സംഭല്‍ മസ്ജിദുമായി ബന്ധപ്പെട്ട സര്‍വെയില്‍ തുടര്‍നടപടികള്‍ തടഞ്ഞ് സുപ്രിം കോടതി. സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ നടപടി എടുക്കരുതെന്നും സുപ്രിം കോടതി സൂചിപ്പിച്ചു. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു.
സംഭല്‍ ജമാ മസ്ജിദില്‍ സര്‍വേയ്ക്ക് അനുമതി നല്‍കിയ സിവില്‍ കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. സര്‍വേ സ്റ്റേ ചെയ്യാന്‍ മസ്ജിദ് കമ്മിറ്റിയുടെ ആവശ്യപ്പെട്ടിരുന്നു. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ എല്ലാ വിഭാഗത്തെയും കേള്‍ക്കാതെ സര്‍വേയ്ക്ക് ഉത്തരവിടരുതെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ടവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാന്‍ മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്‍ പറയുന്നു.
മുഗള്‍ കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭാലിലെ ശാഹി ജമാമസ്ജിദ്. മുന്‍പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്‍ത്താണു പള്ളി നിര്‍മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്‍ ജില്ലാസെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.
അഭിഭാഷകനായ ഹരിശങ്കര്‍ ജെയിന്‍ ഉള്‍പ്പെടെ 8 പേരാണു പരാതിക്കാര്‍. ഇവര്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്‍ 19ന് സംഭല്‍ കോടതി എഎസ്ഐ സര്‍വേയ്ക്ക അനുമതി നല്‍കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ സര്‍വേ നടത്താനായിരുന്നു നിര്‍ദേശം.