുര്‍ക്കിയും അംഗത്വം തേടി യൂറോപ്യന്‍ യൂണിയന്റെ പടിവാതില്‍ക്കല്‍ കാത്തുകെട്ടി നില്‍ക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ചിലപ്പോള്‍ ഒര്‍ബാന്‍ പറഞ്ഞ കാരണം തുര്‍ക്കിയുടെ അപേക്ഷ കയ്യിലെടുക്കുമ്പോള്‍ യൂറോപ്യന്‍ നേതാക്കളെ നിയന്ത്രിക്കുന്നുണ്ടാകാം. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഒറ്റപ്പെട്ട വാര്‍ത്തയായി ഒര്‍ബാന്റെ പ്രസ്താവന ഒതുങ്ങി. കുറച്ചു കാലമായി മുസ്‌ലിം വിരുദ്ധതക്ക് ലോകമെങ്ങും ഔദ്യോഗിക മുഖം കൈവന്നു തുടങ്ങിയിട്ടുണ്ട്.
ഏറ്റവുമൊടുവില്‍ ഹരിദ്വാറില്‍ മുസ്‌ലിംകള്‍ക്കെതിരെ ഉയര്‍ന്ന കൊലവിളികള്‍ സമാധാന കാംക്ഷികളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമെന്ന് ആഹ്വാനം ചെയ്ത വര്‍ഗീയ ഭ്രാന്തന്മാര്‍ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. പൊലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യവും പുറത്തുവന്നിരിക്കുന്നു. ഇന്നലെ അറസ്റ്റിലായ കാളിചരണ്‍ മഹാരാജ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കും മുസ്‌ലിംകള്‍ക്കുമെതിരെ അങ്ങേയറ്റം നിന്ദ്യമായ പരാമര്‍ശങ്ങളാണ് നടത്തിയത്.പുരോഗമന സമൂഹങ്ങളെന്ന് അവകാശപ്പെടുന്ന അമേരിക്കയിലും യൂറോപ്പിലുമെല്ലാം ഔദ്യോഗിക തലത്തില്‍ മുസ്‌ലിം വിരുദ്ധ വികാരവും വിദ്വേഷ പ്രേരിത അക്ര മങ്ങളും വര്‍ദ്ധിച്ചതിന് എത്രയോ ഉദാഹരണങ്ങള്‍ ലോകം കണ്ടുകഴിഞ്ഞു. മുസ്‌ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ പോലും മുന്‍ പ്രസിഡന്റ് ട്രംപ് ധൈര്യം കാണിച്ചു. പല യൂറോപ്യന്‍ രാജ്യങ്ങളിലും മുസ്‌ലിംകള്‍ക്കെതിരെ നിയമനിര്‍മാണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം സ്ത്രീകളുടെ മുഖാവരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അവസാന യൂറോപ്യന്‍ രാജ്യം സ്വിറ്റസര്‍ലന്‍ഡാണ്. ഫ്രാന്‍സില്‍ ഹിജാബ് നിരോധന നിയമം പ്രാബല്യത്തില്‍ വന്നതിന് ശേഷം 1600 അറസ്റ്റുകള്‍ നടന്നുവെന്നാണ് കണക്ക്.
മതപരവും രാഷ്ട്രീയവുമായ വിദ്വേഷങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ സമൂഹ മനസ്സിനെ കാര്‍ന്നുതുടങ്ങിയതിന്റെ പ്രത്യക്ഷ ലക്ഷണങ്ങളാണ് ഇവയെല്ലാം. ആശയപരമായും വിശ്വാസപരമായും എതിര്‍പക്ഷത്തുള്ളവരെ മുഴുവന്‍ ശത്രുക്കളായി കാണുകയും അവരുടെ ഉന്മൂലനം ആഗ്രഹിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിദ്വേഷ പ്രേരിതമായ ചിന്തകളും നടപടികളും അടിയന്തര ചികിത്സ അനിവാര്യമായ മനോരോഗമാണ്. രാഷ്ട്രത്തിന്റെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ മാറ്റിവെച്ച് മനുഷ്യരായി ജനിച്ച എല്ലാവരെയും സഹോദരങ്ങളായി കാണാനും ഉള്‍ക്കൊള്ളാനുമുള്ള മാനസിക വിശാലതയിലേക്ക് സമൂഹം വളരേണ്ടതുണ്ട്. വിവേചനങ്ങളോടും അനീതികളോടും പ്രതികരിക്കാന്‍ നില്‍ക്കാതെ മൗനത്തിലേക്ക് ഉള്‍വലിയുന്ന പ്രവണതയും ഏറിവരുന്നുണ്ട്. വേട്ടയാടപ്പെടുന്നത് ആരായാലും അവര്‍ക്ക് സംരക്ഷണ വലയമൊരുക്കുകയും സമൂഹത്തില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യേണ്ടത് മനുഷ്യരെന്ന നിലയില്‍ എല്ലാവരുടെയും ബാധ്യതയാണ്. ഇതില്‍ മത, ജാതി, വര്‍ണ വിവേചനങ്ങളുണ്ടാകരുത്. ഇന്ത്യയെന്ന മഹത്തായ രാജ്യം ലോകത്തിന് കാട്ടിക്കൊടുത്തതും അതാണ്.