ന്യൂഡല്‍ഹി: സ്വകാര്യ വാര്‍ത്താ ചാനലായ മീഡിയ വണ്ണിന്റെ സംപ്രേഷണ വിലക്കിനെതിരെ ചാനലിന്റെ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്ര പ്രവര്‍ത്തക യൂണിയനും സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. സംപ്രേഷണ വിലക്കിനെതിരെ മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് പുതിയ രണ്ട് ഹര്‍ജികള്‍ കൂടി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.
മീഡിയ വണ്‍ ചാനല്‍ ഉടമകളോ 320-ല്‍ അധികംവ രുന്ന ജീവനക്കാരോ ഒരു ഘട്ടത്തിലും രാജ്യ വിരുദ്ധ പ്രവര്‍ത്തത്തനില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് എഡിറ്റര്‍ പ്രമോദ് രാമനും ചാനലിലെ മറ്റ് മുതിര്‍ന്ന രണ്ട് ജീവനക്കാരും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകളില്‍ മീഡിയ വണ്ണിന് എതിരായ ആരോപണം എന്താണെന്ന് അറിയില്ല. അതിനാല്‍ തന്നെ ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ അവസരം ലഭിച്ചിട്ടില്ല. രാജ്യത്തിന്റെ ജുഡീഷ്യല്‍ വ്യവസ്ഥയുടെ അടിസ്ഥാനമായ സുതാര്യതക്ക് എതിരായ നടപടികളാണ് ഉണ്ടായതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഞ്ച് തവണയെങ്കിലും ചട്ടലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ ലൈസെന്‍സ് പുതുക്കി നല്‍കാതിരിക്കാന്‍ സര്‍ക്കാരിന് കഴിയുകയുള്ളു. എന്നാല്‍ ഈ കാലയളവില്‍ മീഡിയ വണ്ണിന് എതിരേ ചട്ടലംഘനത്തിന് ഒരു പരാതി പോലും ഉണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ നടപടി അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം എന്നിവ തകിടം മറിക്കുന്നതാണ്. ഏകപക്ഷീയമായ ഇത്തരം നടപടികള്‍ അധികാരത്തില്‍ ഇരിക്കുന്ന സര്‍ക്കാരുകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഏകാത്മകമായ മാധ്യമ സമൂഹത്തെയാകും സൃഷ്ടിക്കുകയെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
നിലവില്‍ മീഡിയ വണ്ണിലെ 320-ല്‍ അധികം ജീവനക്കാര്‍ കാര്യമായ ജോലിയില്ലാതെ ഇരിക്കുകയാണെന്നും ചാനല്‍ എഡിറ്ററും മുതിര്‍ന്ന മറ്റ് രണ്ട് ജീവനക്കാരും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. എഡിറ്റര്‍ പ്രമോദ് രാമന് പുറമെ ചാനലിന്റെ സീനിയര്‍ വെബ് ഡിസൈനര്‍ ഷറഫുദീന്‍ കെ.പി, സീനിയര്‍ ക്യാമറ മാന്‍ ബിജു കെ.കെ എന്നിവരാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ആരോപണങ്ങള്‍ക്കുള്ള മറുപടി കേള്‍ക്കാതെ സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തി മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 320 ഓളം ജീവനക്കാരുടെ തൊഴില്‍ നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു. ഇത് മാധ്യമ സ്വാന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ യൂണിയന്‍ ആരോപിക്കുന്നു.
ചാനല്‍ ഉടമകളെയും ജീവനക്കാരെയും കേള്‍ക്കാതെ ചാനല്‍ അടച്ചുപൂട്ടിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഹര്‍ജിയില്‍ വിശദീകരിച്ചിട്ടുണ്ട്. ഭരണഘടനാപമായ ചോദ്യം ഉയരുന്ന വിഷയത്തില്‍ സര്‍ക്കാരിന്റെ ഫയലുകള്‍ മാത്രം കണക്കിലെടുത്ത് തീരുമാനമെടുത്ത ഹൈക്കോടതി നടപടി തെറ്റാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.കെ.യു.ഡബ്ല്യു.ജെക്ക് വേണ്ടി ജനറല്‍ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.