മൂന്നാം തരംഗം വ്യത്യസ്തം;വിചിത്ര വാദവുമായി ആരോഗ്യമന്ത്രി

കോവിഡ് പടരുമ്പോഴും ഭയമോ ആശങ്കയോ വേണ്ടെന്ന വിചിത്ര നിലപാടിലാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സി.പി.എം സമ്മേളനം ഉള്‍പ്പെടെ പാര്‍ട്ടിയും സര്‍ക്കാറും നേരത്തെ തീരുമാനിച്ച പരിപാടികള്‍ സുഗമമായി നടത്തിത്തീര്‍ക്കാന്‍ ഒമിക്രോണ്‍ വ്യാപനത്തെ നിസാരമാക്കുകയാണ് വകുപ്പ് തലത്തില്‍. രോഗവ്യാപനം കൈവിട്ടതോടെ കോടതിയില്‍ നിന്നുള്‍പ്പെടെ കടുത്ത വിമര്‍ശനവും നിയന്ത്രണ ഉത്തരവും വന്നതോടെ നിലപാടുകളെ ന്യായീകരിക്കാന്‍ ആശുപത്രി കണക്കുകള്‍ നിരത്തിയാണ് മന്ത്രിയുടെ വിചിത്ര വാദങ്ങള്‍. ജില്ലയിലെ ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം അനുസരിച്ചാണ് നിയന്ത്രണം. നിലവിലെ രണ്ട് ലക്ഷത്തോളം സജീവ കേസുകളില്‍ മൂന്ന് ശതമാനം മാത്രമാണ് ആശുപത്രികളിലുള്ളത്. മെഡിക്കല്‍ കോളജുകളില്‍ ഐസിയുവിലുള്ളവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണ്‍ പെട്ടെന്ന് വ്യാപിക്കുമെങ്കിലും ഗുരുതരാവസ്ഥ കുറവാണ്. പ്രായമായ മറ്റു രോഗമുള്ളവരിലും വാക്‌സിനെടുക്കാത്തവരിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നുകൂടി മന്ത്രി മുന്നറിയിപ്പ് നല്‍കുന്നു.

18 വയസിന് മുകളില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ 100 ശതമാനമായതോടെ ഭൂരിപക്ഷം പേര്‍ക്കും പ്രതിരോധ ശേഷി കൈവരിക്കാനായതിനാലാണ് ഇപ്പോള്‍ കേസുകള്‍ ഉയരുമ്പോഴും ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കുറയുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു. ഒന്നും രണ്ടും തരംഗങ്ങളില്‍ കേരള മോഡല്‍ ‘ഐസിയു’ അനുഭവപാഠം ഓര്‍ക്കുന്നത് കൊണ്ടാണ് ഗുരുതര രോഗമുള്ളവര്‍ പോലും ആശുപത്രിയിലേക്ക് തങ്ങളില്ലെന്ന് പറഞ്ഞ് വീടുകളില്‍ കഴിയുന്നത്. ആശുപത്രികളിലെ കണക്കുകള്‍ കുറയുന്നതിനു പിന്നില്‍ ഇങ്ങനെയും ചില അനുഭവങ്ങളുണ്ടെന്ന് പൊതുജനം പറയുന്നു.

കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് രോഗലക്ഷണമുള്ളവര്‍ മാത്രം പരിശോധന നടത്തിയാല്‍ മതിയെന്നതിനാല്‍ പരിശോധന നടത്തുന്ന വലിയ വിഭാഗത്തിനും കോവിഡ് വരാന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ടി.പി.ആര്‍ ഉയരുന്നത് സ്വാഭാവികം മാത്രമാണെന്നാണ് ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം മാറ്റിയതിന് മന്ത്രിയുടെ ന്യായീകരണം. മൂന്നാം തരംഗം മുന്നില്‍ കണ്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ പ്രധാന ആശുപത്രികളില്‍ ഐസിയു, ഹൈ കെയര്‍ കിടക്കകള്‍, വെന്റിലേറ്റര്‍, പീഡിയാട്രിക് ഐസിയു കിടക്കകള്‍, പീഡിയാട്രിക് വെന്റിലേറ്ററുകള്‍, ഓക്‌സിജന്‍ കിടക്കകള്‍, സാധാരണ കിടക്കകള്‍ എന്നിവ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി ലിക്വിഡ് ഓക്‌സിജന്റെ സംഭരണശേഷിയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം രോഗബാധിതരാകുന്ന സാഹചര്യത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലെ പ്രയോഗിക നടപടികളെക്കുറിച്ച് മൗനം പാലിക്കുകയാണ് മന്ത്രി. മാത്രമല്ല കോവിഡ് ബ്രിഗേഡുകളെ പറ്റിയും മിണ്ടാട്ടമില്ല. യഥാസമയം പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ പോലും നല്‍കാതെ അവരെ ദുരിതത്തിലാക്കിയതിനാല്‍ ഇത്തവണ മുന്നണിപ്പോരാട്ടത്തിന് പോരാളികള്‍ കുറവാണ്.

Test User:
whatsapp
line