മണിപ്പൂര്‍ വിഷയം ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് സോമി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മണിപ്പൂര്‍ സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജിയാണ് പരിഗണിക്കുക.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ അടിയന്തരമായി നടപടിയെടുക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം. നടപടിയെടുക്കാന്‍ സര്‍ക്കാരിന് കുറച്ച് സമയം കൊടുക്കുകയാണെന്നും, ഇല്ലെങ്കില്‍ കോടതി നേരിട്ട് ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി റോഡിലൂടെ നടത്തുകയും ലൈംഗികാതിക്രമത്തിനിരയാക്കുകയും ചെയ്ത വീഡിയോ കണ്ട് അസ്വസ്ഥരാണെന്ന് പറഞ്ഞ കോടതി സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ഭരണഘടനയുടെ ദയനീയ പരാജയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഡി.വൈ ചന്ദചൂഡ് പറഞ്ഞു.
സംഭവത്തില്‍, വീഡിയോ തെളിവാക്കി സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഞങ്ങള്‍ സര്‍ക്കാരിന് കുറച്ച് സമയം നല്‍കും, ഈ കാര്യത്തില്‍ അവര്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നടപടിയെടുക്കും. സര്‍ക്കാര്‍ കാര്യമായി ഇടപെടുകയും നടപടിയെടുക്കുകയും ചെയ്യേണ്ട സമയമാണ് ഇത്, ഭരണഘടനാപരമായി ഇത് അസ്വീകാര്യമാണ്- ചന്ദ്രചൂഡ് പറഞ്ഞു. സാമുദായിക സംഘര്‍ഷത്തിന് സ്ത്രീകളെ ഉപകരണമാക്കുകയാണെന്നും ഇത് ഏറ്റവും വലിയ ഭരണഘടനാ ദുരുപയോഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റവാളികള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടി കോടതിയെ അറിയിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.ജൂലൈ 28 ന് വിഷയം വീണ്ടും പരിഗണിക്കും. രണ്ട് മാസത്തിലേറെയായി വംശീയ കലാപത്തിന്റെ ദുരനുഭവങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന മണിപ്പൂരില്‍ നിന്ന് നടുക്കുന്ന അതിക്രൂരമായ ദൃശ്യങ്ങളാണ് ബുധനാഴ്ച പുറത്തുവന്നത്.