X

ഹോംവര്‍ക്ക് ചെയ്യാത്തതിന് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചു; പതിനൊന്നുകാരന് വെള്ളപ്പാണ്ട് സ്ഥിരീകരിച്ചതായി മാതാപിതാക്കള്‍

ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ ടീച്ചര്‍ ക്രൂരമായി മര്‍ദിച്ച പതിനൊന്നുകാരന് വെള്ളപ്പാണ്ട്  ബാധിച്ചുവെന്ന് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയാണ് ഈ ആരോപണവുമായി രംഗത്തെത്തിയത്. ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ യിഫു പ്രാഥമിക വിദ്യാലയത്തിലാണ് സംഭവം നടന്നത്. ലിയു എന്ന പതിനൊന്നുകാരനെയാണ് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ വലത്തേ കവിളില്‍ മൂന്ന് തവണയും ഇടത്തേ കവിളില്‍ ഒരു തവണയുമാണ് ടീച്ചര്‍ അടിച്ചത്. ഹോംവര്‍ക്ക് ചെയ്തില്ലെന്ന് പറഞ്ഞാണ് ടീച്ചര്‍ മറ്റു കുട്ടികളുടെ മുന്നിലിട്ട് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ കുട്ടിയുടെ മുഖത്ത് നീരുവെച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെ ഉടന്‍ തന്നെകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ഹുവാംഗ് പറഞ്ഞു. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ലിയുവിന്റെ മുഖത്ത് പാടുകളില്‍ നിറം മങ്ങാന്‍ തുടങ്ങി. മുഖത്ത് വെള്ളപ്പാണ്ടിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ചര്‍മ്മത്തിലെ പിഗ്മെന്റ് സെല്ലുകള്‍ ക്രമേണ നഷ്ടപ്പെട്ട് ശരീരത്തില്‍ വെളുത്ത പാടുകള്‍ പടരുന്ന അവസ്ഥയാണ് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട്.

കുട്ടിയുടെ ശരീരത്തിലും ഇത്തരം വെള്ളപ്പാടുകള്‍ ദൃശ്യമായതോടെ ഹുവാംഗ് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. കുട്ടിയെ മര്‍ദിച്ച ടീച്ചറെ ബന്ധപ്പെടാനും ഹുവാംഗ് ശ്രമിച്ചു. കുട്ടിയുടെ ആശുപത്രി ചെലവിനുള്ള പണം ടീച്ചര്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹുവാംഗ് രംഗത്തെത്തിയത്.

അതേസമയം ലിയുവിന് വെള്ളപ്പാണ്ട് സ്ഥിരീകരിച്ചതായി സ്‌കൂള്‍ അധികൃതര്‍ സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിനോട് പ്രതികരിച്ചു. വിഷയത്തിലെ പോലീസ് അന്വേഷണത്തോട് തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. കുട്ടിയെ ക്രൂരമായി മര്‍ദിച്ച ടീച്ചര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അതിനായുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും പൊലീസ്‌ പറഞ്ഞു. അതേസമയം കുട്ടിയെ മര്‍ദിച്ച ടീച്ചറിന്റെ പേരും മറ്റ് വിവരങ്ങളും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കുട്ടികള്‍ക്ക് ഇത്തരം കനത്ത ശിക്ഷകള്‍ നല്‍കാന്‍ പാടില്ലെന്ന നിയമം നിലവിലുള്ള രാജ്യമാണ് ചൈന. എന്നാല്‍ നിയമത്തെ കാറ്റില്‍ പറത്തി രാജ്യത്തെ പല സ്‌കൂളുകളിലും അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിക്കുന്നത് പതിവാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

webdesk13: