രാജ്യദ്രോഹ നിയമം മരവിപ്പിച്ച സുപ്രിം കോടതി വിധി ആരെയും അകത്തിടാമെന്ന ഭരണകൂട ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു. സമീപ കാലത്ത് തന്നെ ഏറ്റവും സന്തോഷിപ്പിച്ച വിധിയാണെന്നും ഇതിനെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വളരെയേറെ ദുരുപയോഗം ചെയ്ത ഒരു നിയമമാണിത്. എത്രയോ ആളുകളുടെ പേരില്‍ രാജ്യദ്രോഹ കുറ്റവും, യു എ. പി.എ പോലുള്ള കരി നിയമങ്ങളും ചുമത്തിയിരിക്കുകയാണ്. സര്‍ക്കാരുകളുടെ ഈ കടന്നുകയറ്റം ഭൂരിഭാഗവും മുസ്ലിം, ദളിത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെയായിരുന്നു. സി എ.എ സമരങ്ങളിലും കര്‍ഷക സമരങ്ങളിലും പങ്കെടുത്തവര്‍ക്കെതിരെയും ഇത്തരത്തില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തിയെന്ന് ഇ.ടി പറഞ്ഞു.
നിയമത്തിന്റെ ദുരുപയോഗം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ നിയമം റദ്ദാക്കണമെന്ന് ഞാനടക്കമുള്ളവര്‍ നിരന്തരം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഇത്തരം കേസുകള്‍ പരിശോധിക്കാന്‍ പ്രത്യേകമായി സംവിധാനം വേണമെന്നും പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നത് സുപ്രിം കോടതി അംഗീകരിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും എംപി പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ കാലഹരണപ്പെട്ട ഈ നിയമം ഭരണകൂടങ്ങള്‍ അവരുടെ വിമര്‍ശകര്‍ക്ക് നേരെയും മറ്റും നിരന്തരമായി ഉപയോഗിച്ചു വരികയായിരുന്നു. പതിമൂവായിരത്തില്‍ പരം രാജ്യദ്രോഹ കേസുകളാണ് നിലവില്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അവര്‍ക്കെല്ലാം ഈ വിധി ആശ്വാസകമാകും. ഇതോടൊപ്പം തന്നെ യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങളും എത്രയും വേഗത്തില്‍ റദ്ദാക്കപ്പെടേണ്ടതാണെന്നും ഇ.ടി പറഞ്ഞു.