കേരളത്തില്‍ മൂന്നാം ഊഴം സി.പി.എമ്മിന്റെ ലക്ഷ്യമാണ്. ബി.ജെ.പിയും കേന്ദ്രത്തില്‍ അതേ ലക്ഷ്യം പിന്തുടരുന്നു. ഇതു നേടിയെടുക്കാന്‍ ആ പാര്‍ട്ടികള്‍ ആവശ്യമുള്ളതെല്ലാം ചെയ്യും. പ്രത്യയശാസ്ത്രപരമായ വിഷയങ്ങളില്‍ പോലും സന്ധി ചെയ്‌തേക്കാം. കേരള സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച വികസനരേഖ വലതുപക്ഷ നിയോലിബറല്‍ സാമ്പത്തിക നയമായിരുന്നു. അതിന്റെ ഏറ്റവും സമൂര്‍ത്തവും വികസിതവുമായ രൂപമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. മൂന്നാമതൊരിക്കല്‍കൂടി കേരളത്തിലും കേന്ദ്രത്തിലും അധികാരത്തില്‍ വരികയെന്നത് അസാധ്യമായ കാര്യങ്ങളാണെന്ന് രണ്ടു കൂട്ടരും കരുതുന്നില്ല.
ഡി.എം.കെ, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ ഭരണത്തിലുള്ള സംസ്ഥാന കക്ഷികളും അവരവരുടെ ഭരണം നിലനിര്‍ത്തണമെന്നും വീണ്ടും തിരിച്ചുവരണമെന്നും ആഗ്രഹിക്കുമല്ലോ. തങ്ങളുടെ ഭരണം നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കാത്ത ഒരു ഭരണാധികാരിയും ലോകത്തു കാണില്ല. വസ്തുത ഇതായിരിക്കെ ആര്‍ക്കാണ് വിശാല മതേതര സഖ്യം ദേശീയതലത്തില്‍ രൂപപ്പെടുത്താന്‍ തിടുക്കം! ആര്‍ക്കാണ് ഫാസിസ്റ്റ് ഏകാധിപത്യ-വര്‍ഗീയ-വംശീയ കോര്‍പറേറ്റ് ഭരണത്തെ അതിവേഗം തുരത്തേണ്ടത്? മഹാഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനത അത് കാംക്ഷിക്കുന്നുണ്ടായിരിക്കാം.
അഥവാ അവര്‍ ആഗ്രഹിക്കേണ്ടത് അതു തന്നെയാണ്. എങ്കിലും തിരഞ്ഞെടുപ്പുകാലങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അങ്ങനെയൊരാഗ്രഹം അവരുടെ ഉള്ളില്‍ കടന്നിട്ടില്ലെന്നും ജനവിരുദ്ധ ബി.ജെ.പി ഭരണം അവസാനിപ്പിക്കണമെന്നും മതേതര ജനാധിപത്യ ബദല്‍ വേണമെന്നും വ്യാപകമായി ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും മനസ്സിലാകും. വിശാല മതേതര സഖ്യം ഇതുവരെ ഉണ്ടായില്ല. ഇന്നും അമൂര്‍ത്തമായ ഒരാശയമാണത്. ആദ്യം ആ സഖ്യം ഉണ്ടാക്കിയെടുക്കണം. അതുതന്നെ കാഠിന്യമേറിയ ജോലിയാണ്. അതിന് മെനക്കെടാന്‍ തയ്യാറുള്ള രാഷ്ട്രീയ കക്ഷികള്‍ ഏതാണ്? അധര സേവയില്‍ ഒതുങ്ങുന്ന മതേതര സഖ്യം, പ്രവൃത്തിപഥത്തില്‍ വരുത്താന്‍ ആരെങ്കിലും ഇറങ്ങിത്തിരിക്കണം. ജനം തിരയുന്നത് അവരെയാണ്.
പ്രാദേശിക കക്ഷികളുടെ ദേശീയ ധാരണകള്‍ക്ക് പരിമിതിയുണ്ട്. ബി.ജെ.പിയുടെ ആരോഹണ കാലഘട്ടമാണിത്. അതിന്റെ അവരോഹണ ഘട്ടം വരാതിരിക്കില്ല. അതിനുമുമ്പ് എന്തൊക്കെ നഷ്ടങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും സംഭവിക്കുമെന്നറിയില്ല. ബി.ജെ.പിയുടെ മുന്നേറ്റം തടയാന്‍ ബോധപൂര്‍വം വല്ലതും ചെയ്യേണ്ട സമയമാണിത്. അത് ചെറിയൊരു ഉത്തരവാദിത്തം അല്ല. അതിനുതക്ക കെല്‍പ്പുവേണം. പല പാര്‍ട്ടികള്‍ ചേര്‍ന്നാലതു നേടാം. വലതുപക്ഷ ഫാസിസ്റ്റ് വര്‍ഗീയ രാഷ്ട്രീയം കളിക്കുന്ന കക്ഷികള്‍ക്ക് ഫലഭൂയിഷ്ഠമായ മണ്ണാണ് ഭാരതം. ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാഷ്ട്രങ്ങളേക്കാള്‍ നല്ല അടിത്തറ ഫാസിസത്തിന് ഇവിടെയുണ്ട്. നൂറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന ജാതി സമ്പ്രദായം ഫാഷിസത്തിന്റെ സാംസ്‌കാരിക അടിത്തറയായി വര്‍ത്തിക്കുന്നു. ജനങ്ങള്‍ പല തട്ടുകളിലാണ്. അവരെ തമ്മിലടിപ്പിക്കാനും മതരാഷ്ട്രീയത്തിനു വളമാക്കാനും കഴിയും. ഇറ്റലിയിലും ജര്‍മ്മനിയിലും രാഷ്ട്രീയ പ്രത്യാശാസ്ത്രമായി വന്നതാണ് ഫാഷിസം. അതു ശക്തമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ച ശേഷം തല്‍ക്കാലം തിരശ്ശീലക്കു പിന്നിലേക്ക് മറഞ്ഞു.
മതേതര കക്ഷികളില്‍ അധികവും ബി.ജെ.പിയുടെ ശാക്തിക പ്രഹരശേഷികളെ ലഘൂകരിച്ചു കാണുന്നു. മറ്റു ചിലര്‍ അതിനെ പര്‍വതീകരിക്കുന്നു. ഒരു ബദല്‍ പണിയാന്‍ എളുപ്പമല്ല. എങ്കിലും അതു ചെയ്യാന്‍ ചിലര്‍ വേണം. പണ്ടൊക്കെ കമ്യൂണിസ്റ്റുകാരെ കുറിച്ച് ചില ധാരണകളും വിശ്വാസങ്ങളും നിലനിന്നിരുന്നു. അവരുടെ ഫാഷിസ്റ്റ് വിരുദ്ധ പ്രതിബദ്ധത തെളിയിക്കപ്പെട്ടതായിരുന്നു. ഇന്നിതാ അവരും ഉരുണ്ട് കളിക്കുന്നു. അതിശക്തമായ കേന്ദ്ര സര്‍ക്കാറിനോടും ബി.ജെ.പിയോടും ഏറ്റുമുട്ടി മൂന്നാമൂഴമെന്ന ഭാവിസാധ്യതയും കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികളുടെ ഗുണഭോക്തൃ സുഖവും കളയാന്‍ അവര്‍ ആഗ്രഹിക്കുന്നുവോ? ഒരിക്കലുമില്ല. ബി.ജെ.പിക്കാവട്ടെ സി.പി.എമ്മിനോട് കേരളത്തില്‍ ഉടനെ ഏറ്റുമുട്ടിയാല്‍ അതിന്റെ പ്രയോജനം യു.ഡി.എഫ് കൊണ്ടുപോകുമെന്നറിയാം. ബി.ജെ.പിയുടെ ദേശീയ നേതൃത്വം കേരളത്തില്‍ അതിന്റെ വളര്‍ച്ചക്ക് ഇനിയും സമയമെടുക്കുമെന്നും മനസ്സിലാക്കുന്നു. ഇവിടെ ബി.ജെ.പിയെ വളര്‍ത്താനുള്ള വിദ്യ സി.പി.എമ്മിനെ നിലനിര്‍ത്തലും വളര്‍ത്തലും അവരെ ഉപയോഗപ്പെടുത്തി കോണ്‍ഗ്രസിനെ തകര്‍ക്കലുമാണ്.
ഈ തന്ത്രം ബി.ജെ.പി കേന്ദ്രനേതൃത്വം കേരളത്തില്‍ നന്നായി പയറ്റുന്നു. അതോടെ കോണ്‍ഗ്രസ് മുക്തഭാരതമെന്ന അവരുടെ മുദ്രാവാക്യം സഫലമായേക്കാം. സി.പി.എം മുക്തഭാരതം എന്ന മുദ്രാവാക്യം ബി.ജെ.പിക്കില്ലല്ലോ. ആ മുക്തി പണ്ടേ കൈവരിച്ചു കഴിഞ്ഞതാണ്. ഇന്ത്യന്‍ രാഷ്്ട്രീയത്തില്‍ സി.പി.എമ്മിനു അത്ര പ്രസക്തിയൊന്നുമില്ല. ആദ്യം കേരളത്തില്‍ ബി.ജെ.പി വളര്‍ത്തുക, അതിനു സഹായകരമാവാന്‍ കോണ്‍ഗ്രസിനെ നശിപ്പിക്കുക, ആ പണി ചെയ്യാന്‍ പ്രധാനമായും സി.പി.എമ്മിനെ മുന്നില്‍ നിര്‍ത്തുക. അതിനു വേണ്ടി സി.പി.എമ്മിന്റെ ഭരണത്തില്‍ ഇടങ്കോലിടാതെ തുടരാന്‍ അനുവദിക്കുക എന്നതാണ് ബി.ജെ.പി നയം.
കെ റെയില്‍ നിര്‍മാണ വിഷയത്തില്‍ അവസാനം കേന്ദ്രം സി.പി.എം സര്‍ക്കാറിനെ സഹായിക്കും. ബി.ജെ.പി നേതാക്കളുടെ ഈ കൂര്‍മബുദ്ധി സൗകര്യമായി സി.പി.എം കാണുകയാണ്. കേരളത്തില്‍ അതോടെ സി.പി.എമ്മും തകര്‍ന്നുകൊള്ളും. കോണ്‍ഗ്രസ് പാര്‍ട്ടിയുമായി മതേതര സഖ്യം വരാതെ നോക്കുന്നതില്‍ സി.പി.എമ്മിനുള്ള താല്‍പര്യം ബി.ജെ.പിയുടെത് കൂടിയാണ്. കേരളത്തിലെ ഭരണം സി.പി.എമ്മിന് സര്‍വപ്രധാനമാണ്. ഇന്ത്യയിലെ ഈ തുരുത്ത്കൂടി അനാഥമാകാതിരിക്കാന്‍ അവര്‍ എന്തുവിലയും കൊടുക്കും. അതിനെക്കാള്‍ മുന്‍ഗണന ദേശീയ മതേതര സഖ്യത്തിന് അവര്‍ കല്‍പിക്കാന്‍ ഇടയില്ല. കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനു വിസമ്മതിക്കുന്നതിലൂടെയും കോണ്‍ഗ്രസ് വിരുദ്ധത ഉയര്‍ത്തിപിടിച്ചും ദേശീയ ബദലിനെ അവര്‍ ദുര്‍ബലമാക്കുന്നു. അതില്‍ ബി.ജെ.പിയും സന്തുഷ്ടരാണ്.
