ചെന്നൈ: പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പേരിൽ നേരിയ മാറ്റം വരുത്താനൊരുങ്ങി നടൻ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം.
പേരുമാറ്റത്തിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണു വിവരം. കമ്മീഷന്റെ അനുമതി ലഭിച്ചാൽ വിജയ് ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചേക്കും. തമിഴ്നാടിന്റെ വിജയത്തിനായി പാർട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അർഥമാക്കുന്നത്.
തമിഴക വെട്രി കഴകം എന്ന പേരിനെതിരെ തമിഴക വാഴ്‌വുരുമൈ കക്ഷി സ്ഥാപകൻ വേൽമുരുകൻ രംഗത്തെത്തിയിരുന്നു. ഇരുപാർട്ടികളുടെയും ചുരുക്കപ്പേര് ടിവികെ എന്നായതിനാൽ ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് ആദ്യ പോരാട്ടത്തിനിറങ്ങും. നിലവിലുള്ള സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയവും പാർട്ടിക്കു വേണ്ടി പ്രവർത്തിക്കുമെന്നാണ് വിജയ് പറഞ്ഞത്.