ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഹൈക്കോടതി മേല്‍നോട്ടം തുടരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ കേസെടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹരജികളില്‍ സുപ്രിംകോടതി തിങ്കളാഴ്ച വിധി പറയും. കേസില്‍ മൊഴി നല്‍കാന്‍ അന്വേഷണസംഘം നിര്‍ബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി നല്‍കിയ ഹരജിയില്‍ കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. നടപടിക്രമങ്ങളുടെ പേരില്‍ ആളുകളെ ബുദ്ധിമുട്ടിക്കരുതെന്നും സുപ്രിംകോടതി പറഞ്ഞു.
അന്വേഷണത്തെ എതിര്‍ത്ത് ഹരജി നല്‍കിയ നിര്‍മാതാവ് സജിമോന്‍ പറയിലിനോട് എന്തിനാണ് അന്വേഷണത്തെ എതിര്‍ക്കുന്നതെന്ന് കോടതി ചോദിച്ചു. സിനിമാ നിര്‍മാതാവായ തനിക്കെതിരെ പോലും ഈ മൊഴികള്‍ ഉപയോഗിക്കാനാവുമെന്ന് സജിമോന്‍ വാദിച്ചെങ്കിലും ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള അന്വേഷണം റദ്ദാക്കുന്നതിനെ സംസ്ഥാന സര്‍ക്കാരും വനിതാ കമ്മീഷനും ശക്തമായി എതിര്‍ത്തു.