പാര്‍ട്ടി കോണ്‍ഗ്രസിലെ രാഷ്ട്രീയവും ചര്‍ച്ചകളും വഴിതിരിച്ചുവിട്ടത് കേരള ഘടകമാണ്. പാര്‍ട്ടി മെമ്പര്‍ഷിപ്പിന്റെ പാതിയും ഭരണവും പണവും അവര്‍ക്കാണല്ലോ. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ചേര്‍ന്ന വിശാല മതേതര സഖ്യരാഷ്ട്രീയം ഉയര്‍ത്തിപിടിക്കുന്ന നയം പാര്‍ട്ടി കോണ്‍ഗ്രസില്‍ മേല്‍ക്കൈ നേടാതെ പോയി. യച്ചൂരി ഉള്‍പ്പെടെ നിരാശപ്പെട്ടു കാണും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നയിക്കുന്ന മന്ത്രിസഭ സി.പി.എം ഒരിക്കലും അംഗീകരിക്കില്ല. അതു കേരളത്തില്‍ സി.പി.എമ്മിന്റെ സാധ്യതയെ ബാധിക്കും. കോണ്‍ഗ്രസ് വിരുദ്ധത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുതിയ കാര്യമല്ല. കോണ്‍ഗ്രസ് മതേതരത്വം തെളിയിക്കുകയും അതിന്റ ബദല്‍ നിലപാടുകള്‍ പ്രഖ്യാപിക്കുകയും ചെയ്യണമെന്ന മുന്‍ ഉപാധിയാണ് ഇപ്പോഴും കൊണ്ടുവരുന്നത്. ഈ നിബന്ധന ഇക്കാലം വരെ മറ്റൊരു പാര്‍ട്ടിയുടെ മുമ്പിലും സി.പി.എം വെച്ചതായി അറിയില്ല. മൊറാര്‍ജി ദേശായിക്കും വി.പി സിംഗിനും ജോര്‍ജ്ജ് ഫര്‍ണാണ്ടസിനും പിന്തുണ കൊടുക്കാന്‍ ഒരു ഉപാധിയും കണ്ടില്ല. ഭാരതീയ ജനസംഘം, സംഘടനാ കോണ്‍ഗ്രസ്, പി.ഡി.പി തുടങ്ങിയ ചെറുതും വലുതുമായ എത്ര പാര്‍ട്ടികളോട് ചേര്‍ന്നു. ഒരിക്കലും ഉപാധികള്‍ ഉണ്ടായിരുന്നില്ല. എം.കെ സ്റ്റാലിനോടോ മമതയോടോ കെജ്രിവാളിനോടോ തെലുങ്കാന മുഖ്യമന്ത്രിയോടോ ഉപാധികള്‍ ഉന്നയിച്ചു കണ്ടില്ല. ചരിത്രം എല്ലായിടത്തും സാക്ഷിയാണ്. കോണ്‍ഗ്രസാണ് ഇന്ത്യയുടെ മതേതര ദേശീയ പാരമ്പര്യമുള്ള പാര്‍ട്ടി. അവര്‍ക്കാണ് ചെറുതെങ്കിലും മിക്ക സംസ്ഥാനങ്ങളിലും പിന്‍ബലമുള്ളത്. അവരാണ് സത്യത്തില്‍ മറ്റു പാര്‍ട്ടികളെ മുഴുവന്‍ വിളിച്ചുവരുത്തി മതേതര വിശാല സഖ്യത്തിനായി പരിശ്രമിക്കേണ്ടത്. വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടതും അവര്‍തന്നെ. അതു കോണ്‍ഗ്രസ് ചെയ്യണം. ഉപാധിയൊന്നുമില്ലാതെ സി.പി.എം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ മതേതര ബദലിന്റെ ഭാഗമാക്കാനവര്‍ക്കു കഴിയും.
ബി.ജെ.പിയാണ് മുഖ്യ എതിരാളിയെങ്കില്‍, അവരെ അധികാരത്തില്‍നിന്ന് നീക്കലാണ് ലക്ഷ്യമെങ്കില്‍ സമാനമനസ്‌ക്കര്‍ ഒന്നിച്ചുചേരണം. സൈദ്ധാന്തിക ദാര്‍ഷ്ട്യം സി.പി.എമ്മിനെ കാണുകയുള്ളൂ. മറ്റുള്ളവര്‍ ഒന്നുചേര്‍ന്നാല്‍ അതുമാറും. യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ പ്രക്ഷോഭങ്ങളിലൂടെ മുന്നോട്ട് പോവുമ്പോള്‍ യോഗ്യരായ നേതാക്കള്‍ ഉരുതിരിഞ്ഞുവരും. എല്ലാവര്‍ക്കും സ്വീകാര്യമായ നേതാക്കള്‍ ആരായാലും അത്തരം നേതാക്കളുടെ പാര്‍ട്ടി ഏതായാലും അവരാണ് വിശാലമതേതര സംഖ്യത്തെ നയിക്കേണ്ടത്. ലക്ഷ്യം ബി.ജെ.പിയുടെ ഭരണം അവസാനിപ്പിക്കലാണെങ്കില്‍ അതു വേണ്ടിവരും.