ദുബായ്: കുട്ടി ക്രിക്കറ്റിലെ പുതിയ ചാമ്പ്യന്മാരെ നാളെയറിയാം. ഇന്ത്യയെയും പാക്കിസ്താനെയുമെല്ലാമാണ് മണലാരണ്യത്തിലെ ആരാധകര്‍ കലാശപ്പോരാട്ടത്തില്‍ പ്രതീക്ഷിച്ചെങ്കില്‍ ആരുടെയും കണക്ക്കൂട്ടലുകളില്‍ വരാത്ത ഓഷ്യാന അയല്‍ക്കാരാണ് മുഖാമുഖം. ചാമ്പ്യന്‍ഷിപ്പിലുടനീളം അതിഗംഭീരമായി കളിച്ച പാക്കിസ്താനെ അഞ്ച് വിക്കറ്റിന് മലര്‍ത്തിയടിച്ച ഊര്‍ജ്ജത്തിലാണ് ഓസ്‌ട്രേലിയയെങ്കില്‍ കിവീസ് അതിലും വലിയ വിജയം ഇംഗ്ലണ്ടിനെതിരെ സ്വന്തമാക്കിയവരാണ്. സെമിയില്‍ താരങ്ങളായത് അധികമാരുമറിയാത്തവരാണ്. മാത്യു വെയിഡ് എന്ന ഓസീസ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സൂപ്പര്‍ താരമാണെങ്കില്‍ ജിമ്മി നിഷം എന്ന ന്യൂസിലാന്‍ഡുകാരനും ഡാരല്‍ മിച്ചല്‍ എന്ന ഓപ്പണറും സാമുഹ്യ മാധ്യമ ലോകത്ത് നിറഞ്ഞ് നില്‍ക്കുന്നു. ന്യൂസിലാന്‍ഡും ഓസ്‌ട്രേലിയക്കാരും ലോക ക്രിക്കറ്റിലെ പരമ്പരാഗത വൈരികളാണ്. പരസ്പര പോരാട്ടങ്ങളില്‍ ഓസ്‌ട്രേലിയക്കാര്‍ക്കാണ് മുന്‍ത്തൂക്കമെങ്കിലും ന്യൂസിലാന്‍ഡ് എന്നും വെല്ലുവിളി ഉയര്‍ത്താറുണ്ട്. രണ്ട് ടീമുകളും യു.എ.ഇയില്‍ എത്തിയതിന് ശേഷം ഒരു മല്‍സരത്തില്‍ മാത്രമാണ് തോറ്റത്. ന്യൂസിലാന്‍ഡ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്താനോട് തോറ്റപ്പോള്‍ ഇംഗ്ലണ്ടിനോടായിരുന്നു ഓസീസ് തോല്‍വി.
സെമി ഫൈനല്‍ മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ആര്‍ക്കും മുന്‍ത്തൂക്കം പ്രവചിക്കാന്‍ കഴിയാത്ത രിതീയിലാണ് സാഹചര്യങ്ങള്‍. ന്യൂസലാന്‍ഡിനെതിരെ ഇംഗ്ലണ്ട് ആധിപത്യം നേടിയപ്പോല്‍ അവസാനത്തിലാണ് മല്‍സരഫലം മാറിയത്. ഓസ്‌ട്രേലിയക്കെതിരെ പാകിസ്താനായിരുന്നു ആദ്യാവസാനം മുന്‍ത്തൂക്കം. പക്ഷേ ഒരു ഓവറില്‍ മാത്യു വെയിഡ് നടത്തിയ വെടിക്കെട്ടില്‍ കാര്യങ്ങള്‍ മാറി. ദുബായില്‍ തന്നെയാണ് മല്‍സരം പ്രാഥമിക ഘട്ടത്തില്‍ ദുബായ് സാഹചര്യങ്ങളെ സ്പിന്നര്‍മാര്‍ പ്രയോജനപ്പെടുത്തിയിരുന്നു. പക്ഷേ പാക്-ഓസീസ് സെമിയില്‍ ഷദാബ് ഖാന്‍ നാല് വിക്കറ്റ് നേടിയപ്പോഴും റണ്ണൊഴുക്ക് തടയാന്‍ സ്പിന്നര്‍മാര്‍ക്കുമായിരുന്നില്ല. കിവീസ് സ്ട്രാറ്റജിയാണ് സെമിയില്‍ ഓസ്‌ട്രേലിയക്കും മാതൃകയായത്. ഇംഗ്ലണ്ടിനെതിരെ തുടക്കത്തില്‍ തന്നെ മാര്‍ട്ടിന്‍ ഗപ്ടില്‍, കെയിന്‍ വില്ല്യംസണ്‍ എന്നിവരെ നഷ്ടമാപ്പോള്‍ ഡാരല്‍ മിച്ചല്‍, കോണ്‍വേ എന്നിവര്‍ ചേര്‍ന്ന് പ്രതിരോധം തീര്‍ത്തു. അവസാനത്തിലായിരുന്നു വെടിക്കെട്ട് നടത്തിയത്. ഇതേ രീതിയില്‍ തന്നെയായിരുന്നു ഓസീസും. അരോണ്‍ ഫിഞ്ച്, സ്റ്റീവന്‍ സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം വേഗത്തില്‍ മടങ്ങിയപ്പോള്‍ ഡേവിഡ് വാര്‍ണര്‍ പവര്‍ പ്ലേ ഘട്ടത്തില്‍ മാത്രമാണ് പൊട്ടിത്തറിച്ചത്. എന്നാല്‍ അന്തിമ ഘട്ടത്തിലേക്ക് വന്നപ്പോള്‍ മാത്യു വെയിഡും മാര്‍ക്കസ് സ്‌റ്റോനിസും ഗംഭീര ബാറ്റിംഗ് നടത്തി. പവര്‍പ്ലേ ഘട്ടം തന്നെയാണ് പ്രധാനം. നല്ല തുടക്കം കിട്ടിയാല്‍ അത് പ്രയോജനപ്പെടുത്താനാവും. രണ്ട് സംഘത്തിലും ബാറ്റര്‍മാര്‍ ശക്തരാണ്. എല്ലാവരും ആക്രമിച്ച് കളിക്കാന്‍ പ്രാപ്തരാണ്. അതിനാല്‍ ഒരു സ്‌ക്കോറും ഭദ്രമല്ല.