X
    Categories: keralaNews

അധ്യാപകന്‍ ഒളിവില്‍ തന്നെ; പൊലീസ് അറസ്റ്റ് മനപൂര്‍വ്വം വൈകിപ്പിക്കുന്നു

CPIM FLAG

മലപ്പുറം: നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച മലപ്പുറം സെന്റ് ജെമ്മാസ് അധ്യാപകനും സി.പി.എം നേതാവുമായ കെ.വി.ശശികുമാറിന്റെ അറസ്റ്റ് വൈകുന്നു. മലപ്പുറം വനിതാ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റടക്കമുളള നിയമനടപടികള്‍ മനപൂര്‍വ്വം പൊലീസ് വൈകിപ്പിക്കുകയാണെന്നാണ് ആക്ഷേപം. എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീട്ടിലും ബന്ധുവീട്ടിലും ഇന്നലെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലഭിച്ച പരാതിയില്‍ മൊഴി എടുത്തിട്ടുണ്ട്. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് പറയുന്നത്.

അതിനിടയില്‍ നാണക്കേട് സഹിക്കവെയ്യാതെ ഇയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി പാര്‍ട്ടി മുഖപത്രമായ ‘ദേശാഭിമാനി’ വാര്‍ത്ത പ്രസിദ്ധീകരിച്ചു. കമ്മ്യൂണിറ്റ് മൂല്യങ്ങള്‍ക്ക് നിരക്കാത്ത ആക്ഷേപങ്ങളില്‍ ഉയര്‍ന്നതിനാലാണ് രാജിയെന്ന് വാര്‍ത്തയില്‍ അടിവരയിടുന്നു. എന്നാല്‍ ഇയാള്‍ ഇന്നലെയും പാര്‍ട്ടിയുടെ സംരക്ഷണത്തില്‍ മലപ്പുറത്തു തന്നെയുണ്ടെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യം അടക്കമുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്. സ്‌കൂള്‍ അധികൃതരുടെ മൗനവും വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിവിധ കാലങ്ങളിലായി വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതി സ്‌കൂള്‍ അധികൃതര്‍ അവഗണിച്ചുവെന്നാണ് ആക്ഷേപം. സ്‌കൂള്‍ കോര്‍പ്പറേറ്റ് മനേജ്‌മെന്റിന് ഒരു വിദ്യാര്‍ഥിനി 2019ല്‍ നല്‍കിയ പരാതി പുറത്തായിട്ടുണ്ട്.

പാര്‍ട്ടി തണലിലെ പീഡനം:
അണികള്‍ക്കിടയില്‍
വ്യാപക പ്രതിഷേധം

മലപ്പുറം: 30 വര്‍ഷത്തോളം മലപ്പുറം സെ.ജെമ്മാസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകനായ കെ.വി. ശശികുമാര്‍ തന്റെ കാമകേളി നടത്തിയത് പാര്‍ട്ടി സംരക്ഷണയില്‍. പല തവണ സി.പി.എമ്മിനു മുന്നില്‍ പരാതിയെത്തിയിരുന്നുവെങ്കില്‍ പാര്‍ട്ടി ചെവികൊടുത്തില്ലെന്നാണ് ആക്ഷേപം. മാത്രവുമല്ല അദ്ദേഹത്തിന് നഗരസഭയിലേക്ക് മത്സരിക്കാന്‍ മൂന്നു തവണ അവസരം നല്‍കി ആദരിക്കുകയാണ് ചെയ്തത്. ഇയാള്‍ക്കെതിരെ വന്ന ഒരു പൊലീസ് കേസ് പോലും പാര്‍ട്ടി ഇടപെട്ട് ഒതുക്കി എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ തന്നെ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. സി.പി.എം പ്രവര്‍ത്തകരുടെ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെല്ലാം ഗുരുതര ആരോപണങ്ങളാണ് പാര്‍ട്ടിക്കെതിരെ ഉയരുന്നത്.

അതിനിടയില്‍ ശശികുമാറിനെതിരെ വിവിധ കാലങ്ങളില്‍ വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതികള്‍ പുറത്തു വന്നിട്ടുണ്ട്. അതെല്ലാം പ്രാദേശിക നേതൃത്വം ഇടപെട്ട് മുക്കുകയായിരുന്നുവെന്നാണ് പരാതിക്കാരും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ചവരും പറയുന്നത്. സ്‌കൂള്‍ മാനേജ്‌മെന്റിനേയും പാര്‍ട്ടി സ്വാധീനിച്ചു. പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യയുടെ വക്കിലെത്തിയ സമയത്തും പാര്‍ട്ടി ഈ വിഷയം ചര്‍ച്ചക്കെടുത്തതാണ്. തീവ്രത പോരെന്ന് പറഞ്ഞ് അന്നു പാര്‍ട്ടി ആ പരാതിയും മുക്കി. ഒരു വിദ്യാര്‍ഥിനിയെ ക്രൂരപീഡനത്തിനിരയാക്കുകയും പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചികിത്സിച്ച ഡോക്ടറെ സ്വാധീനിച്ച് കേസൊതുക്കിയതിലും സി.പി.എമ്മിന്റെ പങ്ക് വ്യക്തമാണ്.

Chandrika Web: