1957നും 1967നും ഇടയില്‍ തഞ്ചാവൂരിലെ അതിപുരാതന ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ കോടികൾ വിലമതിക്കുന്ന വിഗ്രഹം ലണ്ടനിലെ മ്യൂസിയത്തിൽ നിന്ന് തിരികെയെത്തിക്കാനുള്ള സിഐഡി ദൗത്യം വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്.
വിഗ്രഹമോഷണം അന്വേഷിക്കുന്ന സിഐഡി പ്രത്യേക വിഭാഗത്തിന്റെ മികവറ്റ പ്രവർത്തനമാണ് ദൗത്യം വിജയത്തിലേക്ക് എത്തിച്ചത്. വിഗ്രഹം വിട്ടുനൽകാനുള്ള സമ്മതം ലണ്ടൻ ഓകസ്ഫഡ് സർവകലാശാലയിലെ ആഷ്മോളിയൻ മ്യൂസിയം അധികൃതർ തമിഴ്നാട് പൊലീസിനെ അറിയിച്ചു.
വിഗ്രഹം ഇന്ത്യയിലക്ക് തിരികെ എത്തിക്കുന്നതിനുള്ള ചെലവും വഹിക്കാമെന്ന് മ്യൂസിയം അധികൃതർ അറിയിച്ചിട്ടുണ്ട്. വിഗ്രഹം ആരാധനക്കായി തിരികെ എത്തിക്കുന്നത് ശരിയായ ചുവടുവയ്പ്പാണെന്നും അധികൃതർ വ്യക്തമാക്കി. ഒരുമാസത്തിനുള്ളിൽ വിഗ്രഹം തിരികെ കൊണ്ടുവരുന്നതിനുള്ള നടപടികളാരംഭിക്കും.
വിഗ്രഹം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാണെന്ന് തെളിവുസഹിതം അധികൃതരെ ബോധ്യപ്പെടുത്താൻ സാധിച്ച സിഐഡി വിഭാഗത്തെ ഡിജിപി ശങ്കർ ജിവാൾ അഭിനന്ദിച്ചു. വിഗ്രഹത്തിന്റെ അവകാശം തെളിയിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥനായ ഡിഎസ്പി പി ചന്ദ്രശേഖരനാണ് മ്യൂസിയം അധികൃതർക്ക് കൈമാറിയത്. രേഖകൾ പരിശോധിച്ച യൂണിവേഴ്സിറ്റി അധികൃതർ ഈ വിഗ്രഹം തഞ്ചാവൂരിലെ ശ്രീ സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
1957നും 1967നും ഇടയിൽ കുംഭകോണം സൗന്ദരരാജ പെരുമാൾ ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ നാല് വിഗ്രഹങ്ങളിലൊന്നാണ് തിരുമങ്കൈ ആൾവാറിന്റേത്. ഏകദേശം 500 വർഷം പഴക്കമുള്ള വിഗ്രഹമാണിത്. ഇതിനൊപ്പം കലിംഗ നർത്ത കൃഷ്ണ, വിഷ്ണു, ശ്രീദേവി എന്നിവരുടെ വിഗ്രഹങ്ങളും മോഷണം പോയിരുന്നു.
ഇവ ഇപ്പോൾ അമേരിക്കയിലെ മ്യൂസിയങ്ങളിലാണുള്ളതെന്നും അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇവ തിരിച്ചെത്തിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. അജ്ഞാതരായ വിഗ്രഹ കടത്തുകാരാണ് ഇവ മോഷണം നടത്തി വിദേശത്തേക്ക് കടത്തിയത്. കൃത്യമായ അന്വേഷണത്തിലൂടെ നാലു വിഗ്രഹങ്ങളും എവിടെയുണ്ടെന്ന് പൊലീസ് അധികൃതർ കണ്ടെത്തുകയായിരുന്നു.