X

മുസ്‌ലിം വിദ്യാര്‍ഥിയെ അധ്യാപിക തല്ലിച്ച കേസില്‍ യോഗി സര്‍ക്കാറിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ അധ്യാപിക മുസ് ലിം വിദ്യാര്‍ഥിയെ ഹിന്ദു സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അലംഭാവത്തെ സുപ്രീംകോടതി വീണ്ടും രൂക്ഷമായി വിമര്‍ശിച്ചു. യു.പി പൊലീസ് തല്‍സ്ഥിതി റിപ്പോര്‍ട്ടും യു.പി വിദ്യാഭ്യാസ വകുപ്പ് സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ തയാറാകാത്തതില്‍ കോടതി നീരസം പ്രകടിപ്പിച്ചു.

കുട്ടി കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് വന്നില്ലെന്ന ന്യായം പറഞ്ഞ് കൗണ്‍സലിങ് നല്‍കാത്തതും ജസ്റ്റിസ് അഭയ് എസ്, ഓക അധ്യക്ഷനായ ബെഞ്ചിനെ പ്രകോപിപ്പിച്ചു. തങ്ങള്‍ക്കു എതിരായത് എന്ന നിലയില്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യേണ്ട കേസല്ല ഇതെന്ന് സുപ്രീംകോടതി ഓര്‍മിപ്പിച്ചു. ആഘാതത്തിലായ ആ കുട്ടി കൗണ്‍സലിങ് കേന്ദ്രത്തിലേക്ക് വരുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചു.

മൂന്ന് സര്‍ക്കാര്‍ സെക്രട്ടറിമാര്‍ അടങ്ങുന്ന സമിതിയെ കൗണ്‍സലിങ്ങിന് ഏല്പിച്ചുവെന്ന അഭിഭാഷകന്റെ മറുപടിയിലും കോടതി അമര്‍ഷം പ്രകടിപ്പിച്ചു. ശിശുക്ഷേമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിംഹാന്‍സ്, ടിസ് തുടങ്ങിയ ഏതെങ്കിലും സ്ഥാപനത്തെ കൗണ്‍സലിങ് ചുമതല ഏല്പിക്കണമെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു

 

webdesk13: