ന്യൂഡല്‍ഹി; അപകടത്തില്‍ കാലു നഷ്ടപ്പെട്ട പെണ്‍കുട്ടിക്ക് 53ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി. കര്‍ണാടകയിലെ ബല്ലാരി കുടിത്തിനി സ്വദേശിനി രൂപ എന്ന പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. പത്തുവര്‍ഷം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം.
അന്ന് ആറു വയസ്സായിരുന്നു രൂപക്ക് പ്രായം. മാതാപിതാക്കള്‍ക്കൊപ്പം ബസ് കാത്തു നില്‍ക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ടെത്തിയ ലോറി രൂപ തട്ടിവീഴ്ത്തിയതും കാലിനു മുകളിലൂടെ ചക്രം കയറിയിറങ്ങിയതും. പൂര്‍ണമായും ചതഞ്ഞരഞ്ഞ കാല്‍ പിന്നീട് മുറിച്ചു മാറ്റേണ്ടി വന്നു. മോട്ടോര്‍ ആക്‌സിഡന്റ് ട്രൈബ്യൂണലില്‍ നടന്ന കേസില്‍ രൂപക്ക് 13,65,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായിരുന്നു. ഇതിനെതിരെ ഇന്‍ഷൂറന്‍സ് കമ്പനി നല്‍കിയ ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതി നഷ്ടപരിഹാരത്തുക 8,09,000 രൂപയായി കുറച്ചു.
ഇതിനെതിരെ അഭിഭാഷകന്‍ മുഖേന പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രംനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ സുപ്രധാന ഇടപെടല്‍.അപകടമുണ്ടാക്കിയ ആഘാതം ലഘൂകരിച്ചു കാണാനാകില്ലെന്ന് കോടതി പറഞ്ഞു. പരാശ്രമയില്ലാതെ ജീവിക്കാനുള്ള അവകാശമാണ് അപകടം നഷ്ടപ്പെടുത്തിയത്. കാല്‍ നഷ്ടപ്പെട്ടതിലൂടെ ജീവിതം, വിഹാഹം, ജോലി തുടങ്ങിയ സ്വപ്‌നങ്ങളെല്ലാം തകര്‍ക്കപ്പെട്ടുവെന്നും കോടതി പറഞ്ഞു.